ശത്രുഘ്‌നന്‍ സിന്‍ഹക്ക് സീറ്റില്ല; പട്‌ന സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
പട്‌ന: പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ നിരന്തരം ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹക്ക് പാര്‍ട്ടി നേതൃത്വം സീറ്റ് നിഷേധിച്ചു. ബിഹാറിലെ പട്‌നാ സാഹിബില്‍ നിന്നാണ് അദ്ദേഹം ലോക്‌സഭാംഗമായത്. ഇത്തവണ ആ സീറ്റില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം. നിലവില്‍ ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗമാണ് രവിശങ്കര്‍ പ്രസാദ്.
രണ്ട് തവണ രാജ്യസഭാംഗവും രണ്ട് തവണ ലോക്‌സഭാംഗവുമായ ശത്രുഘ്‌നന്‍ സിന്‍ഹ ആരോഗ്യ കുടുംബക്ഷേമം, ഫിഷിങ് വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു.
മോദി അധികാരത്തില്‍ വന്നശേഷം അദ്ദേഹം സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുകയും ബംഗാളില്‍ മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹക്കൊപ്പം പങ്കെടുക്കുകയും ചെയ്തത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
അതേസമയം ബിഹാറില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായും പട്ടിക പരിശോധിക്കുകയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രത്യേക വിലയിരുത്തലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം തനിക്ക് നീറ്റ് നിഷേധിച്ചാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്തെ തന്നെ ശത്രുഘ്‌നന്‍ സിന്‍ഹ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയും അദ്ദേഹം ഇത് ആവര്‍ത്തിച്ചു. പട്‌ന സാഹിബ് സീറ്റ് തന്നെയാണ് തന്റെ ആദ്യത്തേതും അവസാനത്തേതുമായ മണ്ഡലമെന്നും സിന്‍ഹ പറയുന്നു.
അടുത്തിടെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ റാഞ്ചിയിലെ ജയിലില്‍ സന്ദര്‍ശിച്ച ശത്രുഘ്‌നന്‍ സിന്‍ഹ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിനെ ബിഹാറിലെ ബി.ജെ.പി സംസ്ഥാന നേതൃത്വം വിമര്‍ശിച്ചിരുന്നു.
ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ 17 എണ്ണം ജെ.ഡി.യുവിന് വിട്ടുനല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള എല്ലാ കേന്ദ്ര മന്ത്രിമാര്‍ക്കും സീറ്റ് നല്‍കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശത്രുഘ്‌നന്‍ സിന്‍ഹക്ക് പകരം പട്‌ന സാഹിബില്‍ നിന്ന് രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."