വനം വകുപ്പിന്റെ പിടിവാശിയെന്ന് ആരോപണം റോഡ് വികസനം പാതിവഴിയില്‍
ബോവിക്കാനം: വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ റോഡ് വികസനം പാതിവഴിയില്‍ നിലച്ചത് യാത്രക്കാര്‍ക്ക് ദുരിതം തീര്‍ക്കുന്നു. പതിറ്റാണ്ടുകളായി നാട്ടുകാര്‍ ഉപയോഗിക്കുന്ന മഞ്ചക്കല്‍-ബെള്ളിപ്പാടി റോഡ് വികസനമാണ് വനം വകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ പാതി വഴിയിലായത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ ബെള്ളിപ്പാടി വരെ ടാറിങ്ങ് നടത്തിയെങ്കിലും സംരക്ഷിത വനത്തിലൂടെയുള്ള 200 മീറ്റര്‍ ഭാഗമാണ് വനം വകുപ്പിന്റെ നിയമത്തില്‍ കുടുങ്ങി ടാറിങ് ചെയ്യാനാവാതെ കിടക്കുന്നത്.
റോഡ് തുടങ്ങുന്ന മഞ്ചക്കല്‍ മുതല്‍ നേരത്തെ തന്നെ വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ ആവശ്യമായ വീതിയുണ്ട്. അതിനാല്‍ റോഡ് ടാര്‍ ചെയ്യുമ്പോള്‍ ഒരൊറ്റമരം പോലും മുറിച്ചു മാറ്റേണ്ടി വന്നിട്ടില്ല. കൂടാതെ റോഡു നിര്‍മാണത്തിന്റെ പേരില്‍ വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന രീതിയില്‍ മറ്റു നഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
നാട്ടുകാരും പഞ്ചായത്ത് അധികൃതരും പലതവണ ആവശ്യപ്പെട്ടിട്ടും ടാര്‍ ചെയ്യാന്‍ അനുമതി നല്‍കാതെ വനം വകുപ്പ് അധികൃതര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണെന്നാണ് ആരോപണം. മുളിയാര്‍ പഞ്ചായത്തിലെ ബെള്ളിപ്പാടി, പെരുടുക്കം പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ഗതാഗത മാര്‍ഗമാണ് ഈ റോഡ്. ടാറിങ്ങ് ചെയ്യാന്‍ ബാക്കിയുള്ള ഭാഗങ്ങളില്‍ റോഡില്‍ കല്ലും മണ്ണും ഇളകി കിടക്കുന്നത് മഴക്കാലത്ത് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണു നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."