HOME
DETAILS

പത്തേമാരികള്‍ തിരിച്ചുവരുമ്പോള്‍ കൂട്ടനിലവിളി കേള്‍ക്കാതിരിക്കട്ടെ

  
backup
June 02 2020 | 00:06 AM

return-of-gulf-migrants-856458-2

 


പലപ്പോഴായി കുറിച്ചിട്ടതാണെങ്കിലും ഒരിക്കല്‍ക്കൂടി ഓര്‍മിച്ചെടുക്കുകയാണ്. 1970കളുടെ അന്ത്യം. കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനം നടക്കുകയാണ്. വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സി.എച്ച് മുഹമ്മദ് കോയ സാഹിബ് എന്റെ ജീവിതത്തില്‍ കേട്ട ഏറ്റവും വികാരഭരിതമായ പ്രസംഗത്തിലൂടെ ആ സന്ധ്യയെ കോരിത്തരിപ്പിച്ചു. 'മക്കളേ പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക! ഗള്‍ഫിന്റെ പളപളപ്പ് സ്വപ്നം കണ്ട് പഠനം നിര്‍ത്തിയാല്‍ നിങ്ങള്‍ വഴിയാധാരമാവുമെന്ന് മറക്കേണ്ട! ആരെങ്കിലും വിസ അയച്ചുതരുമെന്ന് പ്രതീക്ഷിച്ച് നിങ്ങള്‍ കാംപസില്‍ ഉഴപ്പേണ്ട! ഗള്‍ഫും അറബിപ്പൊന്നും ഒരിക്കലും ശാശ്വതമല്ല. അത്തറിന്റെ പൂമണം എന്നും ഈ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്ന് നിങ്ങള്‍ വ്യാമോഹിക്കരുത്. ഇതിനു മുമ്പും കുറേ ഗള്‍ഫ് കണ്ടവരാണ് നിങ്ങളുടെ ഉപ്പാപ്പമാരും മൂത്താപ്പമാരും കാരണവന്മാരുമൊക്കെ. റങ്കൂണും സിലോണും സിങ്കപ്പൂരും മലേഷ്യയുമൊക്കെ അന്ന് സമ്പന്നതയുടെ ഉറവിടമായിരുന്നു. എത്രയെത്ര മണിമാളികകളാണ് അതുകൊണ്ട് കെട്ടിപ്പൊക്കിയത്. മക്കളേ, യുദ്ധക്കൊടുങ്കാറ്റടിച്ചപ്പോള്‍ അതെല്ലാം തകര്‍ന്നുവീണു. ഐശ്വര്യത്തിന്റെ എല്ലാ ഉറവിടങ്ങളും കൊട്ടിയടക്കപ്പെട്ടു. പിന്നീട് കേട്ടത് ഈ മണിമാളികകളില്‍നിന്ന് വിശന്നുവലയുന്ന കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിലാണ് '. സി.എച്ചിന് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. കുറേ നേരത്തേക്ക് അദ്ദേഹം നിശ്ശബ്ദനായി. സദസ് മുഴുവനും മൗനത്തിലാണ്ടു. അല്‍പം കഴിഞ്ഞ് കൈ രണ്ടും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്കുയര്‍ത്തി ആ മനുഷ്യസ്‌നേഹി ഗദ്ഗദകണ്ഠനായി പ്രാര്‍ഥിച്ചു: 'എന്റെ നാഥാ, ഗ്രില്‍സ് വെച്ച വീടുകളില്‍നിന്ന് കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചില്‍ കേള്‍ക്കുന്ന ഒരവസ്ഥ ഗള്‍ഫുകാരന് വന്നുഭവിക്കരുതേ! അവന്‍ കെട്ടിപ്പൊക്കിയ മണിമാളികകള്‍ക്ക് നവാബുമാരുടെ ഹവേലിയുടെ വിധി വന്നുചേരരുതേ'. ഡിഗ്രി കഴിഞ്ഞ ഉടന്‍ എങ്ങനെയെങ്കിലും വിസ തരപ്പെടുത്തി ഗള്‍ഫിലേക്ക് വിമാനം കയറണമെന്ന ആഗ്രഹം മാറ്റിവച്ച് തുടര്‍പഠനത്തിനായി അലീഗഡിലേക്ക് വണ്ടി കയറാന്‍ പ്രചോദനമായത് സി.എച്ചിന്റെ ആ വാക്കുകളാണ്.
പഠിക്കാന്‍ വകയില്ലെങ്കില്‍ ആരോടെങ്കിലും സഹായം ചോദിക്കാന്‍ മടിക്കേണ്ട എന്ന് സി.എച്ചിന്റെ ഉപദേശംകൂടി കിട്ടിയപ്പോള്‍ അബൂദബിയിലെ അറബിയുടെ അടുക്കളയില്‍ വെപ്പുകാരനായി വിയര്‍ത്ത് പണിയെടുക്കുന്ന ഒരു ചെറുപ്പക്കാരന്‍ മാസാമാസം അയച്ചുതരുന്ന പണം കൊണ്ട് കാംപസില്‍ നല്ല നിലയില്‍ ജീവിച്ചു. അപ്പോഴും ഒരാവേശമായി സിരകളിലോടിയത് സി.എച്ചിന്റെ വാക്കുകളാണ്. ആ വലിയ നേതാവിന്റെ പ്രാര്‍ഥന ജഗന്നിയന്താവ് കേട്ടത് കൊണ്ടാവണം ഗള്‍ഫ് പ്രവാസത്തിന്റെ അരനൂറ്റാണ്ട് പ്രതിസന്ധികള്‍ മറികടന്ന് മുന്നോട്ടുപോയതും നമ്മുടെയൊക്കെ ജീവിതത്തിന്റെ നിഖില മേഖലകളയും പെട്രോഡോളര്‍ മാറ്റിമറിച്ചതും.

കൂരിരുട്ടില്‍ ഗള്‍ഫുകാര്‍
പരത്തിയ വെളിച്ചം


സി.എച്ചിനെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം നാല് പതിറ്റാണ്ട് മുമ്പ് അദ്ദേഹം ഭയപ്പെട്ട മഹാദുരന്തം നമ്മുടെമേല്‍ വന്നുപതിക്കുന്നത് കാണേണ്ടി വന്നത് കൊണ്ടാണ്. കൊവിഡ് മഹാമാരി വന്ന് അക്കരെനിന്നുള്ള പണത്തിന്റെ ഒഴുക്ക് നിലക്കാന്‍ തുടങ്ങിയപ്പോഴേക്കും ഗള്‍ഫുകാരന്റെ ഗ്രില്‍സ് വെച്ച വീടുകളില്‍നിന്ന് നിശ്ശബ്ദമായെങ്കിലും നെടുവീര്‍പ്പുകളും ഗദ്ഗദങ്ങളും ഉയരുന്നത് കേള്‍ക്കാന്‍ തുടങ്ങിയിരിക്കയാണ്. റമദാന്‍ റിലീഫ് നടത്തുന്നവര്‍ ഇന്നലെ വരെ കണ്ടില്ലെന്ന് നടിച്ച കൂറ്റന്‍ ബംഗ്ലാവിലേക്കും ഏതാനും കിലോ അരിയും പച്ചക്കറിയും നീട്ടിയപ്പോള്‍ സന്തോഷപൂര്‍വം അത് ഏറ്റുവാങ്ങിയ അനുഭവങ്ങള്‍ വാട്‌സാപ്പിലൂടെയും യൂട്യൂബിലൂടെയും നാമറിഞ്ഞു.


കൊറോണവൈറസ് ലോകത്തെയാകമാനം പിടിച്ചുലച്ചപ്പോള്‍, മറ്റൊരു രാജ്യത്തിനും അനുഭവിക്കേണ്ടിവരാത്ത വേദനാജനകമായ അത്യാഹിതത്തിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയില്‍ പശ്ചിമേഷ്യയില്‍ നിലക്കാത്ത യുദ്ധപരമ്പര ലക്ഷങ്ങളെ കൊന്നൊടുക്കിയപ്പോഴോ അറബ് ശൈഖുമാര്‍ തമ്മില്‍ത്തല്ലി പോര്‍ക്കളങ്ങള്‍ തീര്‍ത്തപ്പോഴോ സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട് ആഗോള സമ്പദ്‌വ്യവസ്ഥ ആടിയുലഞ്ഞപ്പോഴോ കേരളത്തിന് കാര്യമായ ക്ഷതമൊന്നും പറ്റിയിരുന്നില്ല. ബോംബ് കാണുമ്പോള്‍ മാറിയൊളിക്കാന്‍ മലയാളിക്ക് അറിയാമായിരുന്നു. കുവൈത്ത് യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോള്‍ പട്ടാളക്കാരന് പുട്ടും കടലക്കറിയും ഉണ്ടാക്കിക്കൊടുത്ത് പിടിച്ചുനില്‍ക്കാന്‍ പഠിച്ചവനായിരുന്നു ശരാശരി മലയാളി. എന്തെല്ലാമെന്തെല്ലാം അത്ഭുതങ്ങളാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍, പ്രവാസികള്‍ നമ്മുടെ നാട്ടില്‍ വിളയിച്ചെടുത്തത്. കഴിഞ്ഞ 500വര്‍ഷം കൊണ്ട് നേടിയെടുക്കാന്‍ സാധിക്കാത്തതെല്ലാം അറബിപ്പൊന്നെന്ന അലാവുദ്ദീന്റെ അത്ഭുതവിളക്ക് കൊണ്ട് അവന്‍ സ്വന്തം നാടിന് നേടിക്കൊടുത്തു. കേരളത്തെ അടിപടലം പരിവര്‍ത്തിപ്പിച്ചെടുത്തു. രാഷ്ട്രീയപാര്‍ട്ടികളെയും നേതാക്കളെയും തിരിച്ചറിയാന്‍ കഴിയാത്ത വിധം പുഷ്ടിപ്പെടുത്തി. മതനേതൃത്വത്തെ സ്വയംപര്യാപ്തരാക്കി. തീന്‍മേശയില്‍ ഭക്ഷണവിപ്ലവം സൃഷ്ടിച്ചു.


1960കളുടെ അന്ത്യത്തില്‍ ദുബൈ എന്ന മരുഭൂമിയില്‍ എണ്ണ കുഴിച്ചെടുക്കുന്നുണ്ടെന്ന് കേട്ടപ്പോള്‍ തന്നെ മലയാളി പായക്കപ്പലിലും പത്തേമാരികളിലും കയറി യാത്രതിരിച്ചതാണ്. വാസ്തവത്തില്‍ പിറന്നമണ്ണ് ആടിയോടിച്ചതായിരുന്നു അവനെ. കേരളം എന്ന നീണ്ടുമെലിഞ്ഞ ഭൂപ്രദേശം പെറ്റുകൂട്ടിയത് ഇന്നാട്ടിന് ഊട്ടിവളര്‍ത്താന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടാണ് കിഴക്കെ പശ്ചിമഘട്ടവും പടിഞ്ഞാറെ അറബിക്കടലും താണ്ടിക്കടന്ന് ജീവസന്ധാരണത്തിന്റെ പെരുവഴിയിലൂടെ അവന്‍ അനന്തമായ യാത്ര എന്നോ ആരംഭിച്ചത്. രാജ്യം സ്വതന്ത്രമായപ്പോള്‍ എന്തായിരുന്നു കേരളത്തിന്റെ അവസ്ഥ? ജാതീയ ഉച്ചനീചത്വങ്ങള്‍ക്കും മതഭ്രാന്തിനുമപ്പുറം ദരിദ്രനാരായണന്മാര്‍ക്ക് ഒരു നേരം ക്ഷുത്തടക്കാന്‍ വല്ല വകയുമുണ്ടായിരുന്നുവോ? കൃഷിയെ മാത്രം ആശ്രയിച്ചുകഴിഞ്ഞ ഒരുസമൂഹത്തിന് സാമൂഹിക മേല്‍ഗതി അപ്രാപ്യമാണെന്ന് കണ്ടപ്പോഴാണ് മക്കള്‍ക്ക് ഏതെങ്കിലും തരത്തലുള്ള വിദ്യാഭ്യാസം നല്‍കാനായി മദിരാശിയിലേക്കും ബോംബെയിലേക്കും കല്‍ക്കത്തയിലേക്കും നാടുകടന്നത്. അവസരം കൈവന്നപ്പോള്‍ സിലോണ്‍, ബര്‍മ, ഇന്തോനേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കും കപ്പല്‍ കയറി. ബ്രിട്ടിഷുകാര്‍ നാട് വിട്ടാല്‍ സ്വാതന്ത്ര്യവും ക്ഷേമൈശ്വര്യവും സ്വപ്നം കണ്ടവര്‍ക്ക് നിരാശയായിരുന്നില്ലേ ഫലം. ഐക്യകേരളത്തിന്റെ ആദ്യ ജനായത്തപരീക്ഷണം തന്നെ അട്ടിമറിക്കപ്പെട്ടു. കൊടും പട്ടിണിയും കടുത്ത നൈരാശ്യവും യുവാക്കളെ തീവ്രചിന്തകളിലേക്ക് ആനയിച്ചു. സംഘര്‍ഷഭരിതവും നിരാശാജനകവുമായ ഒരു കാലസന്ധിയില്‍ രാഷ്ട്രീയനേതൃത്വം ദിശയറിയാതെ ഇരുട്ടില്‍ തപ്പിയ ചരിത്രയാമത്തിലാണ് നേരംപുലരുന്നതിന് മുമ്പേ സാഹസികരായ കുറെ മനുഷ്യര്‍ കെട്ടുതാലി വിറ്റും കറവപ്പശുവിനെ മറ്റൊരുവന്റെ തൊഴുത്തില്‍ മാറ്റിക്കെട്ടിയും പായക്കപ്പലില്‍ കയറി അറബിപ്പൊന്ന് വാരാന്‍ പുറപ്പെടുന്നത്.


ദിവസങ്ങളോളം തീ ഉയരാത്ത അടുപ്പുകളില്‍നിന്ന് പുക പൊങ്ങുന്നത് സ്വപ്നം കണ്ടായിരുന്നു ആ യാത്ര. കുടുംബത്തിനായുള്ള, നാടിനുവേണ്ടിയുള്ള സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആ യാത്രക്കൊടുവില്‍ ഘോര്‍ഫുക്കാന്‍ തീരങ്ങളില്‍ നങ്കൂരമിട്ട പത്തേമാരികളില്‍നിന്ന് കരയിലേക്ക് നീന്തിപ്പിടിച്ച വേദനകളും യാതനകളും സഹിച്ച ഒരുതലമുറ ആരോരുമറിയാതെ ഒഴുക്കിയ കണ്ണീരിന്റെ അവസാനത്തുള്ളികളാണ് ഇപ്പോള്‍ കൊവിഡിന്റെ മണംപുരണ്ട വിമാനങ്ങളില്‍ ഉറ്റി വീഴുന്നത്. മാസ്‌ക് ധരിച്ചതുകൊണ്ട് ലോകമത് കാണുന്നില്ല എന്ന് മാത്രം. ആറ് പതിറ്റാണ്ട് കൊണ്ട് ഗള്‍ഫ് പ്രവാസത്തിന് അന്ത്യം കുറിക്കുകയാണോ? ചിന്തിക്കുന്ന ഒരുശരാശരി മലയാളിക്ക് എങ്ങനെ ഇനി സ്വസ്ഥമായി കിടന്നുറങ്ങാനാവും?

കിനാക്കള്‍ ഖബറടക്കി മടങ്ങുമ്പോള്‍


പ്രവാസികളുടെ മടക്കയാത്രയെ കുറിച്ചാണ് കേരളം ഇന്ന് ചൂടേറിയ ചര്‍ച്ചയിലേര്‍പ്പെട്ടിരിക്കുന്നത്. അവരുടെ വിമാന ടിക്കറ്റിന്റെ കാശ് ആര് കൊടുക്കും എന്ന സംവാദ വിഷയത്തിനപ്പുറമാണ് പ്രശ്‌നം കിടക്കുന്നത്. നമ്മുടെ നാടിന്റ നിലനില്‍പ്പുമായി ബന്ധപ്പെട്ട അതീവ ഗൗരവമേറിയ സമസ്യയാണത്. നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ഒരു പ്രവാസിയും ആഗ്രഹിക്കുന്നില്ല. എന്നാല്‍, കൊവിഡ്മഹാമാരി സൃഷ്ടിച്ച അന്തരീക്ഷവും തകര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയും ദിനേന മരിച്ചുവീഴുന്ന മലയാളികളെ കുറിച്ചുള്ള വര്‍ത്തമാനങ്ങളുമാണ് എങ്ങനെയെങ്കിലും നാട് പിടിക്കണമെന്ന ആഗ്രഹം അവരില്‍ അങ്കുരിപ്പിക്കുന്നത്. തിരിച്ചുവന്നാല്‍ ഇവിടുത്തെ അവസ്ഥ എന്തായിരിക്കുമെന്ന് അറിയാത്തത് കൊണ്ടല്ല, വിമാനടിക്കറ്റിനായി പരക്കം പായുന്നത്. മരുക്കാട്ടില്‍ കൊവിഡ് പിടിപെട്ട് വേദനാജനകമായ മരണം ഏറ്റുവാങ്ങുന്നതിന് മുമ്പ് ഉറ്റവരെയും ഉടയവരെയും ഒരുനോക്ക് കണ്ട് കണ്ണടച്ചാല്‍ മതി എന്ന തീവ്രചിന്തയിലാണ് പലരും.


കൊവിഡ് പ്രതിരോധിക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചത് കൊണ്ടല്ല, ഈയാഴ്ച ലോക്ക്ഡൗണില്‍ ഇളവ് വരുത്തി ജനങ്ങളെ തെരുവിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. അനിശ്ചിതമായി ലോക്ക്ഡൗണ്‍ നീട്ടുന്നതോടെ സമ്പദ്‌വ്യവസ്ഥ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നത് കാണാനാവാത്തത് കൊണ്ടാണ് ഭരണാധികാരികള്‍ അതിജീവനതന്ത്രങ്ങളുടെ ഭാഗമായി കൊവിഡുമായി ചങ്ങാത്തത്തിലേര്‍പ്പെടുന്നത്. അതോടെ, ഒരുഭാഗത്ത് വിപണിയില്‍ ആളനക്കമുണ്ടാവുമ്പോള്‍ മറുഭാഗത്ത് കൂടുതല്‍ ആളുകള്‍ മരിച്ചുവീഴും. ജനനിബിഡമായ മാര്‍ക്കറ്റുകളും മാളുകളും കൊറോണവൈറസിന്റെ ഉല്ലാസകേന്ദ്രമായിരിക്കുമെന്ന് നന്നായി അറിയമായിരുന്നിട്ടും 'സാധാരണനിലയിലേക്ക്'( ഇത് യഥാര്‍ഥത്തില്‍ ലോകം'ഭ്രാന്തനായി' കാണുന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ പ്രയോഗമാണ്) മടങ്ങാന്‍ അധികൃതരെ നിര്‍ബന്ധിക്കുന്നത് വിറങ്ങലിച്ചുനില്‍ക്കുന്ന രാജ്യം അങ്ങനെയെങ്കിലും ഒരിഞ്ച്മുന്നോട്ടുനീങ്ങട്ടെ എന്ന ചിന്തയിലാണ്. ഇതൊന്നും തന്നെ പ്രവാസികള്‍ക്ക് ജീവിതസുരക്ഷിതത്വബോധമോ തൊഴില്‍ സാധ്യതകളോ നല്‍കുന്നില്ല എന്നോര്‍ക്കണം.തൊഴിലുടമക്ക് എന്തുതീരുമാനവുമെടുക്കാനും നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. നഷ്ടത്തിലോടുന്ന ഒരുസ്ഥാപനവും നടത്തിക്കൊണ്ടുപോകാന്‍ ഒരാളും തയാറാവില്ല എന്ന് വരുന്നതോടെ, തൊഴില്‍മേഖലയില്‍നിന്ന് ലക്ഷക്കണക്കിനാളുകള്‍ പുറന്തള്ളപ്പെടുമെന്നുറപ്പാണ്.


തകര്‍ന്ന സമ്പദ്‌വ്യവസ്ഥയില്‍ വിപണിയിലുണ്ടാവുന്ന മാന്ദ്യം ചെറുകിടബിസിനസുകളിലേര്‍പ്പെട്ട മലയാളികളടക്കമുള്ള എണ്ണമറ്റ പ്രവാസികളെ തിരിച്ചുപോക്കിന് നിര്‍ബന്ധിക്കുന്നു. വാസ്തവത്തില്‍ നാട്ടിന്‍പുറങ്ങളിലെ ഈ 'ഗള്‍ഫ് മുതലാളിമാരാണ്' വ്യക്തികള്‍ക്കും മതരാഷ്ട്രീയ സാംസ്‌കാരിക സംരംഭങ്ങള്‍ക്കും കൈയഴിച്ച് സഹായിക്കുന്നത്. അവരാണ് പള്ളി കെട്ടിപ്പൊക്കുന്നതും മദ്‌റസകള്‍ക്ക് കെട്ടിടം പണിയുന്നതും ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും. അവര്‍ സഹായഹസ്തം പിന്‍വലിക്കുന്നതോടെ, എണ്ണമറ്റ മത, സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലക്കും. നിരവധി പേര്‍ തൊഴില്‍രഹിതരാവും. നാട്ടിമ്പുറങ്ങളിലടക്കം കനത്ത ദാരിദ്ര്യവും പട്ടിണിയും കൂട്ടനിലവിളിയും ഉയരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്ള വീടുകളിലേക്ക് മുമ്പ് കാലത്തെ പോലെ എല്ലാവരും അസൂയയോടെ നോക്കുന്ന ഒരുകാലഘട്ടമാണ് വരാന്‍ പോകുന്നത്. ഗള്‍ഫ് ശാശ്വതമല്ലെന്ന സി.എച്ചിന്റെ വാക്കുകള്‍ നമ്മുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും.


ചുരുങ്ങിയത് അഞ്ചു ലക്ഷം മലയാളികള്‍ വിദേശരാജ്യങ്ങളില്‍നിന്ന് തിരിച്ചുവരുന്നതോടെ തന്നെ കേരളം കടുത്ത സാമ്പത്തിക അരാജകത്വത്തിലേക്കും അതുവഴി രാഷ്ട്രീയപ്രക്ഷുബ്ധതയിലേക്കും നീങ്ങുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. പ്രശ്‌നങ്ങള്‍ സത്യസന്ധമായി കൈകാര്യം ചെയ്യുന്നതിനുപകരം വിവാദങ്ങളുണ്ടാക്കി ചാനല്‍ചര്‍ച്ചകളിലൂടെ അതീവ സങ്കീര്‍ണതയിലെത്തിച്ച് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമങ്ങളായിരിക്കും ഇനി കാണാന്‍ പോകുന്നത്. ഏതെങ്കിലുമൊരുസര്‍ക്കാരിന്, സാമ്പത്തിക പാക്കേജിലൂടെ പരിഹരിക്കാന്‍ പറ്റുന്നതാവില്ല ഇത്തരം പ്രതിസന്ധികള്‍. നാടുംനഗരവും ഒരുപോലെ ഞെരുക്കത്തിന്റെയും ദാരിദ്ര്യത്തിന്റെയും പിടിയിലമരുമ്പോള്‍ സമാശ്വാസത്തിന് വല്ല സഹായവും ചെയ്യാനേ ഭരണകുടത്തിന് സാധിക്കുകയുള്ളൂ. മാസങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ വര്‍ഷങ്ങളെടുത്തോ കൊവിഡിനെ ഫലപ്രദമായി കീഴടക്കാന്‍ സാധിച്ചാലും അത് സൃഷ്ടിച്ച സാമൂഹിക, സാമ്പത്തിക അനര്‍ഥങ്ങള്‍ ഒരുതലമുറ കൊണ്ട് അനുഭവിച്ചുതീര്‍ക്കാന്‍ കഴിയുന്നതിലുമപ്പുറമാവാം. ലോകചരിത്രത്തില്‍ ആഗോളസമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും ഇത്രകണ്ട് പിടിച്ചുലച്ച ഒരു മഹാമാരി മുമ്പുണ്ടായിട്ടില്ല എന്നതാണ് സത്യം. അതിനാല്‍ ഇതിന്റെ പ്രത്യാഘാതങ്ങളും ഏത് വിദഗ്ധന്റെ നിരീക്ഷണങ്ങള്‍ക്കുമപ്പുറത്തായിരിക്കാം. പുതിയൊരു കേരളമായിരിക്കും കൊവിഡാനന്തരം രൂപപ്പെടാന്‍പോകുന്നത്. നവകേരളം എന്ന നിറംപകര്‍ന്ന നമ്മുടെ സ്വപ്നങ്ങള്‍ക്ക് പുതിയ ഭാവുകത്വങ്ങള്‍ പകര്‍ന്ന് അതിജീവനവഴിയില്‍ മനുഷ്യത്വവും ലാളിത്യവും പാരസ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന, 'പഴയ' കേരളമായിരിക്കും നമ്മളെ കാത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago