മസ്ജിദുല്‍ ഹറാം ഒഴികെയുള്ള പള്ളികള്‍ തുറന്നു
റിയാദ്: സഊദിയില്‍ കൊവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി മദീനയിലെ മസ്ജിദുന്നബവി ഉള്‍പ്പെടെ രാജ്യത്തെ 90,000 പള്ളികള്‍ ആരാധനകള്‍ക്കായി തുറന്നുകൊടുത്തു. മുസ്വല്ലകളും വുദൂ ചെയ്യുന്ന സ്ഥലവും വിശുദ്ധ ഖുര്‍ആന്‍ വയ്ക്കുന്ന ഷെല്‍ഫുകളും മറ്റും അണുവിമുക്തമാക്കിയ ശേഷമാണിത്.
രണ്ടര മാസക്കാലത്തെ ഇടവേളക്ക് ശേഷം ഇന്നലെ സുബ്ഹി നിസ്‌കാരത്തോടെ വീണ്ടും പള്ളികളില്‍ പ്രവേശനം അനുവദിക്കുകയായിരുന്നു. ഇതോടെ 'നിസ്‌കാരം വീടുകളില്‍ വച്ച് നിര്‍വഹിക്കൂ' എന്ന് മുഴങ്ങിക്കേട്ടിരുന്ന ബാങ്കിലെ പ്രത്യേക വരികള്‍ ഇല്ലാതായി. സുബ്ഹിക്ക് പള്ളികളില്‍ എത്തിയ വിശ്വാസികളെ മുസ്വല്ല നല്‍കിയാണ് ചിലയിടങ്ങളില്‍ സ്വീകരിച്ചത്.
അതേസമയം രണ്ടു മീറ്റര്‍ സാമൂഹികാകലം പാലിച്ചാണ് നിസ്‌കാരം നിര്‍വഹിക്കേണ്ടതെന്നതുള്‍പ്പെടെ ഇസ്‌ലാമികകാര്യ വകുപ്പ് രാജ്യത്തെ എല്ലാവര്‍ക്കും വിവിധ ഭാഷകളില്‍ ടെക്സ്റ്റ് മെസ്സേജ് അയച്ചു. വിശ്വാസികള്‍ പരസ്പരം ആശ്ലേഷിക്കുകയോ കൈകൊടുക്കുകയോ പാടില്ല. പള്ളിയില്‍ വുദൂ ചെയ്യുന്ന സ്ഥലം അടച്ചിട്ടതിനാല്‍ വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തിയേ വരാവൂ. മാസ്‌ക് ധരിക്കണം. പള്ളികളില്‍ 15 വയസിനു താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുത്. പ്രായമുള്ളവര്‍ വീട്ടില്‍ വച്ച് നിസ്‌കരിക്കണം. ഖുര്‍ആനും മുസ്വല്ലയും കൈവശം കരുതണം. ഓരോ നിര്‍ബന്ധ നിസ്‌കാരത്തിനും 15 മിനുട്ട് മുന്‍പാണ് പള്ളികള്‍ തുറക്കുക. നിസ്‌കാരം കഴിഞ്ഞ് 10 മിനുട്ടിനകം പള്ളി അടയ്ക്കും. ജുമുഅ ഖുതുബയും നിസ്‌കാരവും 15 മിനുട്ടില്‍ കൂടാന്‍ പാടില്ല എന്നിങ്ങനെയുള്ള പുതിയ നിയന്ത്രണങ്ങളെ കുറിച്ച വിവരങ്ങള്‍ വിശ്വാസികള്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്തു.
മദീനയിലെ മസ്ജിദുന്നബവിക്ക് പുറത്ത് നിസ്‌കരിക്കാന്‍ ഭാഗികമായാണ് തുറന്നുകൊടുത്തിട്ടുള്ളത്. എന്നാല്‍ മക്കയിലെ മസ്ജിദുല്‍ ഹറാം ഇനിയൊരു അറിയിപ്പുണ്ടാവുമ്പോഴേ തുറന്നുകൊടുക്കുകയുള്ളൂ. അവിടെ ഹറം കാര്യാലയ വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് നിലവില്‍ ജമാഅത്ത് നിസ്‌കാരത്തില്‍ പങ്കെടുക്കുന്നത്. മദീന പള്ളിയില്‍ വിശ്വാസികള്‍ ആത്മ സംതൃപ്തിയോടെയാണ് പ്രവാചക ചാരത്തു വച്ച് നിസ്‌കാരത്തില്‍ പങ്കെടുത്തത്. സഊദിയില്‍ ഇതുവരെ 83,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 480 പേര്‍ മരിക്കുകയും ചെയ്തു.
അതിനിടെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്ന ജറൂസലമിലെ അല്‍ അഖ്‌സ പള്ളിയും രണ്ടു മാസത്തെ ലോക്ക്ഡൗണിന് ശേഷം ഇന്നലെ തുറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."