മലപ്പുറത്ത് വോട്ടെണ്ണല്‍ നാളെ; ഫലം ഉറ്റുനോക്കി രാഷ്ട്രീയ കേരളം
മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടരയോടെ ആദ്യഫലസൂചനകള്‍ പുറത്തുവരും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. മൂന്നു മണിക്കൂറിനകം അന്തിമഫലം ലഭ്യമാകുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിരിക്കുന്നത്. മലപ്പുറം ഗവ. കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
കഴിഞ്ഞ 12നായിരുന്നു മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 16ന് വിജ്ഞാപനം ഇറങ്ങിയ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പ്രചാരണത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളായിരുന്നു ഇടതു-വലതു മുന്നണികള്‍ മുഖ്യവിഷയമാക്കിയിരുന്നത്. ഇതിനിടെ സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് രംഗം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ നിര്‍ജീവമായിരുന്ന ഇടതു ക്യാംപുകള്‍ സജീവമായി.
ഫൈസല്‍-റിയാസ് മുസ്‌ലിയാര്‍ വധം, സ്ത്രീകള്‍ക്കെതിരേയുള്ള അത്രികമം, എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച, മഹിജക്കു നേരെയുള്ള പൊലിസ് അതിക്രമം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടിയത്. മലപ്പുറം തെരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ വിലയിരുത്തലാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പ്രചാരണവേളയില്‍ പറഞ്ഞിരുന്നു.
രണ്ടുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇ അഹമ്മദ് വിജയിച്ച മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ലീഡ് കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് എല്‍.ഡി.എഫ് പ്രചാരണം ശക്തമാക്കിയത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ ശതമാനം മാത്രമാണ് വോട്ട് കൂടിയത്. ഇടതു-വലതു മുന്നണികള്‍ക്ക് പുറമെ എന്‍.ഡി.എക്കും സംതൃപ്തിയുണ്ടാക്കുന്ന ഫലമായിരിക്കും നാളെ പുറത്തുവരികയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ കഴിഞ്ഞ ദിവസം മൂന്നു മുന്നണികളും അവലോകനയോഗം ചേര്‍ന്നിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ 51.28 ശതമാനം വോട്ടുകള്‍ നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ അഹമ്മദ് വിജയിച്ചത്.
ജയം ഉറപ്പുള്ള മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ഇതിനേക്കാള്‍ കൂടുതല്‍ വോട്ട് നേടാനാകുമെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ നിലമെച്ചപ്പെടുമെന്നുമാണ് യു.ഡി.എഫ് വിലയിരുത്തല്‍.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ആവര്‍ത്തിക്കുമെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് നിലയില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും എല്‍.ഡി.എഫ് വിലയിരുത്തുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ 60,000ത്തിലധം വോട്ടു നേടിയ ബി.ജെ.പി ഇത്തവണ ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."