കൊച്ചി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് ഇടതുപക്ഷമെന്ന് കെ.പി.സി.സി പ്രചാരകസമിതി അധ്യക്ഷന്‍ കെ. മുരളീധരന്. തറവാട് ഭാഗംചെയ്യുമ്പോള് അവസാനം മിച്ചംവരുന്ന വസ്തുക്കളെപ്പോലെയാണ് രാജ്യത്ത് ഇടതുപക്ഷത്തിന്റെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ യു.ഡി.എഫ് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വടകരയിലും പൊന്നാനിയിലും കൊലയാളികളെയും ചാലക്കുടിയില്‍ ഒരു കോമാളിയെയുമാണ് എല്‍.ഡി.എഫ് മത്സരിപ്പിക്കുന്നത്. കേരളത്തിലെ 20 സീറ്റുകളിലും ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. എന്നാല്‍ മാത്രമേ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ സാധിക്കൂ. ബി.ജെ.പിക്കെതിരേയാണ് തങ്ങളെന്ന് പറയുന്ന ഇടതുപക്ഷം മുന്‍പ് ബി.ജെ.പിക്ക് ഒപ്പംചേര്‍ന്ന് മന്മോഹന് സിങ്ങിനെ താഴയിറക്കാന്‍ ശ്രമിച്ച കാര്യം ജനങ്ങള്‍ മറന്നിട്ടില്ല.
കോണ്‍ഗ്രസുകാരെ ജയിപ്പിച്ചാല്‍ അവര്‍ ബി.ജെ.പിയില്‍ പോകുമെന്നാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. എന്നാല്‍ അവരുടെ പാര്‍ട്ടിയില്‍ നിന്ന് എത്രപേര്‍ ബി.ജെ.പിയില്‍ പോയിട്ടുണ്ടെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. പണ്ട് ഇടതുപക്ഷ എം.എല്‍.എയായ ആള് ഇന്ന് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് കേന്ദ്രമന്ത്രിയായ കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് എറണാകുളം ജില്ലാ ചെയര്മാന് എം.ഒ ജോണ്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി ഹൈബി ഈഡന്, ജില്ലാ കണ്‍വീനര്‍ എം.എം ഫ്രാന്‍സിസ്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, ജോണിനെല്ലൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."