ഡി.ജി.പി ഹേമചന്ദ്രനുള്‍പ്പെടെ 12 ഐ.പി.എസുകാര്‍ ഈ മാസം പടിയിറങ്ങും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അഗ്നിരക്ഷാവിഭാഗം മേധാവി ഡി.ജി.പി ഹേമചന്ദ്രനുള്‍പ്പെടെ 12 ഐ.പി.എസ് ഓഫിസര്‍മാര്‍ ഈ മാസം സര്‍വിസില്‍ നിന്ന് വിരമിക്കും. രണ്ടുപേര്‍ ഡി.ജി.പി തസ്തികയിലുള്ളവരും 10 പേര്‍ എസ്.പിമാരുമാണ്. ഡി.ജി.പി തസ്തികയിലുള്ളവര്‍ വിരമിക്കുന്നതിനു പകരം രണ്ടു പേര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും.
അഗ്നിരക്ഷാവിഭാഗം മേധാവി എ. ഹേമചന്ദ്രന് പുറമെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയരക്ടര്‍ ഡി.ജി.പി ഡോ. ജേക്കബ് തോമസ്, വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍ സെല്‍ എസ്.പി വി.എന്‍ ശശിധരന്‍, എസ്.പിമാരായ എ. വിജയന്‍, സാം ക്രിസ്റ്റി ഡാനിയേല്‍, കെ.ബി വേണുഗോപാല്‍, കെ.എം ആന്റണി, ജെ. സുകുമാരപിള്ള, കെ.പി വിജയകുമാരന്‍, കെ.എസ്. വിമല്‍, ജെയിംസ് ജോസഫ്, വി.എം മുഹമ്മദ് റഫീഖ് എന്നിവരാണ് ഈ മാസം വിരമിക്കുന്ന ഐ.പി.എസുകാര്‍.
വിരമിക്കുന്ന മുതിര്‍ന്ന ഐ.പി.എസുകാര്‍ക്കു പകരം എ.ഡി.ജി.പിമാരായ ആര്‍. ശ്രീലേഖ, അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി എന്നിവര്‍ ഡി.ജി.പിമാരാകും. അരുണ്‍കുമാര്‍ സിന്‍ഹ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇതിനു പകരമായി ഒരാള്‍ക്കുകൂടി ഡി.ജി.പി പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എസ്. സുധേഷ്‌കുമാറിനു സ്ഥാനക്കയറ്റം ലഭിച്ചേക്കും.
എ.ഡി.ജി.പിമാര്‍ക്കു സ്ഥാനക്കയറ്റം ലഭിക്കുന്ന മുറയ്ക്ക് സീനിയര്‍ ഐ.ജിമാരായ എസ്. സുരേഷ്, ഇ.ജെ ജയരാജ് എന്നിവര്‍ സ്ഥാനക്കയറ്റത്തിനു പരിഗണിക്കപ്പെട്ടേക്കാം. സീനിയര്‍ ഐ.ജിയായിരുന്ന എം.ആര്‍ അജിത്കുമാറിനു ബറ്റാലിയന്‍ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഡി.ജി.പി പദവിയിലേക്ക് ഉയര്‍ത്തുന്ന ആര്‍. ശ്രീലേഖയെ അഗ്നിരക്ഷാ വിഭാഗം മേധാവിയായി നിയമിച്ചേക്കും. അതേസമയം മറ്റൊരു ഡി.ജി.പി പദവിയിലെത്തുന്ന തച്ചങ്കരി നിലവിലുള്ള ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാനത്ത് തുടരും. ഈ വര്‍ഷം അവസാനത്തോടെ ശ്രീലേഖയും ഡി.ജി.പി. പദവിയില്‍നിന്ന് വിരമിക്കും. സംസ്ഥാനത്തിന് രണ്ടു ഡി.ജി.പി കേഡര്‍ തസ്തിക മാത്രമേ കേന്ദ്രം അനുവദിച്ചിട്ടുള്ളൂവെങ്കിലും ഡി.ജി.പി പദവിയില്‍ അഞ്ചു പേര്‍ നിലവിലുണ്ട്.
സംസ്ഥാന പൊലിസ് മേധാവി, വിജിലന്‍സ് ഡയരക്ടര്‍ തസ്തികകളാണു ഡി.ജി.പി കേഡറിലുള്ളത്. എ.ഡി.ജി.പി പദവിയുള്ള ഉദ്യോഗസ്ഥനാണ് വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തുള്ളത്. ഇതിനാല്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാത്രമാണു കേഡര്‍ തസ്തികയിലുള്ളത്. നീണ്ട സസ്‌പെന്‍ഷനു ശേഷം മടങ്ങിയെത്തിയ ജേക്കബ് തോമസ് സ്റ്റേറ്റ് ഡെപ്യൂട്ടേഷനിലും മറ്റു ഡി.ജി.പിമാരായ ജയില്‍ മേധാവി ഋഷിരാജ് സിങ്, എ. ഹേമചന്ദ്രന്‍ എന്നിവര്‍ എക്‌സ്‌കേഡര്‍ തസ്തികയിലുമാണ്.
സ്റ്റേറ്റ് ഡെപ്യൂട്ടേഷനിലുള്ള മറ്റൊരു ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി ഓഗസ്റ്റില്‍ വിരമിക്കും. അതേസമയം, നിലവില്‍ സംസ്ഥാനത്ത് അമ്പതോളം ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നാണു കണക്കാക്കുന്നത്. 172 ഐ.പി.എസ് തസ്തികകളാണ് കേരളത്തിന് അനുവദിക്കപ്പെട്ടത്.
ഒരു ഡസന്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വിരമിക്കുന്നതോടെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ മുപ്പതിലധികമാകും. കൊവിഡ് പ്രതിരോധമുള്‍പ്പെടെ സംസ്ഥാനം സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇത് സേനയെ പ്രതിസന്ധിയിലാക്കും. അതിനാല്‍ സ്ഥാനക്കയറ്റമുള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി സര്‍ക്കാരിനു കത്തുനല്‍കിയിട്ടുണ്ട്. നിലവില്‍ തന്നെ കേരളത്തില്‍ 23 എസ്.പി മാരുടെ ഒഴിവുണ്ട്. പുതിയ ആളുകള്‍ കൂടിയാകുമ്പോള്‍ ഒഴിവ് 31 ആകും. പ്രമോഷനിലൂടെ ഐ.പി.എസ് റാങ്ക് നല്‍കുന്നതും ഡിവൈ.എസ്.പി റാങ്കിലുള്ളവരുടെ സ്ഥാനക്കയറ്റം വൈകുന്നതുമാണ് പ്രതിസന്ധിക്കു കാരണം. അതിനാല്‍ ഉടന്‍തന്നെ പത്തു പേര്‍ക്ക് ഐ.പി.എസ് റാങ്കും ഏറ്റവും മുതിര്‍ന്ന ഡിവൈ.എസ്.പിമാര്‍ക്ക് എസ്.പിയായി സ്ഥാനക്കയറ്റവും നല്‍കണമെന്നാണ് പൊലിസ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഐ.പി.എസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനയച്ച ഏഴുപേരുടെ പട്ടികയില്‍ ഒരുമാസമായിട്ടും തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."