ഇരുളിന്റെ ലോകത്തും വിടരുന്നത് സിഷ്ണയുടെ പുഞ്ചിരി
കണ്ണൂര്‍: കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോല്‍പ്പിച്ച അമേരിക്കന്‍ വനിതയായ ഹെലന്‍ കെല്ലറെ പോലെ സിഷ്ണയ്ക്കും കാണാനോ കേള്‍ക്കാനോ സംസാരിക്കാനോ കഴിയില്ല. എന്നാല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ താരമായത് സിഷ്ണയായിരുന്നു. വൈകല്യങ്ങള്‍ തീര്‍ത്ത ഇരുട്ടില്‍ സ്വയം വെളിച്ചമായി പുഞ്ചിരി തൂകുകയാണ് തലശ്ശേരി കുണ്ടുചിറ സ്വദേശിനി സിഷ്ണ ആനന്ദ്. ആദ്യമായാണ് ജില്ലാ വികസന സമിതി യോഗത്തില്‍ ഭിന്നശേഷിയുള്ള ഇത്തരമൊരു അതിഥി എത്തുന്നത്. കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സിഷ്ണയും പിതാവും യോഗത്തില്‍ എത്തിയത്. അച്ഛന്‍ ആനന്ദ കൃഷ്ണന്റെ സഹായത്തോടെയാണ് സിഷ്ണ സംസാരിച്ചത്. വൈകല്യങ്ങള്‍ ഉണ്ടെങ്കിലും താന്‍ ഏറെ സന്തോഷവതിയാണെന്നു സിഷ്ണ പറഞ്ഞു.
സിഷ്ണ നിര്‍മിച്ച വിവിധങ്ങളായ ഉല്‍പ്പന്നങ്ങളുടെ വില്‍പനയും കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നു. കുടകള്‍, കടലാസു പേനകള്‍, ഉപയോഗശൂന്യമായ സഞ്ചികള്‍ കൊണ്ട് നിര്‍മിച്ച പൂക്കള്‍, ഡിസൈന്‍ ഷീറ്റുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഉണ്ടായിരുന്നത്.
മെഴുകുതിരി, ചന്ദനത്തിരി, കരകൗശലവസ്തുക്കള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ വേറേയും സിഷ്ണ നിര്‍മിക്കുന്നുണ്ട്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സിഷ്ണയേയും പിതാവിനേയും സന്ദര്‍ശിച്ചു. സിഷ്ണ നിര്‍മിച്ച കുട മന്ത്രി വാങ്ങി. ഓണത്തിന് ഒരു മുറം പച്ചക്കറി കിറ്റ് മന്ത്രി സമ്മാനിച്ചു. പ്രീതയാണ് സിഷ്ണയുടെ അമ്മ. അനിയന്‍ വൈഷ്ണവ് ആനന്ദ് പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഇപ്പോള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളില്‍ എസ്.എസ്.എല്‍.സി പഠിക്കുകയാണ് സിഷ്ണ. എന്നാല്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ വായിക്കാനും എഴുതാനും ഏറെ സഹായകമായിരുന്ന പവര്‍ ബ്രെയില്‍ എന്ന ഉപകരണം തകരാറായതോടെ പഠനം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഡാന്‍സ്, നാടകം തുടങ്ങിയ കലാപരമായ കഴിവുകളിലും ഏറെ മുന്നിലാണ് ഈ മിടുക്കി. ഹെലന്‍ കെല്ലറുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള നാടകം സംവിധാനം ചെയ്യുകയും അതില്‍ ഹെലന്റെ വേഷം അഭിനയിക്കുകയും ചെയ്തിട്ടുണ്ട് സിഷ്ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."