എട്ടരയ്‌ക്കെത്തണം, ഉച്ചകഴിഞ്ഞാല്‍ ഫ്രീ..!
കോളജുകളുടെ അധ്യയന സമയം പരിഷ്‌കരിച്ചു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോളജുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിച്ചു. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ക്ലാസുകള്‍ ഇനി ഉണ്ടാവില്ല. പുതുക്കിയ സമയക്രമമനുസരിച്ച് രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയാണ് ക്ലാസുകള്‍. പുതിയ സമയക്രമത്തില്‍ ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അവസാനിപ്പിച്ച് പതിവ് ക്ലാസ്സുകള്‍ ആരംഭിക്കുമ്പോഴും ഇതേ സമയക്രമം തുടരുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പടെയുള്ളവയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കുന്നതിന് ഏതൊക്കെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാമെന്നത് കുട്ടികളുടെ എണ്ണവും പാഠ്യവിഷയവുമനുസരിച്ച് സ്ഥാപന മേധാവികള്‍ തീരുമാനിക്കേണ്ടതാണ്. ഓണ്‍ലൈന്‍ പാഠ്യപ്രവര്‍ത്തനത്തിനായി അസാപ്പിന്റെയും ഐ.സി.ടി അക്കാദമിയുടെയും ഒറീസിന്റെയും സാങ്കേതിക സംവിധാനങ്ങള്‍ സൗജന്യമായും ഉപയോഗിക്കാം. അന്തര്‍ജില്ലാ ഗതാഗതം പുനസ്ഥാപിക്കുന്നത് വരെ കോളജുകള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ അധ്യാപകര്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ കോളജുകളില്‍ ഹാജരായും അല്ലാതെയും ക്ലാസുകള്‍ നടത്തണം. സ്വന്തം വീടുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത കോളജുകളിലോ ലൈബ്രറികളിലോ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പങ്കെടുക്കാമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."