തുടക്കം സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്
ചെന്നൈ: ഐ.പി.എല്‍ 12ാം സീസണിലെ തുടക്കം സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. മഞ്ഞപ്പടയുടെ സ്പിന്‍ ബൗളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ എഴ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ച് ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലെത്തിയവരെ നിരാശരാക്കിയാണ് ഐ.പി.എല്ലിന് തുടക്കം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 70 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്. 28 റണ്‍സെടുത്ത അമ്പാട്ടി റായിഡുവാണ് ചെന്നൈയെ അനായാസം വിജയത്തിലെത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ ഹര്‍ഭജനും ഇമ്രാന്‍ താഹിറും ചേര്‍ന്ന സ്പിന്നര്‍മാര്‍ 70 റണ്‍സിന് കൂടാരം കയറ്റി. 29 റണ്‍സെടുത്ത പാര്‍ഥീവ് പട്ടേലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. ബാക്കി ഒരൊറ്റ ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കണ്ടില്ല. ചെന്നൈക്ക് വേണ്ടി ഹര്‍ഭജന്‍ സിങ്ങും ഇമ്രാന്‍ താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റെടുത്തു. അവസാന വിക്കറ്റ് ബ്രാവോക്കായിരുന്നു.
വിരാട് കോഹ്‌ലി (6), മോയിന്‍ അലി (9), എ.ബി ഡിവില്ലിയേഴ്‌സ് (9), ഷിംറോണ്‍ ഹെറ്റ്മയര്‍ (0), ഷിവം ദുബെ (2), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (4), നവ്ദീപ് സൈനി (2), ചഹല്‍ (4), ഉമേഷ് യാദവ് (1) ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാരുടെ പവലിയനിലേക്കുള്ള കൂട്ടപലായനത്തിനായിരുന്നു ചെപ്പോക്ക് സാക്ഷ്യം വഹിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സെത്തിയപ്പോഴേക്കും കോഹ്‌ലിയെ ഭാജി രവീന്ദ്ര ജഡേജയുടെ കൈയിലെത്തിച്ചു. ആറാം ഓവറില്‍ സ്വന്തം പന്തില്‍ മോയിന്‍ അലിയെ ക്യാച്ചെടുത്ത് ഹര്‍ഭജന്‍ വീണ്ടും ബാംഗ്ലൂരിന് വെല്ലുവിളിയുയര്‍ത്തി. പിന്നീടെത്തിയ ഡിവില്ലിയേഴ്‌സിനെ നിലയുറപ്പിക്കും മുന്‍പേ ഹര്‍ഭജന്‍ മടക്കി. എട്ടാം ഓവറിലെ ആദ്യ പന്തില്‍ ഇമ്രാന്‍ താഹിര്‍ ക്യാച്ച് വിട്ടെങ്കിലും രണ്ടാം പന്തില്‍ ജഡേജയുടെ ക്യാച്ചില്‍ ക്രീസ് വിടാനായിരുന്നു ഡിവില്ലിയേഴ്‌സിന്റെ വിധി.
ഐ.പി.എല്ലില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഹെറ്റ്‌മെയര്‍ നേരിട്ട രണ്ടാം പന്തില്‍ റണ്‍ഔട്ടായി. റെയ്‌നയുടെ ത്രോയില്‍ ധോണി കുറ്റി തെറിപ്പിക്കുകയായിരുന്നു. അടുത്ത ഊഴം ഇമ്രാന്‍ താഹിറിന്റേതായിരുന്നു. രണ്ട് റണ്‍സെടുത്ത ഷിവം ദുപെയായിരുന്നു താഹിറിന്റെ ആദ്യ ഇര. പിന്നാലെ നാല് റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഗ്രാന്‍ഡ്‌ഹോമിനെ ജഡേജ, ധോണിയുടെ കൈയിലെത്തിച്ചു. ആറു റണ്‍സിന്റെ ഗ്യാപ്പില്‍ നവദീപ് സയ്‌നിയേയും (2) യുസ്‌വേന്ദ്ര ചാഹലിനേയും (4) ഇമ്രാന്‍ താഹിര്‍ മടക്കിയപ്പോള്‍ ഒരു റണ്ണെടുത്ത ഉമേഷ് യാദവിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി.
29 റണ്‍സുമായി ചെറുത്തുനില്‍പ്പ് നടത്തിയ പാര്‍ത്ഥീവ് പട്ടേലിനെ പുറത്താക്കി ബ്രാവോ ബാംഗ്ലൂരിന്റെ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. ചെറിയ വിജയലക്ഷ്യമാണ് പിന്തുടര്‍ന്നതെങ്കിലും സി.എസ്.കെയുടെ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു. ആര്‍.സി.ബിക്കായി ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലായിരുന്നു. മെയ്ഡനോടെയാണ് ചഹല്‍ തുടങ്ങിയത്. 10 പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതെ പതറിയ വാട്‌സനെ തന്റെ അടുത്ത ഓവറില്‍ ചഹല്‍ ക്ലീന്‍ ബൗള്‍ഡാക്കി. ടീം സ്‌കോറില്‍ എട്ടു റണ്‍സുള്ളപ്പോഴായിരുന്നു വാട്‌സന്റെ മടക്കം. സുരേഷ് റെയ്‌നയാണ് രണ്ടാമതായി പുറത്തായത്. 21 പന്തുകളില്‍ മൂന്നു ബൗണ്ടറികളോടെ 19 റണ്‍സാണ് റെയ്‌ന നേടിയത്. മോയിന്റെ ബൗളിങില്‍ ബൗണ്ടറിക്കു ശ്രമിച്ച റെയ്‌നയെ ലൈനിന് അരികെ ശിവം ദുബെ പിടികൂടി. ഈ ഇന്നിങ്‌സോടെ ഒരു അപൂര്‍വ നാഴികക്കല്ല് അദ്ദേഹം പിന്നിട്ടു. ഐ.പി.എല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരമെന്ന റെക്കോര്‍ഡാണ് റെയ്‌ന സ്വന്തം പേരില്‍ കുറിച്ചത്. പിന്നീടെത്തിയ കേദാര്‍ ജാദവും (19*) രവീന്ദ്ര ജഡേജയും (6*) ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."