കേരള പരീക്ഷാഫലം: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- കെ.എസ്.യു
കൊല്ലം: കേരള സര്‍വകലാശാല ഡിഗ്രി പരീക്ഷാഫലത്തില്‍ അട്ടിമറി സംശയിക്കുന്ന തരത്തിലാണ് യൂനിവേഴ്‌സിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഈ വിഷയത്തില്‍ ആശങ്കയിലാണ്. ആദ്യ അഞ്ച് സെമസ്റ്ററുകളിലും നന്നായി പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പല വിഷയത്തിലും പരാജയപ്പെട്ടതായി കാണുന്നു. സര്‍വകലാശാലയെ സമീപിക്കുന്ന വിദ്യാര്‍ഥികളോട് സ്‌ക്രൂട്ടിണിക്കും പുനഃപരിശോധനയ്ക്കും അപേക്ഷ സമര്‍പ്പിക്കാനാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. ഇതു വിദ്യാര്‍ഥികളുടെ ഒരു അധ്യായനവര്‍ഷം നഷ്ടമാകാന്‍ ഇടയാക്കുമെന്നും ഇതില്‍ അടിയന്തരമായി സര്‍ക്കാരും യൂനിവേഴ്‌സിറ്റിയും ഇടപെടണമെന്നും കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ബിരുദാനന്തര ബിരുദം, ബി.എഡ് തുടങ്ങിയ കോഴ്‌സുകളിലേക്കു പ്രവേശനം നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിനെതിരേ ശക്തമായ സമരവുമായി കെ.എസ്.യു മുന്നോട്ടുപോകും. ഇതിന്റെ ഭാഗമായി കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂനിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ ഓഫിസറെ ഉപരോധിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍, സംസ്ഥാന സെക്രട്ടറി സുഹൈല്‍ അന്‍സാരി, ജില്ലാ ഭാരവാഹികളായ കൗഷിക് എം. ദാസ്, ശരത്‌മോഹന്‍, സിയാദ്, അതുല്‍ എസ്.പി, യദുകൃഷ്ണന്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ പരാതിയും ആശങ്കയും യൂനിവേഴ്‌സിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ ഫോണിലൂടെ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണു സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."