യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു: അമിത ലഹരി ഉപയോഗമെന്ന് സംശയം
മുക്കം(കോഴിക്കോട്): കൊടിയത്തൂര്‍ സ്വദേശിയായ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. വേരന്‍കടവത്ത് വി.കെ.സി മുഹമ്മദിന്റെ മകന്‍ ഡാനിഷ് (26) ആണ് വെള്ളിയാഴ്ച രാത്രിയോടെ മരിച്ചത്. മരണകാരണം അമിത ലഹരി ഉപയോഗം മൂലമെന്നാണ് സംശയം.
അമിതമായി ലഹരി ഉപയോഗിച്ച് അവശനിലയിലായ യുവാവിനെ വൈകിട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചശേഷം മറ്റൊരാളുടെ നമ്പറും നല്‍കി കൂടെയുണ്ടായിരുന്നവര്‍ മുങ്ങുകയായിരുന്നു.
വാഹനാപകടത്തില്‍ പരുക്കേറ്റെന്ന് പറഞ്ഞാണ് ഇവര്‍ ഡാനിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴുമണിയോടെ ഡാനിഷ് മരിക്കുകയും ചെയ്തു.
സംഭവദിവസം വൈകിട്ട് മൂന്നുമണിയോടെയാണ് ഡാനിഷിനെ വീട്ടില്‍നിന്ന് മൂന്നുപേര്‍ വിളിച്ചുകൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന ഒരാളുടെ മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍വച്ചാണ് ഇവര്‍ ലഹരി ഉപയോഗിച്ചതെന്നും സൂചനയുണ്ട്. ബ്രൗണ്‍ഷുഗര്‍ അമിതമായി ഉപയോഗിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഏതുതരം ലഹരിമരുന്നാണ് ഉപയോഗിച്ചതെന്നും എത്ര അളവ് ഉപയോഗിച്ചെന്നും മരണത്തിന്റെ കൃത്യമായ കാരണം എന്താണെന്നും അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒന്നരമാസം മുന്‍പ് വിദേശത്ത് നിന്നെത്തിയ ഡാനിഷ് അയല്‍ക്കാരുമായിട്ടുപോലും ബന്ധം പുലര്‍ത്താറുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയവരെ കുറിച്ച് പൊലിസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ഇവരെ പിടികൂടിയാലെ കൂടുതല്‍ വിവരം അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലിസ് അറിയിച്ചു. ഇയ്യാത്തുമ്മയാണ് ഡാനിഷിന്റെ മാതാവ്. സഹോദരങ്ങള്‍: ഇംതിയാസ് (ദുബൈ), സമീറ, ബാസിന.
സംഭവത്തില്‍ മുക്കം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."