വാനനിരീക്ഷകനായ ചെരുപ്പുകുത്തി
പൊന്നാനി: അക്കാദമിക് രംഗത്തെ വിപുലമായ പഠന വഴികളിലൂടെയല്ല എടപ്പാള്‍ വെങ്ങിനിക്കരയില്‍ താമസിക്കുന്ന ചൊവ്വന്നൂര്‍ സുകുമാരന്‍(54) വാന നിരീക്ഷകനായത്. ആസ്‌ട്രോണമിയെന്ന ശാസ്ത്രശാഖയെക്കുറിച്ച് പലരില്‍ നിന്നും പലപ്പോഴായി മനസിലാക്കിയും വായിച്ചും സ്വായത്തമാക്കിയ അറിവുകളാണ് അദ്ദേഹത്തിന് ഈ രംഗത്തുള്ള കൈമുതല്‍. വിപുലമായ വായനയിലൂടെ സ്വയം രൂപപ്പെടുത്തിയെടുത്ത അറിവുകളിലൂടെ ആകാശ വിസ്മയങ്ങളെക്കുറിച്ച് മനസിലാക്കിയ അപൂര്‍വം പ്രതിഭകളിലൊരാളായി മാറിയിരിക്കുകയാണ് ഇന്ന് സുകുമാരന്‍.
എടപ്പാള്‍-പൊന്നാനി റോഡില്‍ ചെരുപ്പുകുത്തിയായി ജോലി ചെയ്യുകയാണ് സുകുമാരന്‍. തന്റെ ചെറിയ കടയില്‍ ഇരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസില്‍ ഇന്നും മനുഷ്യന് പിടിതരാത്ത ആകാശമെന്ന പ്രഹേളികയെക്കുറിച്ചുള്ള എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളുണ്ട്.
കൂടുതല്‍ അറിവുകള്‍ നേടുക എന്നതിനൊപ്പം ആകാശത്തെ വിസ്മയ കാഴ്ചകളും ഗ്രഹങ്ങളുടെ സ്ഥാനവും തുടങ്ങി ഒട്ടേറെ കാര്യങ്ങളിലേക്ക് കണ്ണും കാതും തുറന്നുവച്ചിരിക്കുകയാണ് അദ്ദേഹം.
ആകാശത്തേക്ക് കൗതുകത്തോടെ നോക്കിനിന്നിരുന്ന കുട്ടിക്കാലത്ത് നിന്നും മാറി, അതിനെ പഠന വസ്തുവായി മാറ്റിയപ്പോള്‍ സുകുമാരന്‍ എന്ന ചെരുപ്പുകുത്തി നാട്ടുകാര്‍ക്കിടയില്‍ വാനനിരീക്ഷകനായി മാറി.
ശാസ്ത്ര വിദ്യാര്‍ഥികള്‍ പോലും സംശയനിവാരണത്തിനായി ആദ്യം സമീപിക്കുന്നത് സുകുമാരനെയാണ്. അദ്ദേഹത്തിന്റെ പ്രതിഭ കേട്ടറിഞ്ഞ് ഒരു വര്‍ഷം മുമ്പ് അലി മണിക്ഫാന്‍ സുകുമാരനെ കാണാന്‍ തയ്യാറായെങ്കിലും അന്നത് സ്‌നേഹത്തോടെ നിരസിച്ചു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അലി മണിക്ഫാനും കുടുംബവും സുകുമാരനെ കാണാനെത്തി. മന്ത്രി കെ.ടി ജലീലും സുകുമാരന്റെ ശാസ്ത്രാഭിരുചി തിരിച്ചറിഞ്ഞ് അദ്ദേഹത്തെ കാണാനെത്തിയിരുന്നു.
ചെരുപ്പുകടയില്‍ എത്തിയാല്‍ ജോലിത്തിരക്കിനപ്പുറം സംശയനിവാരണത്തിനായി എത്തുന്നവര്‍ക്ക് മറുപടി നല്‍കുന്നതിന്റെ തിരക്കായിരിക്കും അദ്ദേഹം. രാത്രികള്‍ നക്ഷത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായാണ് അദ്ദേഹം ചെലവഴിക്കുന്നത്. ഇതിനായി സ്വന്തം വീടിന്റെ മേല്‍ക്കൂരയില്‍ ടെലസ്‌കോപ്പും സജ്ജമാക്കിയിട്ടുണ്ട്.
സ്‌കൈ വാച്ച് ആസ്‌ട്രോണമി സ്റ്റഡി സെന്റര്‍ എന്നപേരില്‍ വീട്ടില്‍ പ്രത്യേക പഠനകേന്ദ്രവും അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ വന്നവരും അദ്ദേഹത്തിന് കൂട്ടുണ്ടാകും. ആകാശത്തിന്റെ ഉള്ളറകളെക്കുറിച്ച് സുകുമാരന്‍ കണ്ടതും കേട്ടതും മറ്റുള്ളവര്‍ക്കായി അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കും. വ്യത്യസ്തമായ ഒരു മേഖലയില്‍ തന്റെ ജിജ്ഞാസ കൊണ്ട് നേടിയെടുത്ത അറിവ് മറ്റുള്ളവരുടെ പഠനവഴികളില്‍ പകര്‍ന്നു നല്‍കാനും അവര്‍ക്ക് വഴികാട്ടിയായ ഒരധ്യാപകനാവാനും സുകുമാരനു താല്പര്യമാണ്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ആകെയുള്ളത്. കുട്ടിക്കാലം മുതല്‍ ആകാശ നിരീക്ഷണത്തില്‍ താല്‍പര്യമുണ്ടായിരുന്നു. പിന്നീടുണ്ടായ പ്രയാസങ്ങളില്‍ വാനനിരീക്ഷണ ശാസ്ത്രമെന്നത് മനസില്‍ ഒതുങ്ങിപ്പോയി. ആകാശം ഒരു വിസ്മയമായി മനസില്‍ കൊണ്ടുനടന്നു. സ്വന്തമായി കട തുടങ്ങിയെങ്കിലും മനസില്‍ നിറയെ വര്‍ണവിസ്മയം തീര്‍ത്ത ആകാശക്കാഴ്ചതന്നെയായിരുന്നു ഉണ്ടായിരുന്നത്. മുകളിലേക്ക് നോക്കുമ്പോള്‍ കാണുന്ന ആകാശത്തിന്റെ ഉള്‍ത്തുടിപ്പ് എന്തെന്ന് കണ്ടെത്താന്‍ അദ്ദേഹം ജോലിയേക്കാള്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി.
ഗ്രഹങ്ങളെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം ഗഹനമായി ചിന്തിക്കാന്‍ തുടങ്ങി. വാനനിരീക്ഷകരായ സുരേന്ദ്രന്‍ പുന്നശ്ശേരി, തൃശൂരിലെ ചന്ദ്രമോഹന്‍, കുമരനല്ലൂരിലെ ശശി എന്നിവരെയാണ് അദ്ദേഹം സംശയനിവാരണങ്ങള്‍ക്കായി സമീപിക്കാറുള്ളത്. അവരില്‍നിന്ന് കിട്ടിയതു കൂടാതെ ജ്യോതിശാസ്ത്ര പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിച്ചും അറിവുകള്‍ നേടി.
താന്‍ അന്വേഷിച്ചറിഞ്ഞ കാര്യങ്ങള്‍ വാനനിരീക്ഷകരുമായി ചര്‍ച്ച ചെയ്തു. ആകാശത്തെ വിസ്മയക്കാഴ്ചകളെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളല്ലാതെ സുകുമാരന് മറ്റൊന്നുമുണ്ടായിരുന്നില്ല. ആകാശത്തെക്കുറിച്ച് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സംസാരത്തില്‍ നിറഞ്ഞുനിന്നത്.
ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി സ്‌കൂളുകളില്‍ സുകുമാരന്‍ ശാസ്ത്ര ' അധ്യാപകനായി' ക്ലാസെടുത്തിട്ടുണ്ട് . ഓയിസ്‌ക ഇന്റര്‍ നാഷണലിന്റെ പുരസ്‌കാരവും സുകുമാരനെ തേടിയെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്കുമുന്‍പ് എടപ്പാളില്‍ നടന്ന ചടങ്ങിലാണ് ഓയിസ്‌ക പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിച്ചത്.
സാമ്പത്തിക പ്രയാസത്തിനിടയിലും 30,000ത്തോളം രൂപ ചെലവഴിച്ച് വീടിന് മുകളില്‍ ടെലസ്‌കോപ് സജ്ജമാക്കിയത് അദ്ദേഹത്തിന് ഈ ശാസ്ത്ര ശാഖയോടുള്ള ആവേശം കൊണ്ടുമാത്രമാണ്. വിദ്യാര്‍ഥികള്‍ക്കും വാനനിരീക്ഷണ കുതുകികള്‍ക്കുമായി തയ്യാറാക്കിയ പഠനമുറിയില്‍ രാശിചക്രം, നാളുകള്‍ സംബന്ധിച്ച ചാര്‍ട്ടുകള്‍, മോഡലുകള്‍ തുടങ്ങി അവശ്യംവേണ്ട പഠനസാമഗ്രികള്‍ അദ്ദേഹം ഒരുക്കിവച്ചിട്ടുണ്ട്.
ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു പഠന യാത്രാ കേന്ദ്രമാണ് ഇന്ന് സുകുമാരന്റെ വീട്. ഗ്രഹങ്ങള്‍ സംഗമിക്കുന്ന ദിവസങ്ങളില്‍ സുകുമാരന് തിരക്കാണ്. ആകാശത്തിന്റെ കൗതുകകരമായ കാഴ്ചകാണാന്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ അന്ന് സുകുമാരനെ തേടി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിട്ടുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."