അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചു: കോടിയേരി
കൊടുങ്ങല്ലൂര്‍ (തൃശൂര്‍): ന്യൂസിലന്‍ഡില്‍ ഭീകരാക്രമണത്തില്‍ മരിച്ച അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കൊടുങ്ങല്ലൂരില്‍ അന്‍സിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോര്‍ക്ക റൂട്ട്‌സ് ഇടപെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിച്ചുവരികയാണ്.
മൃതദേഹം ന്യൂസിലന്‍ഡ് പൊലിസിന് കൈമാറുന്നമുറയ്ക്ക് നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടാകും. അന്‍സിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും വിദേശ പഠനത്തിനായി എടുത്ത വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സഹായമഭ്യര്‍ഥിച്ചും കുടുംബം നല്‍കിയ നിവേദനത്തിന്‍മേല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ചന്ദ്രന്‍ പിള്ള, ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് എന്നിവരും കോടിയേരിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."