അയിത്തമാണത്രേ ഇപ്പോഴും..!
ബദിയഡുക്ക: ദലിതര്‍ക്ക് സ്വകാര്യ വ്യക്തി കല്‍പ്പിച്ച അയിത്തത്തെ തുടര്‍ന്ന് 78 ദലിത് കുടുംബങ്ങള്‍ക്ക് വഴിയടഞ്ഞു. നടന്ന് പോകുവാനോ രോഗം വന്ന് കിടപ്പിലായാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാനോ വാഹനം കടന്ന് വരാനുള്ള സഞ്ചാരയോഗ്യമായ റോഡില്ലാതെ 70 വര്‍ഷമായി ഈ കുടുംബങ്ങള്‍ ദുരിതം തിന്നുന്നു.
കാസര്‍കോട് ജില്ലയിലെ ബെള്ളൂര്‍ പഞ്ചായത്തിലെ പട്ടികജാതി കോളനി ഉള്‍പ്പെടുന്ന പൊസോളിഗെയിലെ 78 കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഇന്നും സഞ്ചാരയോഗ്യമായ റോഡില്ല. റോഡ് നിര്‍മിക്കാമെന്ന് വച്ചാല്‍ തന്നെ ഇവിടുത്തെ ഒരു വ്യക്തിയുടെ കുടുംബം സമ്മതിക്കുന്നുമില്ല. എല്ലാത്തിനും അയിത്തം കല്‍പ്പിക്കുന്ന ഇയാള്‍ താഴ്ന്ന ജാതിക്കാര്‍ തന്റെ വീടിന്റെ സമീപത്തോടെ നടക്കാനും അനുവദിക്കാറില്ലെന്ന് ആരോപണമുണ്ട്.
കിടപ്പിലായ രോഗികളെ ഒന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കടന്നുവരുന്നതിനും വ്യക്തി തടസം നില്‍ക്കുന്നതായും പരാതിയുണ്ട്. പൊസോളിഗെ പട്ടികജാതി കോളനിയിലേക്ക് എത്തിപ്പെടെണമെങ്കില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ നീങ്ങണം. എന്നാല്‍ തന്റെ സ്ഥലത്തിലൂടെ കടക്കാന്‍ ഇദ്ദേഹം ആരേയും അനുവദിക്കാറില്ല. അതുകൊണ്ട് തന്നെ ഇവിടുത്തെ ജനങ്ങള്‍ക്ക് റോഡും നല്ലൊരു നടവഴിയും ഇന്നും സ്വപ്നം മാത്രമാണ്.
നിലവില്‍ വാഹനസഞ്ചാര യോഗ്യമല്ലാത്ത ഒരു ചെറിയ റോഡുഉണ്ടെങ്കിലും അതിന്റെ അറ്റകുറ്റപ്പണി നടത്താനും ഇയാള്‍ ഇന്നും തടസം നില്‍ക്കുകയാണന്ന് കോളനി നിവാസികള്‍ പരാതിപ്പെടുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ഇതേ കോളനിയില്‍ പാമ്പ് കടിയേറ്റ് ചികിത്സ ലഭിക്കാതെ 28കാരനായ യുവാവ് മരിച്ച സംഭവം ഉണ്ടായിരുന്നു. ഒരുപക്ഷെ വാഹന സൗകര്യമുണ്ടായിരുന്നുവെങ്കില്‍ ആശുപത്രിയില്‍ എത്തിച്ച് യുവാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കോളനി നിവാസികള്‍ പറയുന്നു. ഇത്തരത്തിലുള്ള പല സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ സീതു (66)നെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് എത്തിക്കാന്‍ കഴിയാതെ സമീപത്തെ ഒരു കൂട്ടം യുവാക്കള്‍ അരകിലോമിറ്റര്‍ വരേയുള്ള ദൂരം ചുമന്നാണ് വീട്ടിലെത്തിച്ചത്.
ദലിത് വിഭാഗത്തിന് വേണ്ടി ശബ്ദിക്കുന്നുവെന്ന് അവകാശപ്പെടുന്ന സംഘടനകളൊന്നും ഇവര്‍ക്കൊപ്പമില്ല. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന ഇവിടുത്തെ മനുഷ്യര്‍ക്ക് വേണ്ടത് നടന്ന് പോകാന്‍ നല്ലൊരു വഴിയും സഞ്ചാര യോഗ്യമായ റോഡുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."