നെയ്യാര്‍ ഡാമിനകത്തുകൂടിയുള്ള യാത്ര 12 വരെ തുടരാമെന്ന് ധാരണ: പ്രതിഷേധം അവസാനിപ്പിച്ചു
കാട്ടാക്കട: അറ്റകുറ്റ പണികള്‍ക്കായി ഡാമിനു പുറത്തെ റോഡ് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഡാമിനത്തു കൂടെ യാത്ര ചെയ്യാനുള്ള അവസരം നിഷേധിച്ച ഇറിഗേഷന്‍ അധികൃതര്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തിവര്‍ സമരം അവസാനിപ്പിച്ചു.
ജൂലായ് 12 വരെ യാത്ര തുടരാമെന്ന് ധാരണയായതിനെ തുടര്‍ന്നാണ് സമരം തീര്‍ന്നത്. ഇന്നലെ പ്രതിഷേധവുമായി വന്നവരെ വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിലാണ് ഒത്തുതീര്‍പ്പായത്. രണ്ടു ദിവസം മുന്‍പാണ് സമരം തുടങ്ങിയത്. നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രത്തില്‍ പുതിയ കവാടം സ്ഥാപിക്കാനെന്ന പേരില്‍ റോഡ് വെട്ടിപ്പൊളിക്കാനുള്ള ശ്രമം ഒരു സംഘം നാട്ടുകാര്‍ തടഞ്ഞത്. ഡാമിനകത്തെ റോഡ് ഉപയോഗിച്ചുള്ള നാട്ടുകാരുടെ യാത്ര തടയാനുള്ള ഇറിഗേഷന്‍ അധികൃതരുടെ ശ്രമമാണെന്ന പേരിലായിരുന്നു പ്രതിഷേധം.
ഡാമില്‍ പണിയുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ഇതു വഴിയുള്ള യാത്ര അസാധ്യമായതിനാല്‍, ഡാമിന്റെ കവാടത്തിലൂടെയുള്ള റോഡാണ് ഇപ്പോള്‍ താല്‍ക്കാലികമായി യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
അപ്രോച്ച് റോഡ് നിര്‍മാണത്തിന് ഇറക്കിയ മണ്ണ് മഴപെയ്തു ചെളിക്കുണ്ടായി. ഡാമില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളിലേക്കു നൂറു കണക്കിനു വിദ്യാര്‍ഥികള്‍ യാത്രചെയ്യുന്ന റോഡ് ചെളിക്കുണ്ടായതോടെ ഇറിഗേഷന്‍ അധികൃതരോട് പ്രവേശന കവാടത്തിലൂടെയുള്ള റോഡ് താല്‍ക്കാലികമായി ഉപയോഗത്തിനു തുറക്കാന്‍ എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ചു ദിവസങ്ങളായി വാഹനങ്ങളും കാല്‍നട യാത്രക്കാരുമൊക്കെ ഈ റോഡ് ഉപയോഗിക്കുന്നു.
ഇങ്ങനെ യാത്രയ്ക്ക് ഉപയോഗിക്കുന്ന റോഡിലാണു പുതിയ കവാട നിര്‍മാണത്തിനു പില്ലറെടുക്കാനെന്ന പേരില്‍ വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചത്. റോഡ് വെട്ടിപ്പൊളിച്ചു പില്ലറിനുള്ള കുഴിയെടുത്താല്‍ ഡാമിനകത്തു കൂടിയുള്ള യാത്ര നടക്കില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് ഒരു സംഘം നാട്ടുകാര്‍ പണി തടഞ്ഞത്. ഡാമിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആദ്യ ഘട്ടം പോലും പൂര്‍ത്തിയായില്ല.
അവസാന ഘട്ടത്തില്‍ ചെയ്യേണ്ട പണികള്‍ ഇപ്പേള്‍ തുടങ്ങിയതു വെല്ലുവിളിയാണെന്നാണു നാട്ടുകാരുടെ ആക്ഷേപം. രാവിലെ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പ്രധാന ഗേറ്റ് പൂട്ടിയിട്ടതു പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ ചോദ്യം ചെയ്യുകയും ഗേറ്റ് തുറപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ വൈകിട്ട് അഞ്ചരയ്ക്കുശേഷം കവാടത്തിനെന്ന പേരില്‍ ജോലികള്‍ തുടങ്ങി. ഇതാണു നാട്ടുകാര്‍ തടഞ്ഞത്. പന്ത, അമ്പൂരി, കണ്ടംതിട്ട തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് പോകാനുള്ള റോഡാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."