കോണ്‍ഗ്രസ് പട്ടിക തീരുമാനമാകാത്തതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി
#കെ. ജംഷാദ്
കോഴിക്കോട്: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച തര്‍ക്കം നീളുന്നതിനു പിന്നില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. രാഹുല്‍ ഗാന്ധിയുടെ പ്ലാന്‍ അനുസരിച്ച് നേരത്തെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനും സ്ഥാനാര്‍ഥി പട്ടികയുടെ രൂപരേഖ കേരളത്തില്‍വച്ചു തന്നെ തയാറാക്കാനും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയെങ്കിലും സംസ്ഥാന നേതാക്കള്‍ ഇതു പാലിച്ചില്ല. ഇത് ഇടതുമുന്നണിക്ക് അനുകൂലമാകും വിധത്തിലേക്ക് മാറിയതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെട്ട് അന്തിമപട്ടിക എത്രയും വേഗം ഇറക്കാനാണ് പദ്ധതി. തര്‍ക്കത്തിലിരിക്കുന്ന നാലു സീറ്റുകളുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ തീരുമാനം എടുക്കട്ടെയെന്ന നിലപാടിലാണ് നേതാക്കള്‍.
കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്ന വിധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയും ചില നേതാക്കള്‍ പങ്കുവയ്ക്കുന്നു. ഫെബ്രുവരി 20ന് തന്നെ കോണ്‍ഗ്രസിന്റെ പട്ടിക പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍ മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റും കേരള കോണ്‍ഗ്രസിന്റെ രണ്ടാംസീറ്റും സംബന്ധിച്ച തര്‍ക്കമാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ബാധിച്ചത്. ഇതു പരിഹരിച്ചതിനു പിന്നാലെയാണ് മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്ത വന്നത്. ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, വി.എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍ എന്നിവര്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. ഇതിനിടെ സി.പി.എം അവരുട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. പിന്നാലെ യു.ഡി.എഫ് ഘടകകക്ഷികളായ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ളവരും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി.
മത്സരിക്കാന്‍ ഇല്ലെന്ന നിലപാടെടുത്ത കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ക്ക് പോലും തെരഞ്ഞെടുപ്പിനെ ഭയമാണെന്ന പ്രതീതി വന്നു. ഒടുവില്‍ കെ.സുധാകരന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകാമെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ മത്സരിക്കാനില്ലെന്നും എ ഗ്രൂപ്പിന് മതിയായ പരിഗണന വേണമെന്നുമുള്ള നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനിന്നു. ഇതിനിടെ കെ.സി വേണുഗോപാലിന്റെ വിശാല ഐ ഗ്രൂപ്പും രണ്ടു സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ച സാഹചര്യം ഉണ്ടായി. വടകരയില്‍ വിദ്യാ ബാലകൃഷ്ണനും വയനാട്ടില്‍ പി.എം നിയാസും. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഇരുവരും പരിഗണിക്കപ്പെടില്ലെന്നാണ് സൂചന.
വയനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മറ്റ് മൂന്നു സീറ്റുകളിലെ തീരുമാനത്തെയും ബാധിക്കുന്നത്.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി. സിദ്ദീഖിനെയാണ് വയനാട്ടില്‍ പരിഗണിക്കുന്നതെങ്കിലും പരമ്പരാഗത ഐ ഗ്രൂപ്പ് മണ്ഡലമായ വയനാട് എ ഗ്രൂപ്പിന് വിട്ടുനല്‍കില്ലെന്ന വാശിയിലാണ് ഐ ഗ്രൂപ്പ്. കോണ്‍ഗ്രസിന്റെ കേരളത്തിലെ സുരക്ഷിത മണ്ഡലമാണ് വയനാട്. എന്നാല്‍ ഉമ്മന്‍ചാണ്ടി സിദ്ദീഖിനുവേണ്ടി സമ്മര്‍ദം ശക്തമാക്കുന്നുണ്ട്. എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ട കെ.വി തോമസിനെ മെരുക്കാന്‍ വയനാട് നല്‍കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്.
സിദ്ദീഖിന് വടകര നല്‍കാന്‍ പാര്‍ട്ടി തയാറാണെങ്കിലും അവിടെ മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുന്നില്ല.
ആര്‍.എം.പി കൂടി വടകരയില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവിടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ കണ്ടെത്തേണ്ടിവരുമെന്നതിനാല്‍ സിദ്ദീഖ് തയാറാകണമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ കേരളത്തില്‍ അഭിപ്രായ സര്‍വേകളില്‍ യു.ഡി.എഫ് ഏറെ മുന്നിലായിരുന്നുവെങ്കിലും ഇപ്പോള്‍ പ്രചാരണ രംഗത്ത് എല്‍.ഡി.എഫ് മേല്‍ക്കോയ്മ നേടുന്നത് യു.ഡി.എഫ് ഘടകകക്ഷികളിലും അതൃപ്തിക്ക് കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."