കോടതി വിധിയുടെ ലംഘനം; എക്‌സൈസ് മന്ത്രിയുടെ മണ്ഡലത്തില്‍ സംസ്ഥാന പാതയോരത്ത് നാലു കള്ളുഷാപ്പുകള്‍
പേരാമ്പ്ര: കോടതി വിധി ലംഘിച്ച് എക്‌സൈസ് മന്ത്രിയുടെ മണ്ഡലത്തില്‍ സംസ്ഥാന പാതയോരത്തു നാലു കള്ളുഷാപ്പുകള്‍ പതിവു തെറ്റാതെ തുറന്നു പ്രവര്‍ത്തിക്കുന്നു. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും നിര്‍ദിഷ്ട വയനാട് ബദല്‍ റോഡുമായ സംസ്ഥാന പാത 54 പടിഞ്ഞാറത്തറ-പൂഴിത്തോട്-കടിയങ്ങാട് റോഡിന്റെ വശങ്ങളിലാണ് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
ദേശീയ പാതകള്‍ക്കും സംസ്ഥാന പാതകള്‍ക്കും 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്ന കോടതിവിധി നിലനില്‍ക്കെയാണ് വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഈ നഗ്നമായ നിയമലംഘനം. എന്നാല്‍ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ അടച്ചുപൂട്ടേണ്ട ഷാപ്പുകളുടെ ലിസ്റ്റില്‍ ഈ നാലു കള്ളുഷാപ്പുകള്‍ ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വടകര ചുരം ഡിവിഷന്‍ ഓഫിസിന്റെ കീഴില്‍ വരുന്ന റോഡാണിത്. ഓഫിസില്‍നിന്ന് അറിയിച്ചത് നിലവില്‍ ഈ പാത സംസ്ഥാന പാതയാണെന്നാണ്. ചങ്ങരോത്ത് പഞ്ചായത്തില്‍പ്പെട്ട പന്തിരിക്കര, ചക്കിട്ടപ്പാറ പഞ്ചായത്തില്‍പ്പെട്ട പെരുവണ്ണാമൂഴി, ചെമ്പനോട, പൂഴിത്തോട് എന്നിവിടങ്ങളിലാണ് മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളിലെ ഷാപ്പുകളും വിദേശമദ്യ ഔട്ട്‌ലെറ്റുകളും അടച്ചു പൂട്ടിയതോടെ ഇവിടങ്ങളിലേക്കു മദ്യപന്മാരുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ ഏറുന്നതോടെ മദ്യം തികയാത്ത അവസ്ഥയാണുള്ളത്. ഇതു വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനത്തിലേക്കും വിഷമദ്യ ദുരന്തത്തിനും ഇടയാക്കുമെന്ന് വിലയിരുത്തുന്നു.
സംഭവത്തിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുമായി മദ്യവര്‍ജന സമിതി നേതാക്കള്‍ സമീപിച്ചപ്പോള്‍ കോഴിക്കോട് ഡിവിഷനല്‍ ഓഫിസുമായി ബന്ധപ്പെട്ട് മറുപടി നല്‍കാമെന്നാണ് പറഞ്ഞത്. എന്നാല്‍ ചുരം ഡിവിഷന്‍ റോഡില്‍ അടച്ചുപൂട്ടാത്ത കള്ളുഷാപ്പിനെതിരേ പ്രക്ഷോഭ സമരങ്ങളുമായി നീങ്ങുമെന്ന് ജില്ലാ സെക്രട്ടറി പപ്പന്‍ കന്നാട്ടി പറഞ്ഞു.
അതിനിടെ പേരാമ്പ്ര ടൗണിലെ അടച്ചുപൂട്ടിയ ബിവറേജസ് ഔട്ട്‌ലെറ്റ് പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപത്തേക്കു മാറ്റാനുള്ള നീക്കവും ഒരു ഭാഗത്തു നടക്കുന്നുണ്ട്. ഇവിടെ മദ്യഷാപ്പ് അനുവദിക്കുന്നതിനെതിരേ വ്യാപകമായ ജനരോഷമാണ് ഉയരുന്നത്. നേരത്തെ പേരാമ്പ്ര പൈതോത്ത് റോഡില്‍ ജനവാസ മേഖലയില്‍ വീട് വാടകയ്‌ക്കെടുത്ത് ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള ശ്രമം നാട്ടുകാര്‍ എതിര്‍ത്തതോടെ ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."