കൊവിഡ് ബാധിച്ചു സഊദിയിൽ രണ്ട് മലപ്പുറം സ്വദേശികളടക്കം മൂന്ന് മലയാളികൾ കൂടി മരണപ്പെട്ടു
റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ചു രണ്ട് മലപ്പുറം സ്വദേശികളടക്കം മൂന്ന് മലയാളികൾ കൂടി സഊദിയിൽ മരണപ്പെട്ടു. മലപ്പുറം സ്വദേശികൾ മക്ക, ദവാദ്മി എന്നിവിടങ്ങളിലും കിഴക്കൻ സഊദിയിലെ ജുബൈലിൽ കൊല്ലം സ്വദേശിയുമാണ് മരണപ്പെട്ടത്. ഇതോടെ, സഊദിയിൽ മാത്രം കൊവിഡ് വൈറസ് ബാധിച്ചു മരണപ്പെടുന്ന മലയാളികൾ 40 ആയി ഉയർന്നു.
കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിരായിൻ കോട്ടുമൽ (49) ആണ് മക്കയിൽ മരിച്ചത്. ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: നുസ്‌റത്ത്. മക്കൾ: അജ്മൽ ഫാഹിഖ്, സി. അംജദ്, നബീല ഷെറിൻ, നിഹാ ഷെറിൻ. മയ്യിത്ത് മക്കയിൽ ഖബറടക്കും. നടപടിക്രമങ്ങൾക്ക് മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നുണ്ട്.
മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ആണ് ദവാദ്മിയിൽ മരണപ്പെട്ടത്. പനിയും ശ്വാസതടസ്സവും മൂലം ദവാദ്മി ജനറൽ ആശുപത്രിയിൽ മെയ് 17 മുതൽ ചികിത്സയിലായിരുന്നു. ന്യുമോണിയ മൂർച്ഛിച്ചതിനാൽ 25ന് തിയതി തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെ മരണം സംഭവിച്ചു. 18 വർഷമായി അൽയമാമ കമ്പനിയിൽ സൂപർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഏപ്രിലിൽ നാട്ടിൽ പോകാനുള്ള തയാറെടുപ്പിൽ ആയിരുന്നു. പിതാവ്: ജോൺ. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കൾ: ആൽവിന, അയന.
കിഴക്കൻ സഊദിയിലെ ജുബൈലിൽ കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തൻ വീട്ടിൽ നാണു ആചാരിയുടെ മകൻ രാജു (56) ആണ് മരണപ്പെട്ടത്. കടുത്ത പനിയും ശ്വാസതടസ്സവും മൂലം ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഞായറാഴ്ചയാണ് അന്ത്യം. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ വർഷങ്ങളായി ജോലി ചെയ്തുവരികയാണ്. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: കൃഷ്‌ണമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."