പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള നീക്കത്തിനുപിന്നില്‍ ഗൂഢലക്ഷ്യം: എം.എസ്.എഫ്
കോഴിക്കോട്: സംസ്ഥാനത്തെ നിര്‍ദിഷ്ട പാഠ്യപദ്ധതി പരിഷ്കരണം 2007ലെ വിവാദ കരിക്കുലം ചട്ടക്കൂട് മാതൃകയില്‍ നടപ്പാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനുപിന്നില്‍ ഗൂഢലക്ഷ്യമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജന. സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
2005ല്‍ രൂപീകരിക്കപ്പെട്ട ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ (എന്‍.സി.എഫ്) ചുവടുപിടിച്ച് 2007ലാണ് എം.എ ബേബി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ താല്പര്യങ്ങള് കുത്തിനിറച്ചുള്ള കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) നടപ്പാക്കിയത്. 'മതമില്ലാത്ത ജീവന്' ഉള്‍പ്പെടെ മതവിരുദ്ധ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരേ വിവിധ മത, സാംസ്കാരിക, അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ അന്നത് പിന്‍വലിച്ചതായിരുന്നു. പാഠ്യപദ്ധതിയുടെ മറവില്‍ കമ്മ്യൂണിസവും നിരീശ്വരവാദവും പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."