HOME
DETAILS
MAL
ഉബുണ്ടു എന്ന ബദല്‍ വഴി
backup
June 04 2020 | 00:06 AM
കൊവിഡ് മഹാമാരി നമുക്ക് മുന്നില്‍ കൊണ്ടുവച്ച ഒരു പ്രതിരോധ വഴി സാമൂഹിക അകലമാണ്. രോഗം ബാധിക്കാതിരിക്കണമെന്നുണ്ടോ എങ്കില്‍ സമൂഹത്തില്‍നിന്ന് അകലം പാലിച്ചേ തീരൂ. പുറത്തിറങ്ങി യാത്ര ചെയ്യാതിരിക്കുക, പരസ്പരം കൈ കൊടുക്കാതിരിക്കുക, തോളില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും ഉമ്മവച്ചും സ്‌നേഹം പ്രകടിപ്പിക്കാതിരിക്കുക, ആളുകള്‍ കൂട്ടു ചേര്‍ന്ന് അടുപ്പം പങ്കുവയ്ക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കുക - ചുരുക്കത്തില്‍ സാമൂഹ്യ ജീവി എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ എന്തെല്ലാം വരുമോ അവയില്‍നിന്നെല്ലാം വിട്ടു മാറി തന്നിലേക്ക് ഒതുങ്ങുക. ഈ അകലം പാലിക്കലിന്റെ പിന്നിലുള്ളത് ഭീതിയാണ്. തനിക്ക് രോഗം വരുമോ എന്ന ഭീതി പ്രധാനം. താന്‍ മൂലം വേറെയൊരാള്‍ക്ക് രോഗം വരരുത് എന്ന മുന്‍കരുതലുമുണ്ട്. രണ്ടായാലും സമൂഹത്തിന്റെ ഒരുമ എന്ന കാഴ്ചപ്പാടിനെ മറിച്ചിടുകയാണ് ഈ പ്രതിരോധം ചെയ്യുന്നത്. സൂക്ഷ്മതലത്തില്‍ സമൂഹം വ്യക്തിയിലേക്ക് ചുരുങ്ങുന്ന അവസ്ഥ. അത് തന്റേയും താന്‍ ജീവിക്കുന്ന ലോകത്തിന്റേയും അതിജീവനത്തിനു വേണ്ടിയാണെന്ന സംഗതി വേറെ.
എന്നാല്‍ ഈ അകലം സൂക്ഷ്മതലത്തില്‍ നമ്മുടെ സാമൂഹ്യ ബോധത്തിന്റെ കൂമ്പ് നുള്ളിക്കളയുന്നുണ്ട്. അപരനാണ് നരകം എന്നൊരു കാഴ്ചപ്പാടുണ്ടല്ലോ. അന്യനെ ആശ്രയിക്കാതെ ജീവിക്കുന്ന അവസ്ഥ, കൂട്ടു ചേരാത്ത അവസ്ഥ, ചന്തയും കുളക്കടവും അമ്പലവും പള്ളിയും ആവശ്യമില്ലാത്ത അവസ്ഥ, ഈ സാഹചര്യത്താല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് കാര്യങ്ങളെല്ലാം നിവൃത്തിക്കാം, ആരോടും മിണ്ടാതെയും പറയാതെയും യന്ത്ര നിര്‍മ്മിതികളെ ആശ്രയിച്ചു ജീവിക്കാം. സമൂഹത്തില്‍നിന്ന് വ്യക്തിയിലേക്ക് ചുരുങ്ങുകയാണ് ലോകം. അല്ലെങ്കില്‍ തന്നെ ഞാനും കെട്ടിയോനും തട്ടാനുമെന്ന തലത്തിലേക്ക് വ്യക്തി കേന്ദ്രീകൃതമാവുന്ന ലോക നീതിയെ കൊറോണയെന്ന മഹാമാരിക്കാലത്തെ സാമൂഹ്യ അകലം കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. അതൊരു പ്രതിരോധവഴിയായിരിക്കെ തന്നെ.
എന്നാല്‍, ഇങ്ങനെ അകന്നു പോകുവാന്‍ നിര്‍ബന്ധിതരാവുന്ന മനുഷ്യരെ പരസ്പരം അടുപ്പിക്കുവാന്‍ സഹായിക്കുന്ന ദര്‍ശനമാണ് ഉബുണ്ടു. മഹാമാരിയുടെ കാലത്ത് തീര്‍ച്ചയായും മനുഷ്യര്‍ ഒറ്റപ്പെടുന്നുണ്ട്. വീടുകളില്‍ അടച്ചിടാന്‍ നിര്‍ബന്ധിതരായ വൃദ്ധര്‍, ഒറ്റപ്പെട്ടു പോയ കുടിയേറ്റത്തൊഴിലാളികള്‍, കാംപസുകളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍, ജോലി നഷ്ടപ്പെട്ട നിസ്സഹായര്‍, കൊവിഡിനോട് പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെല്ലാവരും അനുഭവിക്കുന്ന കഷ്ടപ്പാടുകളേക്കാള്‍ ഭീകരമാണ് അവരുടെ ഏകാന്തത. ഇങ്ങനെ ഒറ്റപ്പെട്ടു പോയവരില്‍ തങ്ങള്‍ കൂടി ഭാഗമായ പൊതുമനുഷ്യകുലം എന്ന വികാരം അങ്കുരിപ്പിക്കുകയും ഐക്യത്തിന്റേയും ഒരുമയുടേയും മനോനില സുസ്ഥിരമാക്കുകയും ചെയ്യുകയാണ് ഉബുണ്ടു എന്ന ദര്‍ശനത്തിന്റെ ദൗത്യം. ഉദാരത, ഊഷ്മളത, അനുതാപം എന്നിവയെല്ലാം ചേര്‍ത്തുണ്ടാക്കിയ മനോനിലയാണ് ഇത്.
ആഫ്രിക്കന്‍ ലോകവീക്ഷണം
ഉബുണ്ടു ഒരു ആഫ്രിക്കന്‍ ലോക വീക്ഷണമാണ്. താങ്കള്‍ ഉബുണ്ടുവിന്റെ ഉടമയാണെന്ന് പറയുമ്പോള്‍ ആഫ്രിക്കന്‍ സമൂഹത്തില്‍ അത് ഒരു അംഗീകാരമാണ്. മറ്റു മനുഷ്യരെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും അവരെ സ്‌നേഹിക്കാന്‍ സന്നദ്ധത പുലര്‍ത്തുകയും ചെയ്യുന്ന ആളാണ് നിങ്ങള്‍ എന്നാണ് അത് നല്‍കുന്ന സൂചന.
ആഫ്രിക്കയില്‍ ആര്‍ച്ച് ബിഷപ്പായിരുന്ന ഡെസ്മണ്ട് ടുടു ഗോഡ് ഹാസ് എ ഡ്രീം: എ വിഷന്‍ ഓഫ് ഹോപ് ഫോര്‍ അവര്‍ ടൈംസ് എന്ന പുസ്തകമെഴുതിയിട്ടുണ്ട്. അതില്‍ ഉബുണ്ടുവിനെ നിര്‍വചിക്കുന്നത് മനുഷ്യര്‍ പരസ്പരം പങ്കുവയ്ക്കുന്ന പരസ്പരാശ്രിതവും പൊതുമാനവികതയും എന്ന അര്‍ഥത്തിലാണ്. ഇത് ഒരു കഥയിലൂടെ വ്യക്തമാക്കാവുന്നതാണ്. ഒരു പക്ഷേ കേട്ടു പഴകിയ ഒരു കഥ. ആഫ്രിക്കയിലെ ഒരു പ്രത്യേക ഗോത്രത്തെപ്പറ്റി പഠനം നടത്തുന്ന നരവംശശാസ്ത്രജ്ഞന്‍ ഒരിക്കല്‍ അവര്‍ക്കിടയില്‍ ഒരു പരീക്ഷണം നടത്തി. ഈ ഗോത്രക്കാര്‍ക്കിടയില്‍ മത്സര ബുദ്ധിയും ഐക്യബോധവും എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്ന് അറിയാനുതകുന്ന പരീക്ഷണമായിരുന്നു അത്. നരവംശശാസ്ത്രജ്ഞന്‍ ഇത്രയേ ചെയ്തുള്ളൂ. ഗ്രാമത്തിലെ ഗോത്രവര്‍ഗക്കാരായ കുട്ടികളെ വിളിച്ചു കൂട്ടി. ഒരു മരച്ചോട്ടില്‍ പഴങ്ങള്‍ നിറച്ച ഒരു കൊട്ട കൊണ്ടുവച്ചു. എന്നിട്ട് കുട്ടികളെ ദൂരെ ഒരു വരിയില്‍ നിര്‍ത്തി. താന്‍ അടയാളം കാണിക്കുമ്പോള്‍ ഓടിച്ചെന്നു കൊട്ട കൈക്കലാക്കണം. കൊട്ട കൈവശപ്പെടുത്തുന്ന ആള്‍ക്ക് പഴങ്ങളും കൊട്ടയും സ്വന്തമാക്കാം. അവരെല്ലാവരും പഴങ്ങള്‍ സ്വന്തമാക്കാന്‍ മത്സരിച്ചോടുമെന്നായിരുന്നു നരവംശ ശാസ്ത്രജ്ഞന്റെ കണക്കുകൂട്ടല്‍. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. കുട്ടികള്‍ കൈകോര്‍ത്തുപിടിച്ച് ഒന്നിച്ച് മരത്തിനു നേരെ ഓടി. എല്ലാവരും ചേര്‍ന്ന് പഴങ്ങളെടുത്ത് ഭക്ഷിച്ചു. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇതായിരുന്നു: മറ്റുള്ളവര്‍ പഴം തിന്നാനാവാതെ സങ്കടപ്പെടുമ്പോള്‍ ഞങ്ങളിലൊരാള്‍ക്ക് എന്തു സുഖം'. ഈ ഉത്തരത്തിന് പിന്നിലുള്ള ചിന്തയില്‍നിന്നാണ് ഉബുണ്ടു എന്ന ദര്‍ശനത്തിന്റെ പിറവി. ഡെസ്മണ്ട് ടുടുവാണ് അതിനെ ലോകത്തിന് മുമ്പില്‍ ഒരു തത്വശാസ്ത്രമായി അവതരിപ്പിച്ചത്. നിങ്ങള്‍ ഉള്ളത് കൊണ്ട് ഞാനും എന്ന അര്‍ഥത്തില്‍.
കൂടുതല്‍ ആഴത്തില്‍ നിരീക്ഷിച്ചാല്‍ ഉബുണ്ടു പങ്കുവെക്കലിന്റേയും സഹാനുഭൂതിയുടേയും ദര്‍ശനം മാത്രമല്ല. അതിനു പിന്നില്‍ ഒരു രാഷ്ട്രീയ വീക്ഷണവുമുണ്ട്. 1980കളില്‍ ആഫ്രിക്കന്‍ വന്‍കരയുടെ തെക്കന്‍ ഭാഗങ്ങളില്‍ ആഫ്രിക്കന്‍വല്‍ക്കരണം എന്ന ചിന്ത വേരുപിടിച്ചപ്പോള്‍ അതിന് ഊര്‍ജ്ജം നല്‍കിയത് ആഫ്രിക്കന്‍ ഗോത്ര സംസ്‌ക്കാരത്തില്‍ അന്തര്‍ലീനമായ ഉബുണ്ടുവിയന്‍ കാഴ്ചപ്പാടുകളാണ്. 1950കളില്‍ ജോര്‍ദാന്‍ കുഷ് എന്‍കുബാനെ എന്ന ചിന്തകന്‍ ഡ്‌റം എന്ന ആഫ്രിക്കന്‍ മാസികയില്‍ എഴുതിപ്പോന്ന ലേഖനങ്ങളിലൂടെ ഈ ആശയം അവിടെ രൂപപ്പെട്ട കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചു. ആഫ്രിക്കന്‍ ഹ്യൂമനിസം എന്ന നിലയില്‍ മാത്രമല്ല അതിന് ചരിത്രത്തില്‍ സ്ഥാനം. 1960കളില്‍ അത് കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യ സമരങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സായി. മാനവികതയയായിരുന്നു ഈ സമരങ്ങളുടെ അടിത്തറ.
സിംബാബ്‌വേയില്‍ ഉബുണ്ടുവിസത്തെ ഹുന്‍ ഹുയിസം എന്നാണ് പറയുന്നത്. ഷോണ ഭാഷയില്‍ ഹുന്‍ ഹു എന്നാണ് പ്രയോഗം. തെക്കന്‍ റൊഡേഷ്യ എന്നായിരുന്നു സിംബാബ്‌വേയുടെ പഴയ പേര്. കോളണി വാഴ്ചയില്‍നിന്ന് മുക്തമായി ജനഹിതമനുസരിച്ചുള്ള ഭൂരിപക്ഷ ഭരണം സ്ഥാപിക്കപ്പെടുന്നതിന് പ്രേരകമായി വര്‍ത്തിച്ച ദര്‍ശനമായിരുന്നു ഹു ഹു ചിന്ത. ഒരേ സമയം അത് മാനവികത ഉദ്‌ഘോഷിച്ചു. അതില്‍ അധിഷ്ഠിതമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു. നെല്‍സണ്‍ മണ്ടേലയുടെ കാലത്താണ് ബിഷപ്പ് ടുടു ഉബുണ്ടു ദൈവശാസ്ത്രത്തിന് രൂപം നല്‍കിയത്. 1994ല്‍ ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിന്നെതിരായ സമരങ്ങള്‍ വ്യാപകമായപ്പോള്‍ അവക്ക് മാര്‍ഗദര്‍ശനം നല്‍കിയത് ഉബുണ്ടുവിന്റെ സിദ്ധാന്തങ്ങളാണ്. ദക്ഷിണാഫ്രിക്കന്‍ ഭരണഘടനയുടെ അവസാനഭാഗത്ത് 1993ല്‍ ഉബുണ്ടുവിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പരസ്പരം മനസിലാക്കേണ്ട ആവശ്യമുണ്ട്, പകരം വീട്ടേണ്ട ആവശ്യമില്ല. പരിഹാരത്തിന്റെ ആവശ്യമുണ്ട്, പ്രതിക്രിയയുടെ ആവശ്യമില്ല. ഉബുണ്ടുവിന്റെ ആവശ്യമുണ്ട്, ദ്രോഹിക്കലിന്റെ ആവശ്യമില്ല എന്ന്. മണ്ടേലയുടെ കാലത്ത് ടൂത്ത് ആന്‍ഡ് റികണ്‍സിലിയേഷന്‍ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു ഡെസ്മണ്ട് ടുടു. അദ്ദേഹം ഉബുണ്ടുവിനെ ഒരു ദൈവശാസ്ത്രമായി അവതരിപ്പിക്കുകയും ഇംഗ്ലീഷ് ഭാഷയിലൂടെ ഈ ആഫ്രിക്കന്‍ മാനവിക ചിന്തക്ക് ആഗോള മാനം നല്‍കുകയുമാണുണ്ടായത്.
ഉബുണ്ടു ജീവിതത്തില്‍
വിവിധ ആഫ്രിക്കന്‍ ഭാഷകളില്‍ വ്യത്യസ്ത അര്‍ഥങ്ങളുള്ള പേരുകളിലൂടെയാണ് ഈ ദര്‍ശനം അവതരിക്കപ്പെടുന്നത്. സുലു ഭാഷയില്‍ ഉബുണ്ടുവിനെ മനുഷ്യ കുലം എന്ന അര്‍ഥത്തിലേക്ക് ഭാഷാന്തരം ചെയ്യാം. ഹോസയില്‍ മനുഷ്യരാശിയെ പരസ്പരം ബന്ധിപ്പിക്കുന്ന പങ്കിടലിന്റെ ലോകവീക്ഷണമാണത്. നിരവധി ആഫ്രിക്കന്‍ ചിന്തകര്‍ ഈ ലോകവീക്ഷണത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. സ്റ്റാന്‍ ലെയിക് ജെ.ഡബ്ല്യു.ടി.സാംകാന്‍കെയാണ് അതിനെ ഒരു രാഷ്ട്രീയ ദര്‍ശനമായി വികസിപ്പിച്ചത്. മാനവിക ചിന്ത പുലര്‍ത്തുക എന്ന് പറഞ്ഞാല്‍, മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുക എന്നാണെന്ന് ആഡ്‌റീടാംഗ് എന്ന ചിന്തകന്‍ വ്യാഖ്യാനിച്ചു. സമ്പത്ത്, മറ്റുള്ളവരുടെ ജീവന്‍ ഇവ രണ്ടിനുമിടക്കുള്ള തെരഞ്ഞെടുപ്പില്‍ അന്യന്റെ ജീവന്‍ നിലനിര്‍ത്തുക തന്നെയാണ് പ്രധാനം. അതേപോലെ ഉബുണ്ടു ദര്‍ശനമനുസരിച്ച് രാജാവ് സ്വന്തം ഇഷ്ടപ്രകാരം ഭരിക്കുകയല്ല. മറിച്ച് ജനഹിതം നിറവേറ്റുകയാണ്. ആഴത്തില്‍ അപഗ്രഥിക്കുമ്പോള്‍ അധികാരം, സ്വത്തവകാശം, പ്രകൃതിവിഭവങ്ങളുടെ പങ്കുവയ്ക്കല്‍, ഹിംസയുടെ പ്രയോഗം തുടങ്ങിയ കാര്യങ്ങളില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ ഉദാത്തത ഉബുണ്ടുവില്‍ കണ്ടെത്താം. തന്റെ ദക്ഷിണാഫ്രിക്കന്‍ ജീവിത കാലത്ത് ഗാന്ധിജി ഈ ഗോത്രവര്‍ഗ മൂല്യങ്ങളുമായി പരിചയപ്പെട്ടിരുന്നുവോ ആവോ!
ഉബുണ്ടുവിന്റെ കാഴ്ചപ്പാടനുസരിച്ച് ജീവിതത്തില്‍ പലചിട്ടകളും പാലിക്കേണ്ടതുണ്ട്. മുതിര്‍ന്നവരെ പേര് വിളിക്കരുത് എന്ന് നിര്‍ബന്ധം. സ്ഥാനപ്പേരോ പൂജകനാമങ്ങളോ വെച്ചു വേണം വിളിക്കാന്‍. അതേപോലെ കുടുംബത്തില്‍ വധുവായെത്തുന്ന സ്ത്രി കുടുംബനാഥന്റെ മുമ്പില്‍ നമിച്ചതിന്നു ശേഷം വേണം ഭക്ഷണം വിളമ്പാന്‍. സ്ത്രീകള്‍ സാമാന്യമായി പുരുഷന്മാരെ നമിക്കണം. സഹോദരിമാര്‍ സഹോദരന്മാരേയും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരേയുമെല്ലാം. കുടുംബത്തിന്റെ നന്മകളും മൂല്യങ്ങളും നിലനിര്‍ത്തുകയും മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യേണ്ട ഉത്തരവാദിത്വം സ്ത്രീകളുടേതാണ്.
ഉബുണ്ടു പ്രത്യക്ഷത്തില്‍ തന്നെ പങ്കുവയ്ക്കലിന്റെയും വിട്ടുവീഴ്ചയുടേയും വികാരമാണ്. സ്വന്തമായി നേടുകയല്ല. നേടുന്നതൊക്കെയും പങ്കിടുക എന്ന ചിന്തയാണ് അതിന്റെ അടിസ്ഥാനശ്രുതി. അതുകൊണ്ടാണ് പരസ്പരം മത്സരിച്ച് ഓടിച്ചെന്ന് പഴം നിറച്ച കൊട്ട കൈവശപ്പെടുത്താതെ കൂട്ടു ചേര്‍ന്ന് കുട്ടികള്‍ അത് പങ്കിട്ടെടുത്തത്. അതില്‍ ആഫ്രിക്കന്‍ ഗോത്രവര്‍ഗങ്ങളുടെ പ്രാകൃത മൂല്യങ്ങളാവാം ഉള്ളത്. പക്ഷേ സാമൂഹ്യ അകലത്തിന്റെ കാലത്ത് നിര്‍ബന്ധമായും നമ്മുടെയുള്ളില്‍ ഉണ്ടാവേണ്ട സാമൂഹ്യമായ ഐക്യം ഉബുണ്ടു ഉദ്‌ഘോഷിക്കുന്നു. ഈ ദര്‍ശനം ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്ക് നാട്ടിലെത്താനാവാതെ പ്രയാസപ്പെടുന്ന കുടിയേറ്റക്കാരന്‍ സഹോദരതുല്യനായിരിക്കും. ഒറ്റപ്പെട്ടുപോയ രോഗികള്‍ സ്വന്തക്കാരായിരിക്കും. ലോകം അവര്‍ക്ക് സ്വന്തം തറവാടായിരിക്കും. അവര്‍ തങ്ങള്‍ക്കുള്ളതെല്ലാം ലോകത്തിനു പങ്കുവയ്ക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."