ഇരട്ടി പലിശ വാഗ്ദാനം ചെയ്ത് ബ്ലേഡ് മാഫിയ സംഘം വായ്പാ തുക തട്ടിയെടുത്തതായി പരാതി
കാക്കനാട് : സഹകരണ ബാങ്കില്‍ കിടപ്പാടം പണയപ്പെടുത്തി പട്ടിക വിഭാഗക്കാര്‍ക്ക് നല്‍കിയ വായ്പാ തുക ഇരട്ടി പലിശ വാഗ്ദാനം നല്‍കി ബ്ലേഡ് മാഫിയ സംഘം തട്ടിയെടുത്തതായി പരാതി. മരട് നഗരസഭ പ്രദേശത്തെ എണ്‍പതില്‍പ്പരം പട്ടിക വിഭാഗക്കാരാണ് സംസ്ഥാന പട്ടികജാതി വര്‍ഗ കമ്മിഷന് പരാതി നല്‍കിയത്. രണ്ട് മുതല്‍ അഞ്ച് സെന്റുവരെ കിടപ്പാടമുള്ള സാധാരണക്കാര്‍ക്ക് മരട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് വന്‍ തുക വായ്പ നല്‍കിയിരുന്നു. പ്രദേശത്തെ പണമിടപാട് സംഘം ഇരട്ടി പലിശ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇത് തട്ടിയെടുക്കുകയായിരുന്നു. വസ്തു ജാമ്യത്തില്‍ ബാങ്ക് വായ്പയെടുത്ത് നല്‍കുന്നവര്‍ക്ക് ഇരട്ടിത്തുക വായ്പയിനത്തില്‍ നല്‍കാമെന്നും ഇതില്‍ പകുതി തുക വിനിയോഗിച്ച് ബാങ്കിലെ പലിശയും ലോണും തിരിച്ചവും നടത്തി മൂന്ന് വര്‍ഷത്തിനകം മുഴുവന്‍ തുകയും തിരിച്ചടച്ച് ബാധ്യത തീര്‍ക്കാമെന്ന് വിശ്വാസിപ്പിച്ചായിരുന്നു പണമിടപാട് സംഘം പാവങ്ങളെ തട്ടിപ്പിനിരയാക്കിയത്.
അഞ്ച് മുതല്‍ പതിനഞ്ച് ലക്ഷം വരെ വായ്പയെടുത്തവരാണ് കബളിപ്പിക്കപ്പെട്ടവര്‍. വായ്പാ പണം വാങ്ങിയ പണമിടപാട് സംഘം ആദ്യത്തെ രണ്ട് മാസം പലിശ നല്‍കിയെങ്കിലും പിന്നീട് പലിശയും മുതലും നല്‍കിയില്ല. മുതലും പലിശയും തിരിച്ചടവ് വൈകിയതോടെ വായ്പയെടുത്ത കുടുംബങ്ങള്‍ ജപ്തി ഭീഷണിയിലാണ്. 2006 മുതല്‍ വായ്പയെടുത്തവരാണ് കബളിപ്പിക്കപ്പെട്ടത്. പട്ടിക വിഭാഗക്കാര്‍ക്ക് ഉദാരമായി വായ്പ അനുവദിച്ച ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് വായ്പാ തിരിച്ചടവിനുള്ള സാധ്യതയും പരിശോധിച്ചിരുന്നില്ല. അപേക്ഷിച്ചവര്‍ക്കെല്ലാം വായ്പ അനുവദിക്കുകയും ചെയ്തു. കണ്ണന്‍ എന്ന ശ്യാം കുമാറാണത്രേ ബ്ലേഡ് മാഫിയയുമായുള്ള ഇടപാടിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.
ബാങ്ക് നല്‍കിയ വായ്പത്തുക തട്ടിച്ചെടുത്ത പണമിടപാട് സംഘം തുക കൈപ്പറ്റിയതിന് ചെക്ക് ലീഫും മുദ്രപ്പത്രത്തില്‍ എഴുതിയുമാണ് പട്ടിക വിഭാഗക്കാര്‍ക്ക് നല്‍കിയത്. ഇടനിലക്കാരനായ കണ്ണനെതിരെ പൊലിസ് നേരത്തെ കേസെടുത്തിരുവെങ്കിലും അന്വേഷണം കാര്യക്ഷമായിരുന്നില്ല. രണ്ട് സെന്റ് കിടപ്പാടമുള്ള പട്ടിക ജാതിക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിച്ച ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് വായ്പ അനുവദിച്ചതില്‍ ഉദാര നടപടി സ്വീകരിച്ചതിലും ദുരൂഹതയുണ്ട്. ജാമ്യമായി നല്‍കി വസ്തുവിന്റെ വിപണിമൂല്യവും ബാങ്ക് പരിശോധിക്കാതെയാണ് പട്ടിക വിഭാഗക്കാര്‍ക്ക് വന്‍ തുക വായ്പ അനുവദിച്ചതെന്ന് കബളിപ്പിക്കപ്പെട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച ജപ്തി വിരുദ്ധ സമിതി സെക്രട്ടറി ശരത് പി. രാജ് ഹരജിയില്‍ ആരോപിച്ചു. പണമിടപാട് സംഘം ബാങ്കിനെ സ്വാധീനിച്ച് വായ്പ തുക തരപ്പെടുത്തിയതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."