ക്വാറന്റൈൻ ചിലവ്; സർക്കാർ നിലപാട് ഖേദകരം: കെ ഡി എം എഫ് റിയാദ്
റിയാദ്: ജോലി നഷ്ടപ്പെട്ടും അസുഖം ബാധിച്ചും മറ്റു വളരേ അത്യാവശ്യമായ കാര്യങ്ങൾക്കും വേണ്ടി പിറന്ന മണ്ണിലേക്ക് തിരിച്ച് വരുന്ന പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വയം വഹിക്കണമെന്ന കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമാണെന്ന് റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ. കൊവിഡ് 19 വൈറസ് വ്യാപനം മൂലം പല പ്രവാസികളും വളരെ ദുരിതത്തിലും പ്രയാസത്തിലുമാണ്. നിലവിലെ സാഹചര്യത്തിൽ പലരും ശക്തമായ മാനസിക സമ്മര്‍ദ്ദത്തിലുമാണ്. ഈ അടുത്തായി ഹൃദയാഘാതം മൂലം മരണപ്പെടുന്ന മലയാളി പ്രവാസികളുടെ എണ്ണം കൂടി വരുന്നു. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. മറ്റു പലരും ശമ്പളമില്ലാതെ നിർബന്ധിത അവധിയിലാണ്.
ഗർഭിണികളും ചികിത്സ നാട്ടിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരുമുണ്ട്. ഇങ്ങനെ പ്രയാസപ്പെട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്കും നൽകി നാട്ടിലേക്ക് വരുന്നവർക്ക് ഇൻസ്റ്റ്യറ്റൂഷണൽ ക്വാറന്റൈൻ ഒരുക്കുന്നതിന് പല സംഘടനകളും അവരുടെ സ്ഥാപനങ്ങൾ വിട്ട് നൽകിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ക്വാറന്റൈൻ ചെലവ് കൂടി പ്രവാസികൾ വഹിക്കണമെന്ന് പറയുന്നത് അനീതിയാണ്. കേരളത്തിന്റെ സമ്പത് വ്യവസ്ഥയിലും വിദ്യാഭ്യാസ പുരോഗതിയിലും വലിയ പങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ. അവരിൽ ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരാണ്. വിരഹവും പേറി വിദൂരതയിൽ കഴിയുന്ന പ്രവാസികൾ പ്രതിസന്ധി നേരിടുമ്പോഴും തിരിച്ചെത്തുന്ന പ്രവാസികളെ ചേർത്ത് പിടിക്കുന്നതിനു പകരം അവരെ കൊള്ളയടിക്കുന്ന നിലപാട് ശരിയല്ലെന്നും കെ ഡി എം എഫ് വ്യക്തമാക്കി. മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് വഹിക്കാൻ പണമില്ലെന്ന് പറയുന്നത് പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാൻ കഴിയില്ല.
ഈ നിലപാട് തിരുത്തി ഇൻസ്റ്റ്യറ്റൂഷണൽ ക്വാറന്റൈൻ വരുന്ന ചെലവ് വഹിക്കാൻ കേരള സർക്കാർ തയ്യാറാവണണെന്ന് റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."