ശ്രദ്ധേയമായി പെറ്റ് ഷോ അഖിലേന്ത്യാ പ്രദര്‍ശനം; ഗിനിപ്പന്നി മുതല്‍ ജല്ലിക്കെട്ട് കാളവരെ
കരുനാഗപ്പള്ളി: ഹൈസ്‌കൂളുകളുടെ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പെറ്റ് ആന്റ് അക്വാ ഷോ ശ്രദ്ധേയമാകുന്നു. സംസ്ഥാന മൃഗസംരക്ഷണ ഫിഷറീസ് വകുപ്പുകളുടെ നേതൃത്വത്തിലാണ് ഷോ. വ്യത്യസ്തങ്ങളായ പക്ഷിമൃഗാദികളുടെ വൈവിധ്യങ്ങളുടെ അപൂര്‍വ്വ കാഴ്ചയാണ് ഇവിടെയുള്ളത്. വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന എമു എന്ന പക്ഷിയും രണ്ട് ലക്ഷത്തോളം രൂപ വിലയുള്ള മക്കാവ് എന്ന ആമസോണ്‍ പക്ഷിയും പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. ഗിനിപ്പന്നിയും ഒട്ടകവും ജല്ലിക്കെട്ട് കാളയും വിവിധ തരം കുതിരകളും കൗതുക കാഴ്ചയാവുകയാണ് ഇതില്‍.
അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ വിലയുള്ള പ്രാവുകള്‍, പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയുന്ന ഗോള്‍ഡന്‍ ഫെസെന്റ് പക്ഷിയുടെ വ്യത്യസ്തങ്ങളായ ഇനങ്ങള്‍ എന്നിവയും ഷോയിലുണ്ട്. എഴുപതിലധികം പക്ഷി ഇനങ്ങളെയാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് മേളയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ഡോ. എസ് പ്രമോദ് പറഞ്ഞു. അലങ്കാര കോഴികള്‍, നാടന്‍ കോഴികള്‍, ഹൈബ്രിഡ് മുട്ട കോഴികള്‍, പോര് കോഴികള്‍ തുടങ്ങി ഇരുപതോളം ഇനം കോഴികളും മേളയെ ശ്രദ്ധേയമാക്കുന്നു. ജമ്‌നാ പ്യാരി, മലബാറി, ബംഗാള്‍, കനേഡിയന്‍, ചെമ്മരിയാട്, ഫൈറ്റിംഗ്ഗ്‌ഗോട്ട് തുടങ്ങി വിവിധ തരം ആടുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. വിവിധ ചലച്ചിത്രങ്ങളില്‍ തിളങ്ങിയവരുള്‍പ്പടെ പത്തിലധികം ഇനത്തില്‍പ്പെട്ട ഡോഗുകള്‍ എന്നിവയും വെച്ചൂര്‍ കാസര്‍കോഡ് കുള്ളന്‍, വെച്ചൂര്‍, ഗിര്‍ തുടങ്ങിയ പശു ഇനങ്ങളും മേളയുടെ പ്രത്യേകതയാണ്. അലങ്കാര മത്സ്യങ്ങളുടെ വിപുലമായ ശേഖരവുമുണ്ടിവിടെ. പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന സമ്മേളനം യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അനില്‍ എസ്. കല്ലേലിഭാഗം അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ബി.എ ബ്രിജിത്ത,് ജെ.പി ജയലാല്‍, എം.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."