HOME
DETAILS
MAL
കര്‍ഫ്യൂവിലും അണയാതെ അമേരിക്കയിലെ പ്രതിഷേധാഗ്നി
backup
June 04 2020 | 00:06 AM
അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്ത് കഴിഞ്ഞ മെയ് 25ന് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ വെള്ളക്കാരനായ പൊലിസുകാരന്‍ ഡെറക് ചോവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ചുകൊന്നതിനെ തുടര്‍ന്ന്, അമേരിക്കയില്‍ കത്തിപ്പടര്‍ന്ന പ്രതിഷേധാഗ്നി ശമനമില്ലാതെ തുടരുകയാണ്.
പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിലേക്ക് അതിക്രമിച്ചു കടക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ തന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നറിയിച്ച പ്രസിഡന്റ് ട്രംപിനെ സുരക്ഷാ വിഭാഗം ബങ്കറിലേക്ക് മാറ്റുകയായിരുന്നു. ഭീകരാക്രമണ ഘട്ടത്തില്‍ പ്രസിഡന്റുമാര്‍ക്ക് രക്ഷനല്‍കാന്‍ നിര്‍മിച്ച ബങ്കറിലേക്ക് രാജ്യത്തെ പ്രക്ഷോഭകരെ ഭയന്ന് പ്രസിഡന്റ് ഒളിച്ചു. ബങ്കറില്‍നിന്ന് പുറത്തുവന്ന ഉടനെ തന്റെ വിടുവായത്തം അദ്ദേഹം ആരംഭിക്കുകയും ചെയ്തു. പ്രതിഷേധം നിര്‍ത്തുന്നില്ലെങ്കില്‍ സൈന്യത്തെ ഇറക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.
ട്രംപിന്റെ നിലപാടിനെതിരേ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഉദ്യോഗസ്ഥ തലത്തിലും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. നല്ലകാര്യം പറയാനില്ലെങ്കില്‍ പ്രസിഡന്റ് വായ അടയ്ക്കണമെന്ന് ഹൂസ്റ്റണ്‍ പൊലിസ് മേധാവി ആര്‍ട്ട് അസെവെഡോ ആവശ്യപ്പെട്ടിരിക്കുകയാണ്. അധികാരംകൊണ്ടല്ല, ഹൃദയംകൊണ്ടാണ് ജനങ്ങളെ കീഴടക്കേണ്ടതെന്ന് ആര്‍ട്ട്, ട്രംപിനെ ഓര്‍മിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ ശക്തമായ പ്രതിഷേധം നടക്കുന്ന സംസ്ഥാനങ്ങളിലൊക്കെയും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണിപ്പോള്‍. എന്നാല്‍ കര്‍ഫ്യൂ വകവയ്ക്കാതെ നഗരങ്ങളില്‍ പതിനായിരങ്ങളുടെ പ്രക്ഷോഭം തുടരുകയാണ്. കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബാംഗങ്ങളും കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇതേ തുടര്‍ന്നായിരിക്കാം വാഷിങ്ടണില്‍ സൈന്യത്തെ സജ്ജമാക്കിയിരിക്കുകയാണ് ഭരണകൂടം.
കറുത്ത വര്‍ഗക്കാരുടെ രോഷം അണയ്ക്കാനല്ല, കൂടുതല്‍ ആളിക്കത്തിക്കാനാണ് ട്രംപ് ഓരോ പ്രസ്താവനയും ഉപയോഗപ്പെടുത്തുന്നത്. അമേരിക്കന്‍ ജനതയില്‍ വംശീയ വിദ്വേഷവും വര്‍ണവിവേചനവും കുത്തിക്കയറ്റിയാണ് അദ്ദേഹം അധികാരത്തില്‍ വന്നത്. ഒബാമയുടെ ഭരണകാലത്ത് അമേരിക്കന്‍ ജനതയില്‍ അപ്രസക്തമായ വര്‍ണവിവേചനവും വംശീയവിദ്വേഷവും ആളിക്കത്തിച്ച് ട്രംപ് പ്രസിഡന്റ് പദവിയില്‍ എത്തുകയായിരുന്നു.
ഇന്ത്യയില്‍ ബി.ജെ.പി എങ്ങനെ അധികാരം പിടിച്ചെടുത്തുവോ അതേ മാതൃക പിന്‍പറ്റുകയായിരുന്നു ട്രംപും. മോദിയും ട്രംപും നെതന്യാഹുവും ഒരേ തൂവല്‍പക്ഷികളായ കൂട്ടുകാരാകുന്നതും ഇതിലൂടെ വേണം കാണാന്‍. ട്രംപിനോടുള്ള നരേന്ദ്ര മോദിയുടെ വിധേയത്വം കാരണം ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളായ നേപ്പാളും ശ്രീലങ്കയും ഇന്ത്യയുടെ എതിര്‍ചേരിയിലാണിപ്പോള്‍. ചൈനയാകട്ടെ ഇന്ത്യയ്‌ക്കെതിരേ ലഡാക്കില്‍ സൈനിക ശക്തി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അമേരിക്കയോട് അനുഭാവം പുലര്‍ത്തുന്നതിന്റെ പേരില്‍ ഇന്ത്യയെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്.
കൊവിഡ് മഹാമാരി ലോകത്തെയാകമാനം നക്കിത്തുടച്ചുകൊണ്ടിരിക്കുമ്പോള്‍, മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് സംയമനത്തിന്റെ പാത തേടേണ്ടവരാണ് ലോകനേതാക്കള്‍. എന്നാല്‍ ട്രംപിനെപ്പോലുള്ളവര്‍ വര്‍ഗീയതയും വംശീയതയും ആളിക്കത്തിക്കാനാണ് ഈ കൊവിഡ് കാലത്തെ ദുരുപയോഗം ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത ജാമിഅ മില്ലിയ്യ സര്‍വകലാശാല വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് കാരാഗൃഹത്തില്‍ അടച്ചുക്കൊണ്ടിരിക്കുന്നതും ഇങ്ങനെ വേണം കാണാന്‍. ഏകാധിപത്യ-ജനാധിപത്യ വ്യത്യാസമില്ലാതെ ജനങ്ങളെ വംശത്തിന്റെയും മതത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്നതിന് ഭരണകര്‍ത്താക്കള്‍ തന്നെ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ട്രംപിനെ പോലുള്ള നേതാക്കള്‍ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല. വെള്ള വംശീയതയുടെ ഉദ്‌ഘോഷകനായ ട്രംപില്‍നിന്ന് കറുത്ത വര്‍ഗക്കാര്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. അതിനാല്‍ തന്നെ ഫ്‌ളോയിഡിനെ കാല്‍മുട്ടുകൊണ്ട് കൊലപ്പെടുത്തിയ വെള്ളപ്പൊലിസുകാരനായ ഡെറക് ചോവിനെ ട്രംപിന്റെ ഭരണകൂടം ശിക്ഷിക്കണമെന്നുമില്ല. പൊലിസുകാരനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ട്രംപിന്റെ അമേരിക്കയില്‍ ഫ്‌ളോയിഡിന്റെ കുടുംബത്തിനു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ല. കറുത്ത വര്‍ഗക്കാരെ അടിമകളാക്കി നിലനിര്‍ത്തിയ അമേരിക്കന്‍ ഭരണഘടനയില്‍നിന്ന് പ്രസ്തുത വകുപ്പ് എടുത്തുകളഞ്ഞ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കനെ ശപിക്കുന്നുണ്ടാകണം ചിലപ്പോള്‍ ട്രംപ്.
അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധ പ്രകടനങ്ങള്‍ അവരില്‍ മാത്രമായി ചുരുങ്ങുന്നില്ലെന്നത് ആശാവഹമാണ്. എല്ലാ വംശത്തില്‍പെട്ടവരും വെള്ളക്കാരുമടങ്ങുന്ന ജനവിഭാഗങ്ങളും ട്രംപിന്റെ വര്‍ണ-വംശീയ വിഭജന നയത്തിനെതിരേ തെരുവിലിറങ്ങിയിരിക്കുകയാണ്. സമൂഹത്തില്‍ കൂടുതല്‍ ഭിന്നത സൃഷ്ടിക്കുന്ന നടപടികളാണ് പ്രസിഡന്റ് ട്രംപില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ വിമര്‍ശിച്ചിരിക്കുകയാണ്. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷും, ബറാക് ഒബാമയും അമേരിക്കയെ കത്തിച്ചാമ്പലാക്കുന്ന ട്രംപിന്റെ വംശീയ ഭ്രാന്തിനെതിരേ ശക്തമായവിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയത്. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാംമൂഴത്തിനൊരുങ്ങുന്ന ട്രംപ് വീണ്ടും വംശീയത ആയുധമാക്കാനുള്ള ശ്രമത്തിലാണ്. മുതലാളിത്ത രാജ്യമെന്ന് മുദ്രകുത്തപ്പെട്ട അമേരിക്കയില്‍നിന്ന് സമത്വത്തിന് വേണ്ടിയും തുല്യനീതിക്കുവേണ്ടിയും ഉയരുന്ന പതിനായിരങ്ങളുടെ ക്ഷുഭിതസ്വരങ്ങള്‍ പ്രതീക്ഷാനിര്‍ഭരമാണ്. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന നീതി നിഷേധത്തിനെതിരേ പ്രതിഷേധം തീര്‍ക്കുന്ന ഇന്ത്യന്‍ യുവത്വത്തിന് ഇതില്‍ പാഠമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."