തെളിവെടുപ്പിനായി സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചു; പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി
കൊല്ലം: അഞ്ചലില്‍ ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതി സൂരജിനെ തെളിവെടുപ്പിന് ഉത്രയുടെ വീട്ടിലെത്തിച്ചു. കരിമൂര്‍ഖനെ കൊണ്ടുവന്ന കുപ്പി വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
സാഹചര്യത്തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തെളിവെടുപ്പിനിടെ ലഭിച്ച കുപ്പി. ഫൊറന്‍സിക് സംഘത്തിന് ഈ കുപ്പി കൈമാറും.
തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങളാണ് ഉത്രയുടെ വീട്ടില്‍ ഉണ്ടായത്. മകളെ കൊന്നയാളെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞു. ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് സൂരജും കരഞ്ഞു പറഞ്ഞു.
ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്റെ കുടുംബവും സംശയനിഴലിലാണ്. ആദ്യം പാമ്പുകടിയേറ്റപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതടക്കമുള്ള ആരോപണങ്ങളാണ് ഉത്രയുടെ കുടുംബം ഇവര്‍ക്കെതിരെ ഉന്നയിക്കുന്നത്. സൂരജിന്റെ കുടുംബത്തിന്റെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും.
മാര്‍ച്ച് 2 ന് രാത്രി എട്ടുമണിയ്ക്കാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേല്‍ക്കുന്നത്. പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും വീട്ടില്‍ വാഹനസൗകര്യം ഉണ്ടായിട്ടും എന്തുകൊണ്ട് ആശുപത്രിയിലെത്തിക്കാന്‍ വൈകി എന്നതിനും കൃത്യമായ ഉത്തരമില്ല.
ഫെബ്രുവരി 29 ന് വീടിന്റെ മുകളിലെ മുറിക്ക് സമീപം പാമ്പുണ്ടായിരുന്നെന്നും സൂരജ് കൈകൊണ്ട് പാമ്പിനെ പിടിച്ചുവെന്നും ഉത്ര വീട്ടുകാരെ അറിയിച്ചിരുന്നു. മെയ് 7 നാണ് രണ്ടാമതും ഉത്രയെ പാമ്പ് കടിച്ചത്. തുടര്‍ച്ചയായ പാമ്പ് കടിയില്‍ സംശയം തോന്നിയതോടെയാണ് ഉത്രയുടെ വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയത്.
ഒന്നാംപ്രതി സൂരജിനെയും കൂട്ടുപ്രതി സുരേഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."