കാമറക്കണ്ണുകള്‍ എല്ലാം കണ്ടുപിടിക്കും മൊബൈലില്‍ സംസാരിച്ചു വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ
കോഴിക്കോട്: മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. നടപടിയുടെ ഭാഗമായി നഗരത്തിലെ മുഴുവന്‍ റഡാര്‍ കാമറകളിലെയും ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു തുടങ്ങി. ഈ ദൃശ്യങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വാഹനമോടിച്ച നിരവധി പേര്‍ക്കെതിരേ പൊലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളുടെയും വലിയ വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഒരുപോലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരാഴ്ചയിലെ പരിശോധനയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 11 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മണ്‍സൂണ്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് പൊലിസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന ആരംഭിച്ചത്.
കൂടാതെ റോഡില്‍ നിയമം തെറ്റിച്ചു വാഹനമോടിക്കുന്നവര്‍ക്കെരേ പൊലിസ് കേസെടുക്കുന്നുണ്ട്.
ഷോള്‍ഡറിന്റെയും ചെവിയുടെയും ഇടയില്‍ മൊബൈല്‍ ഫോണ്‍ അമര്‍ത്തിപ്പിടിച്ചാണ് യുവാക്കളിലധികവും വാഹനമോടിക്കുന്നത്. ഡ്രൈവിങ് വേളയില്‍ ടെക്സ്റ്റ് മെസേജ് അയക്കുന്ന വിരുതന്മാര്‍ വരെയുണ്ട്. നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത അപകടത്തില്‍ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.
ഇതില്‍ കൂടുതലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചപ്പോഴാണ് അപകടമുണ്ടായത്. 2015ല്‍ റിപ്പോര്‍ട്ട് ചെയ്ത 2428 അപകടങ്ങളില്‍ 1226ഉം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടവയാണ്. 57 ബൈക്ക് യാത്രക്കാര്‍ക്കാണ് 2015ല്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."