മുഖം മൂടിയണിഞ്ഞ കൊലപാതകികള്‍
രണ്ട് ദിവസം മുമ്പാണ് ഉത്തര എന്ന പെണ്‍കുട്ടിയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചതിനെ തുടര്‍ന്ന് ദാരുണമായി മരിച്ച സംഭവമുണ്ടായത്. കേസിലെ പ്രതിയായ ഉത്തരയുടെ ഭര്‍ത്താവിനെ കണ്ടാല്‍ ഇത്രയും മാന്യനും സുമുഖനും ആയ ഒരു വ്യക്തി വേറെയുണ്ടാകുമെന്നു തോന്നില്ല. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇയാളെപ്പറ്റി ഒന്നും അറിയില്ല എന്ന് തോന്നുന്നു. പക്ഷേ കഴിഞ്ഞ അഞ്ച് ആറുമാസമായി സ്വന്തം ഭാര്യയെ തട്ടിക്കളയാനുള്ള അത്യാധുനിക പരിപാടികളുമായി ഇയാള്‍ മുന്നോട്ടു പോകുകയായിരുന്നു. ആര്‍ക്കും ഒരു സംശയവും തോന്നാത്ത വിധത്തിലുള്ള ഒരു ഹൈടെക് കൊലപാതകം ആണ് ഇയാള്‍ ആസൂത്രണം ചെയ്തത്. കൂട്ടത്തില്‍ സര്‍പ്പകോപം എന്ന് പറഞ്ഞ് ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ മുതലെടുക്കാനുള്ള ശ്രമവും നടത്തി.
2011ല്‍ ഇതേ തരത്തിലുള്ള ഒരു കൊലപാതകം നാഗ്പൂരില്‍ നടക്കുകയുണ്ടായി. സ്വന്തം മകന്‍ തന്റെ പ്രായമായ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാനായി ഒരു പ്രൊഫഷണല്‍ കൊലയാളിയുടെ സഹായത്തോടെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഇവരെ കൊത്തിച്ച് കൊന്നുകളഞ്ഞു. ലോകത്തില്‍ തന്നെ രണ്ടാമതായാണ് ഇവിടെ ഇപ്പോള്‍ ഇത്തരം ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രണ്ടിലും സ്വത്ത് തട്ടിയെടുക്കലായിരുന്നു ഉദ്ദേശം. ഉത്രയുടെ കാര്യത്തില്‍ അവരെ ഒഴിവാക്കി പ്രതിക്ക് പുതിയൊരു കല്ല്യാണം കൂടി കഴിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു എന്നും കേള്‍ക്കുന്നു.
എന്തായാലും കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് പാലക്കാട് നടന്ന ഒരു കൊലപാതകവുമായി പ്രസ്തുത സംഭവത്തിന് പല കാര്യങ്ങളിലും സാമ്യമുണ്ട്. കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശിയായ യുവതി. അവിടേയും കൊലപാതകിയായ പ്രശാന്ത് കണ്ടാല്‍ മാന്യനും നാട്ടിലും വീട്ടിലും യാതൊരു പേരുദോഷവും ഉണ്ടാക്കാത്ത ഒരു സംഗീത അധ്യാപകനുമായിരുന്നു. സ്വന്തം ഭാര്യയെ തന്ത്രപൂര്‍വ്വം വീട്ടില്‍ കൊണ്ടാക്കിയിട്ടാണ് ഇയാള്‍ കാമുകിയുടെ കഥ കഴിച്ചത്.
നിര്‍ഭാഗ്യവശാല്‍ സ്വന്തം ഭാര്യക്കും കാമുകിക്കും ഇവരിലെ ക്രിമിനല്‍ വാസന കണ്ടുപിടിക്കാന്‍ കഴിയാതെ പോയി. പുറത്തേക്കുള്ള മാന്യമായ പെരുമാറ്റം മൂലം ഇവരുടെ കുരുക്കില്‍ രണ്ടുപേരും അകപ്പെടുകയാണ് ഉണ്ടായത്. മാത്രമല്ല അതിക്രൂരമായി പങ്കാളിയെ കൊലപ്പെടുത്താന്‍ യാതൊരു മനഃസാക്ഷി കുത്തോ കുറ്റബോധമോ ഈ കൊലപാതകികള്‍ക്ക് ഉണ്ടായില്ല എന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്. രണ്ടാമത്തെ പ്രതി കൊലപാതകത്തിന് ശേഷം അതേ വീട്ടില്‍ ഒരു രാത്രി കഴിച്ചുകൂട്ടുകയും പിറ്റേ ദിവസം മൃതശരീരം മൃഗീയമായി വെട്ടിമുറിച്ച് അടിച്ചൊടിച്ച് മറവ്‌ചെയ്തതും സാധാരണ വ്യകതികള്‍ക്ക് ഓര്‍ക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. ഇവിടേയും സ്വത്തുതട്ടിയെടുക്കലും വ്യക്തിയെ ഒഴിവാക്കലുമായിരുന്നു ലക്ഷ്യം. വൃക്തമായ പ്ലാനിങ്ങോടെ തന്നെയായിരുന്നു ഈ രണ്ട് കൃത്യവും നിര്‍വഹിച്ചത്. പങ്കാളിയെ ഒഴിവാക്കുക മാത്രമാണ് ലക്ഷ്യമെങ്കില്‍ ഇവര്‍ക്ക് കോടതിയുടെ സഹായം തേടാമായിരുന്നു. അവരുടെ ഉള്ളിലുള്ള ക്രിമിനല്‍ വാസനയാണ് ഇത്തരമൊരു തീരുമാനത്തിന് ഇവരെ പ്രേരിപ്പിക്കുന്നത്.
തീരെ മന:സാക്ഷിയില്ലാതെ ഒരു കുറ്റബോധവും തോന്നാതെ ഇത്തരം അറും കൊല ചെയത വ്യക്തികളെ കണ്ടാല്‍ ഒരിക്കലും ക്രൂരന്‍മാരായി തോന്നുന്നകയേയില്ല.
ഇത്തരക്കാരുടെ ഒരു പൊതു സവിശേഷത അവരുടെ ഉള്ളില്‍ അടങ്ങിയിട്ടുള്ള സാമൂഹികവിരുദ്ധ സ്വഭാവമാണ്. പൂര്‍ണമായും സാമൂഹിക വിരുദ്ധ സ്വഭാവമുള്ളവര്‍ക്ക് അതിനനുബന്ധമായ അക്രമപ്രവണത, കളവ്, പറ്റിക്കല്‍, വഞ്ചന, ചതി, പരസ്ത്രീ ബന്ധം, ലഹരി ഉപയോഗം എന്നിവയും ഉണ്ടാകും.
എന്നിരുന്നാലും ഇവരില്‍ ബഹുഭൂരിപക്ഷത്തേയും പുറത്തേക്ക് കണ്ടാല്‍ ഇത്തരം പ്രശ്‌നങ്ങളുള്ളതായേ തോന്നുകയില്ല.
സംസാരവും പെരുമാറ്റവും എല്ലാം മാന്യമായേ അനുഭവപ്പെടൂ. അതുകൊണ്ടുതന്നെ ഇവര്‍ വിരിക്കുന്ന വലയില്‍ പല നിരപരാധികളും വീണുപോകും. പുറത്തേക്ക് മര്യാദകാരന്റെ മാസ്‌കും അകത്ത് ക്രിമിനല്‍ ചിന്താഗതിയുമുള്ള ഇവരെ മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ല. എന്തായാലും ഇത്തരം കേസുകളെ അതീവ പ്രാധാന്യത്തോടെ കണക്കിലെടുത്തുകൊണ്ട് പെട്ടെന്ന് തന്നെ തീര്‍പ്പ് കല്പിച്ച് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി പരിഗണിച്ചു പ്രതിക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ കൊടുത്താല്‍ മാത്രമേ ഭാവിയില്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളു.
ഒരു സാധാരണ പൗരന്‍ എന്ന നിലക്ക് എനിക്ക് നിര്‍ദ്ദേശിക്കാനുള്ളത് ഇത്തരം വ്യക്തികളെ അവര്‍ ഏതു രീതിയിലാണോ കൊലപാതകം നടപ്പിലാക്കിയത് സമാനരീതിയില്‍ തന്നെ ഈ ഭൂമുഖത്ത് നിന്ന് നിഷ്‌കാസനം ചെയ്യണം എന്നുള്ളതാണ്. പക്ഷേ ജനാധിപത്യരാജ്യത്ത് അതിനു സാധിക്കില്ലെങ്കിലും അതാണവരും അര്‍ഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."