നിങ്ങള്‍ക്കു പേടിയാണ്, പ്രതികരിക്കാനാകില്ല!
''പീഡനക്കേസില്‍ പ്രതിയായ ദിലീപിനെ സിനിമക്കാരുടെ സംഘടന തിരിച്ചെടുത്തതില്‍ രോഷംകൊണ്ട രാഷ്ട്രീയനേതാക്കളും വനിതാസംഘടനക്കാരും വനിതാകമ്മിഷനുമെന്തേ കര്‍ത്താവിന്റെ സ്വന്തക്കാരായ അഞ്ചുവൈദികര്‍ ഒരു വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചതിനെതിരേ പ്രതികരിക്കാത്തത്. ഇവിടത്തെ സാംസ്‌കാരികനായകന്മാരെന്താ ഒരക്ഷരം ഉരിയാടാത്തത്. മാധ്യമങ്ങളെന്താ അതു ചര്‍ച്ച ചെയ്യാത്തത്.''
സുഹൃത്തായ നൈസാം കഴിഞ്ഞദിവസം ടെലിഫോണില്‍ വിളിച്ച് ഇങ്ങനെ ചോദിച്ചു.
നീതിരഹിതമായി എന്തെങ്കിലുമുണ്ടായാല്‍ നൈസാമിന്റെ ടെലിഫോണ്‍ വിളി ഉടനെ പ്രതീക്ഷിക്കാം. എന്തിനുമേതിനും 'ആധികാരിക' പ്രതികരണം നടത്തുന്ന ഒരു സാംസ്‌കാരികനായകനോട് താന്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍, 'എവിടെ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയാ'മെന്നു പറഞ്ഞ് അദ്ദേഹം ഫോണ്‍ ഡിസ്‌കണക്ട് ചെയ്യുകയായിരുന്നത്രേ.
നൈസാം ഈ ചോദ്യം ചോദിച്ച് ഒന്നുരണ്ടുദിവസം കഴിഞ്ഞാണു മലയാളിയായ ജലന്ധര്‍ ബിഷപ്പ് തന്നെ 2014 മുതല്‍ പല ഘട്ടങ്ങളിലായി 13 പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു കന്യാസ്ത്രീ രംഗത്തുവന്നത്. ആത്മീയനേതാക്കന്മാര്‍ പീഡകന്മാരാകുന്നുവെന്നാണു രണ്ടു പരാതിയും. വളരെ ഗുരുതരമായ ആരോപണം.
ഇവിടെ, നൈസാമിന്റെ ചോദ്യം പ്രസക്തമല്ലേ.
ദിലീപിനെതിരേയും എ.ഡി.ജി.പിയുടെ മകള്‍ക്കെതിരേയും ഗണേഷ്‌കുമാറിനെതിരേയും വാതോരാതെ പ്രതികരിച്ച (ആ പ്രതികരണങ്ങള്‍ അനിവാര്യം തന്നെയെന്നു സമ്മതിക്കുന്നു) ആളുകള്‍ അവയേക്കാളേറെ ഗുരുതരമായ പാതിരിപ്പീഡനം സംബന്ധിച്ച പരാതിയില്‍ നടപടികളൊന്നുമില്ലാത്തതിനെക്കുറിച്ചു ഭജിക്കുന്നു! വിചിത്രമല്ലേ ഈ നിലപാട്.
(ഈ കുറിപ്പെഴുതി തീര്‍ത്ത ശേഷമാണു മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പാതിരിപ്പീഡനത്തിനെതിരേ പൊലിസില്‍ പരാതി നല്‍കിയത്. അതിന് അദ്ദേഹത്തിനു സ്തുതി പറയുന്നു.)
അന്വേഷിച്ചു സത്യമെങ്കില്‍ നടപടിയെടുക്കുമെന്നു സഭാനേതൃത്വം ഇതിനിടയില്‍ ഭംഗിവാക്കായെങ്കിലും പറഞ്ഞു. അതുപോലെ ഒഴുക്കന്‍ മട്ടിലൊരു പ്രതികരണമെങ്കിലും സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളില്‍ നിന്നുണ്ടായില്ല. ഒരു സ്ത്രീ സംഘടനയും രംഗത്തുവന്നില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനും അതിനെതിരേ നടപടിയെടുക്കാനും ബാധ്യസ്ഥമായ വനിതാകമ്മിഷനും മിണ്ടാട്ടമില്ല.
വിവാഹത്തിനു മുമ്പ് ഒരു വൈദികന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന കുമ്പസാര രഹസ്യം പുറത്തറിയിക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ചുവൈദികര്‍ തന്റെ ഭാര്യയെ പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് അവരുടെ ഭര്‍ത്താവിന്റെ ആരോപണം. ആദ്യം ആരും ഇതു ഗൗനിച്ചില്ല. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ ചര്‍ച്ചയായതോടെയാണ്, നിഷ്പക്ഷമായി അന്വേഷിക്കുമെന്നും തെളിഞ്ഞാല്‍ കര്‍ക്കശ നടപടിയുണ്ടാകുമെന്നും ഓര്‍ത്തഡോക്‌സ് സഭ പ്രഖ്യാപിച്ചത്.
ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടെങ്കിലും ആരോപണവിധേയര്‍ ശിക്ഷിക്കപ്പെടുമെന്നു വിശ്വസിക്കാനാവില്ല. വി.എസ്സിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും കേസ് തെളിയിക്കാന്‍ ആരോപണമുന്നയിച്ച ഭര്‍ത്താവിനു കഴിയുമെന്നും തോന്നുന്നില്ല.
കാരണം, പീഡിപ്പിക്കപ്പെട്ടെന്നു കരുതുന്ന സ്ത്രീ ഇതുവരെ പൊലിസിലോ സഭയിലോ പരാതി നല്‍കിയിട്ടില്ല.
ഭാര്യയെ തനിക്കെതിരേ തിരിച്ചുവിടാനും തനിക്കെതിരേ കേസുകൊടുപ്പിക്കാനും കുറ്റാരോപിതരുടെ അടുപ്പക്കാര്‍ ശ്രമിക്കുന്നുവെന്ന ഭര്‍ത്താവിന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ വാദി പ്രതിയാക്കപ്പെടാനാണു സാധ്യത.
തന്നെ പീഡിപ്പിച്ചുവെന്ന് ആ സ്ത്രീ പറഞ്ഞാലല്ലേ വൈദികര്‍ അഴിക്കുള്ളിലാകൂ. പീഡിപ്പച്ചവരുടെ ശിങ്കിടികള്‍ അങ്ങനെ പറയിപ്പിക്കില്ലെന്നാണു ഭര്‍ത്താവിന്റെ വാക്കുകളില്‍ നിന്നു മനസ്സിലാക്കേണ്ടത്. ആരോപണവിധേയരായ വൈദികരിലൊരാള്‍ മെത്രാപ്പോലിത്തയുടെ വലംകൈയാണെന്ന ആരോപണവും ഭര്‍ത്താവ് ഉയര്‍ത്തിയിട്ടുണ്ട്. അതു ശരിയാണെങ്കില്‍ 'എല്ലാം എളുപ്പം ശരിയാക്കപ്പെടും'. ഒരമ്മയെയും മകനെയും എം.എല്‍.എ പെരുവഴിയിലിട്ടു തല്ലിയിട്ടും സമുദായനേതൃത്വം കണ്ണുരുട്ടി ഒതുക്കിയ നാടാണിത്. മതിയായ പരാതിയും തെളിവായി മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുമുണ്ടായിട്ടും പതിനൊന്നു ദിവസം കേസെടുക്കാതെ ആരോപണവിധേയനെ രക്ഷിക്കാന്‍ ഒത്താശ ചെയ്ത പൊലിസുള്ള നാടാണിത്. പൊലിസേമാന്റെ മകള്‍ തല്ലിച്ചതച്ച പൊലിസ് ഡ്രൈവറെ ഇല്ലാത്ത ലൈംഗികപീഡനക്കേസില്‍ കുരുക്കാന്‍ വനിതാ പൊലിസുകാര്‍ക്കിടയില്‍ ഇരയെ തപ്പി നടക്കുന്ന കാക്കിയുടുപ്പുകാരുടെ നാടാണിത്.
ആരോപണം ഉന്നയിച്ചവര്‍ക്ക് അതു തെളിയിക്കുന്നതിനുള്ള അവസരവും കുറ്റാരോപിതര്‍ക്ക് അര്‍ഹമായ സാമൂഹ്യനീതിയും ഉറപ്പാക്കുമെന്നു സഭ പറഞ്ഞിട്ടുണ്ട്. കാര്യങ്ങളെല്ലാം നേര്‍വഴിക്കാണെങ്കില്‍ ഇതു നല്ല നിലപാടാണ്. നീതിപീഠത്തിന്റെ മാര്‍ഗവും ഇതാണല്ലോ. പക്ഷേ, തെളിവുകള്‍ മുന്നിലെത്തിയാലല്ലേ നിഷ്പക്ഷനായ ന്യായാധിപനു പോലും നീതി നടപ്പാക്കാനാകൂ. തെളിവില്ലെങ്കില്‍ ആയിരക്കണക്കിനു കുറ്റവാളികള്‍ രക്ഷപ്പെടുക തന്നെ ചെയ്യും. വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു കന്യാസ്ത്രീയുടെ മാനവും ജീവനും അപഹരിച്ച ഇതേ പോലൊരു വൈദിക കാമവെറിയുടെ കഥയോര്‍ക്കുന്നില്ലേ. കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടപ്പോള്‍ പൊലിസിനും സഭയ്ക്കും രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കുപോലും ഒരു സംശയവുമില്ലായിരുന്നു. ഉറക്കച്ചടവില്‍ വെള്ളം കോരാന്‍ ചെന്നപ്പോള്‍ കിണറില്‍ കാല്‍ വഴുതി വീണതാകാമെന്നാണ് എല്ലാവരും വിധിയെഴുതിയത്.
നാട്ടുകാരില്‍ നിന്നു പരാതിയുയര്‍ന്നപ്പോള്‍ പൊലിസ് മനമില്ലാമനസ്സോടെ അന്വേഷിച്ചു. തുമ്പൊന്നും കിട്ടിയില്ല. നാട്ടുകാര്‍ പ്രക്ഷോഭം തുടര്‍ന്നപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണമേറ്റെടുത്തു. അപ്പോള്‍ മരണം ആത്മഹത്യയായി. പൊലിസിനെക്കൊണ്ടു ഗുണമില്ലെന്നു കണ്ടു കോടതി കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചു. അവരന്വേഷിച്ചിട്ടും ഗുണമുണ്ടായില്ല. കോടതി പിടിമുറുക്കിയപ്പോള്‍ കൊലപാതകമാണെന്നും പക്ഷേ, പ്രതികളാരെന്ന് അറിയില്ലെന്നുമായി. കോടതി വിടാതെ പിടിച്ചപ്പോഴാണ് ഒടുവില്‍ ളോഹയിട്ട പ്രതികളെ പിടികൂടാനായത്. ഒരു കൊലക്കേസിന്റെ അവസ്ഥ ഇതാണെങ്കില്‍ ലൈംഗികപീഡനക്കേസിന്റെ ഗതിയെന്താകും. ലൈംഗികവികാരം സ്വാഭാവികമാണ്. കാമസംപൂര്‍ത്തി ഏതൊരു ജീവിയുടെയും അവകാശമാണ്. മൃഗങ്ങളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യരില്‍ അതു മാന്യവും സഭ്യവും സാംസ്‌കാരികവുമായ രീതിയിലായിരിക്കണം. നല്ല മതങ്ങള്‍ അതാണു പഠിപ്പിക്കുന്നത്, പഠിപ്പിക്കേണ്ടത്. സാധാരണജീവിതം നയിക്കാന്‍ പൗരോഹിത്യം തടസ്സമാണെങ്കില്‍ അതുപേക്ഷിച്ചു കുടുംബസുഖം അനുഭവിക്കാമായിരുന്നു.
വ്യഭിചാരം സഭ്യമല്ല, അസാംസ്‌കാരികമാണ്. സാധാരണക്കാര്‍ക്കു പോലും നിഷിദ്ധമായ വ്യഭിചാരം പുരോഹിതന്മാര്‍ ചെയ്യുമ്പോള്‍ ഗുരുതരമാകുന്നു. കുമ്പസാര രഹസ്യം പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തിയാണു പീഡനമെങ്കില്‍ അതു മതനിന്ദയാകുന്നു. അതിന് കൂട്ടുനില്‍ക്കുന്നവര്‍ ആരായാലും അവര്‍ ചെയ്യുന്നതു ദൈവനിന്ദയാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."