കുടിയേറ്റം: അഭയാര്‍ഥികള്‍ക്ക് സുരക്ഷാ കേന്ദ്രം ഒരുക്കാന്‍ ഇ.യു
ബ്രസല്‍സ്: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറിയവര്‍ക്ക് അഭയ കേന്ദ്രങ്ങളൊരുക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) രാജ്യങ്ങള്‍ക്കിടയില്‍ ധാരണ. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനാണ് ഇത്തരത്തിലുള്ള തീരുമാനത്തിന് ബ്രസല്‍സില്‍ ചേര്‍ന്ന ഇ.യു ഉച്ചകോടിയില്‍ ധാരണയായത്. ഒന്‍പത് മണിക്കൂറുകള്‍ നീണ്ട സംവാദങ്ങള്‍ക്കൊടുവിലാണ് തീരുമാനത്തിലെത്തിയത്.
കുടിയേറ്റക്കാര്‍ക്ക് അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നത് ഇ.യു അംഗങ്ങള്‍ സ്വമേധയാ തീരുമാനിക്കും. അഭയ കേന്ദ്രമൊരുക്കുന്നതിന് താല്പര്യപ്പെട്ട് ഒരു രാജ്യവും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. എന്നാല്‍ അഭയാര്‍ഥികള്‍ ഏത് യൂറോപ്യന്‍ രാജ്യത്താണോ ആദ്യമായി എത്തിച്ചേരുന്നത് ആ രാജ്യം അഭയമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഉത്തരവാദിത്വത്തിന്റെയും ഐക്യത്തിന്റെയും യഥാര്‍ഥ വശത്താണു തങ്ങളുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഈയിടെ ഇറ്റലിയിലേക്ക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ വരവില്‍ വന്‍വര്‍ധനവുണ്ടായിരുന്നു. മറ്റു രാജ്യങ്ങളുടെ സഹായമില്ലെങ്കില് കുടിയേറ്റക്കാരെ സ്വീകരിക്കുന്ന ബില്ലിനെ തങ്ങള്‍ വീറ്റോ ചെയ്യുമെന്ന് ഇറ്റലി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉച്ചകോടിക്ക് ശേഷം യൂറോപ്പ് കൂടുതില്‍ ഉത്തരാവാദിത്വമുള്ളവരും ഐക്യമുള്ളവരുമായി മാറിയെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിസപ്പെകോന്റെ പറഞ്ഞു.
കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന കുടിയേറ്റക്കാരെ ഇ.യു രാജ്യങ്ങള്‍ സ്വീകരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇവര്‍ മെഡിറ്ററേനിയന്‍ കടലില്‍ ഒറ്റപ്പെട്ടിരുന്നു. തുടര്‍ന്ന് എട്ട് രാജ്യങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മാള്‍ട്ടിയില്‍ ഇറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."