കേരളത്തിൽ നിന്നെത്തിയ സഊദി ആരോഗ്യ മന്ത്രാലയ പ്രവർത്തകർ പുറത്തിറങ്ങിയത് മണിക്കൂറുകൾ കാത്ത് നിന്ന ശേഷം
ദമാം: കേരളത്തിൽ നിന്നെത്തിയ സഊദി ആരോഗ്യ മന്ത്രാലയ പ്രവർത്തകർക്ക് പുറത്തിറങ്ങാനായത് മണിക്കൂറുകൾ കാത്ത് നിന്ന ശേഷം. സാമൂഹ്യ പ്രവർത്തകരുടെയും എംബസി ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്നാണ് ഇവർക്ക് പുറത്തിറങ്ങാനായത്. ഞായറാഴ്ച രാത്രിയാണ് ദമാം കിംഗ് ഫഹദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ സഊദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ 200 ഓളം ജീവനക്കാരിൽ രേഖകൾ ശരിയുള്ള 100 ഓളം പേർ പുറത്തിറങ്ങിയപ്പോൾ വിസ, ഇഖാമ കാലാവധി തീർന്ന ബാക്കിയുള്ളവർക്കാണ് തടസം നേരിട്ടത്.
കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയ സഊദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ജീവനക്കാരെ സഊദി ആരോഗ്യ മന്ത്രാലയം നേരിട്ടാണ് തിരിച്ചെത്തിക്കുന്നത്. നേരത്തെ തന്നെ ആരോഗ്യ മന്ത്രാലയം ഇതിനയായുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ ആദ്യ ബാച്ച് തബൂക്കിൽ വന്നിറങ്ങുകയും ചെയ്‌തിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ദമാമിലെത്തിയവർക്കാണ് വിമാനത്താവളത്തിൽ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നത്. തിരിച്ചെത്തിയവരിൽ റീ എൻട്രി കാലാവധി കഴിഞ്ഞവരും ഇഖാമ കാലാവധി കഴിഞ്ഞവരും ഉണ്ടായിരുന്നു. ഇതേ സമയം, ജീവനക്കാർ ആദ്യ ഘട്ടത്തിൽ തബൂക്കിൽ എത്തിയവരെ ബന്ധപ്പെട്ട് അവർക്ക് യാത്രയൊരു പ്രശ്‌നവും നേരിടേണ്ടി വന്നില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
തുടർന്ന് ജീവനക്കാർ വേൾഡ് മലയാളി ഫോറം പ്രവർത്തകൻ നൗഷാദ് ആലുവ, പ്രവാസി സാംസ്കാരിക വേദി പ്രവർത്തകൻ നിഹ്മതുല്ല എന്നിവരെ ബന്ധപ്പെട്ടതോടെയാണ് പ്രശ്‌നം പുറത്തറിഞ്ഞത്. ഇവർ എംബസി കമ്മ്യുണിറ്റി വെൽഫെയർ സിക്രട്ടറി ഗംഭീർ സിങിനെ വിഷയം അറിയിക്കുകയും നാസ് വക്കം വിമാനത്താവളത്തിലേത്തി എമിഗ്രെഷൻ വിഭാഗവുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരം കാണാൻ ശ്രമം നടത്തുകയും ചെയ്‌തു. ശിഹാബ് കൊട്ടുകാട് ആരോഗ്യ മന്ത്രാലയ അധികൃതരുടെ ശ്രദ്ധയിലും വിഷയം എത്തിച്ചു. രാത്രി തന്നെ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെ ഒടുവിൽ പുലർച്ചെയോടെയാണ് മുഴുവൻ ആരോഗ്യ മന്ത്രാലയ പ്രവർത്തകരെയും പുറത്തെത്തിക്കാൻ സാധിച്ചത്. അർധരാത്രി വിഷയത്തിൽ ഇടപെട്ട അധികൃതരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നടപടി ഏറെ ആശ്വാസം പകർന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
ഇവരെ സ്വീകരിക്കാനായി പതിനഞ്ചോളം ബസുകൾ ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിരുന്നു. പുറത്തിറങ്ങിയ ഇവരെ പ്രത്യേകം സജ്ജീകരിച്ച ഹോട്ടലുകളിലേക്ക് മാറ്റി. ഇവിടെ ക്വറന്റൈൻ സമയം കഴിഞ്ഞതിന് ശേഷമായിരിക്കും ഇവരെ നിശ്ചിത സ്ഥലങ്ങളിലേക്ക് ജോലിക്കായി നിയോഗിക്കുക .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."