ഇടുക്കിയുടെ ഭൂമിശാസ്ത്രം കഠിനം; സ്ഥാനാര്‍ഥികള്‍ വിയര്‍ക്കും
#ബാസിത് ഹസന്‍
തൊടുപുഴ: പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിക്കുക എന്നത് ഏതു സ്ഥാനാര്‍ഥിയുടെയും തെരഞ്ഞെടുപ്പുകാല മോഹമായിരിക്കും. പക്ഷെ, ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തരം മോഹവുമായി സ്ഥാനാര്‍ഥി ഇറങ്ങിത്തിരിച്ചാല്‍ വിയര്‍ത്തുപോകും. ഓടിത്തീര്‍ക്കാന്‍ പറ്റാത്തത്ര വലുപ്പമുണ്ട് ഇടുക്കി മണ്ഡലത്തിന്. ഏറെ ദുര്‍ഘടമാണ് ഇടുക്കി മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം.
നാലു ജില്ലകളില്‍ വ്യാപിച്ചുകിടന്ന ഇടുക്കി മണ്ഡലം കഴിഞ്ഞ പുനഃസംഘടനയില്‍ രണ്ടു ജില്ലകളിലേക്ക് ചുരുങ്ങിയിട്ടും വലുപ്പത്തിന്റെ പെരുമ നഷ്ടമായില്ല. മണ്ഡലത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്താന്‍ കേരളത്തിന്റെ ആകെ ദൈര്‍ഘ്യത്തിന്റെ മൂന്നിലൊന്നില്‍ കുറയാതെ സഞ്ചരിക്കേണ്ട അവസ്ഥ മാത്രമല്ല സ്ഥാനാര്‍ഥികളെ കുഴക്കുന്നത്. വലുപ്പത്തെക്കാള്‍ മണ്ഡലത്തിന്റെ ഭൂപ്രകൃതിയാണ് സ്ഥാനാര്‍ഥിള്‍ക്ക് വെല്ലുവിളിയാകുന്നത്. ഉദാഹരണത്തിന് പെരുവന്താനം 35ാം മൈലില്‍നിന്ന് കാന്തല്ലൂരിലെത്താന്‍ ആറു മണിക്കൂര്‍ വേണം. തൊടുപുഴയില്‍നിന്ന് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് അഞ്ചു മണിക്കൂര്‍ യാത്ര മതി.
വട്ടവടയില്‍ എത്തിപ്പെടണമെങ്കില്‍ മൂന്നാറില്‍നിന്ന് 70 കിലോമീറ്റര്‍ ദുര്‍ഘട പാതയിലൂടെ സഞ്ചരിക്കണം. കാടും മലയും ഹൈറേഞ്ചും ലോറേഞ്ചും എല്ലാംകൂടി ചേര്‍ന്നതാണ് ഇടുക്കി മണ്ഡലം. ഇടമലക്കുടി പഞ്ചായത്തില്‍ വോട്ടര്‍മാരെ കാണണമെങ്കില്‍ രണ്ടുദിവസം ചെലവഴിക്കണം. മണിക്കൂറുകളോളം കൊടുംകാട്ടിലൂടെ നടക്കണം. ഇടുക്കി അണക്കെട്ടിലൂടെ ബോട്ട്‌യാത്ര നടത്തിവേണം ചക്കിമലയിലെത്താന്‍.
ഇടുക്കി മണ്ഡലത്തിന്റെ ഒരതിര്‍ത്തിയാണ് കോട്ടയത്തിന്റെ പെരുവന്താനം 35ാം മൈല്‍. തൊടുപുഴയില്‍നിന്ന് നെല്ലാപ്പാറ മറ്റൊരതിര്‍ത്തി. കാന്തല്ലൂരും വട്ടവടയും മറ്റൊരതിര്‍ത്തി. ഉടുമ്പഞ്ചോല ഭാഗത്ത് അതിര്‍ത്തി കമ്പംമെട്ട്. കോതമംഗലവും മൂവാറ്റുപുഴയും എറണാകുളത്തിന് അതിര്‍ത്തി തിരിക്കുന്നു. ഗവി, പച്ചക്കാനം എന്നീ പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖല പത്തനംതിട്ടയ്ക്കുസമീപമാണ്. മണ്ഡലം തമിഴ്‌നാടിനും അതിര്‍ത്തി പങ്കിടുന്നു. ഒരതിര്‍ത്തിയില്‍നിന്ന് മറ്റൊരതിര്‍ത്തിയിലെത്താന്‍ പകല്‍ മുഴുവന്‍ യാത്രചെയ്യേണ്ടത് ഒരു പക്ഷേ, ഇടുക്കിയില്‍ മാത്രമായിരിക്കും. ഇതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ പൊതുസ്ഥിതി.
ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പഞ്ചോല, ഇടുക്കി, പീരുമേട്, തൊടുപുഴ, ഏറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. നിയമസഭാ മണ്ഡലങ്ങള്‍ക്കിടയില്‍ ഓടിയെത്തുന്നതിനുപോലും അഞ്ചു മണിക്കൂറിലധികം സമയംവേണം.
11,76,099 വോട്ടര്‍മാരാണ് നിലവില്‍ മണ്ഡലത്തിലുള്ളത്. 2014 നേക്കാള്‍ 38,435 വോട്ടര്‍മാര്‍ അധികമുണ്ട്. 320 ആദിവാസി കുടികള്‍ മണ്ഡലത്തിലുണ്ട്. ഇടമലക്കുടി പോലെ കടന്നെത്താന്‍ ഏറെ ദുര്‍ഘടമായ കുടികളാണ് ഇതില്‍ പലതും. നടപ്പാതയോ ജീപ്പ് പാതയോ ഇല്ലാത്ത സ്ഥലങ്ങളും നിരവധിയുണ്ട്. ആകെ ബൂത്തുകളുടെ 50 ശതമാനം സ്ഥലത്തും സ്ഥാനാര്‍ഥികള്‍ക്ക് എത്താന്‍ കഴിയാറില്ല. ഇടുക്കി മണ്ഡലത്തില്‍ 20 ശതമാനത്തോളം പട്ടിക ജാതി, വര്‍ഗ വോട്ടര്‍മാരുണ്ട്. 30 ശതമാനം ഈഴവരുണ്ട്. ക്രൈസ്തവ സഭകളില്‍ കത്തോലിക്ക വിഭാഗത്തിനാണ് സ്വാധീനം കൂടുതല്‍. സംസ്ഥാനത്തെ ഏറ്റവുംവലിയ കത്തോലിക്ക രൂപതയായ കോതമംഗലവും ഇടുക്കിയും ഈ മണ്ഡലത്തിലാണ്. മുസ്്‌ലിംകള്‍ 12 ശതമാനമുണ്ട്. തമിഴ് വോട്ടര്‍മാരും നിര്‍ണായകമാണ്. വോട്ടര്‍മാരില്‍ 5,91,171 വനിതകളും 5,84,925 പുരുഷന്‍മാരും മൂന്ന് ഭിന്നലിംഗക്കാരുമുണ്ട്. തൊടുപുഴ നിയമസഭാ മണ്ഡലമാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്നില്‍- 179163. ഇടുക്കി- 177622, മൂവാറ്റുപുഴ-174183, ദേവികുളം-166584, പീരുമേട്-163575, ഉടുമ്പഞ്ചോല-158133, കോതമംഗലം-156839. മൂവാറ്റുപുഴയില്‍ രണ്ടും ദേവികുളത്ത് ഒന്നുമാണ് ഭിന്നലിംഗക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."