ബിമലിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായി സുഹൃത്തുക്കള്‍
എടച്ചേരി: സൂര്യനു നേരെ വിരല്‍ ഉയര്‍ത്തിയവന്റെ ജ്വലിക്കുന്ന നിറമുള്ള ഓര്‍മകള്‍ക്കു പങ്കുവയ്ക്കാന്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് ഒരുമിച്ചുകൂടി. കവിയും നാടകകൃത്തും സാംസ്‌കാരിക നായകനും രാഷ്ട്രീയക്കാരനും അധ്യാപകനുമായിരുന്ന എടച്ചേരിയിലെ കെ.എസ് ബിമലിന്റെ മൂന്നാം ചരമദിനത്തോടനുബന്ധിച്ചാണ് സുഹൃത്തുക്കള്‍ സ്മരണ പുതുക്കാന്‍ ഒത്തുകൂടിയത്.
താന്‍ പ്രവര്‍ത്തിച്ച വിവിധ മേഖലകളില്‍ ബിമല്‍ വളര്‍ത്തിയെടുത്ത സൗഹൃദത്തിന്റെ വലിയ തെളിവായിരുന്നു ഇന്നലെ കാലത്ത് ഒന്‍പതു മുതല്‍ എടച്ചേരി ടൗണിനു സമീപമുള്ള ബിമലിന്റെ വീട്ടുമുറ്റത്തു തടിച്ചുകൂടിയ ജനം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് തങ്ങളുടെ പ്രിയ സുഹൃത്തും വഴികാട്ടിയുമായ ബിമലിന്റെ വീട്ടിലെത്തിയത്. ഭരണകൂടം ജനവിരുദ്ധ നിലപാട് തുടരുമ്പോഴെല്ലാം തന്റെ സമര വിരല്‍ വാനിലുയര്‍ത്തി പ്രതിഷേധിക്കാന്‍ ബിമല്‍ ആര്‍ജവം കാണിച്ചു. അനീതിക്കെതിരേ ആരുടെ നേര്‍ക്കും വിരല്‍ചൂണ്ടാന്‍ ഈ ചെറുപ്പക്കാരന്‍ വൈമനസ്യം കാണിച്ചിരുന്നില്ല. തന്റെ പാര്‍ട്ടിയാണെങ്കില്‍ പോലും മനുഷ്യത്വത്തിനു മുറിവേല്‍പ്പിക്കുന്ന എല്ലാ നിലപാടുകള്‍ക്കെതിരേയും ബിമല്‍ രൂക്ഷമായി പ്രതികരിച്ചു.
ജനാധിപത്യം കശാപ്പു ചെയ്യപ്പെടുമ്പോള്‍ കൊടിയുടെ നിറം നോക്കാതെ ഭരണവ്യവസ്ഥിതിക്കെതിരേ വിരല്‍ ചൂണ്ടാന്‍ ബിമല്‍ കാണിച്ച ആര്‍ജവമാവാം അദ്ദേഹത്തിന് 'സൂര്യനു നേരേ വിരല്‍ ചൂണ്ടിയവന്‍' എന്ന വിശേഷണം നേടിക്കൊടുത്തത്. പ്രതികരിക്കുന്നവരുടെ ആകാശത്തില്‍ വഴികാട്ടിയായ നക്ഷത്രമായ് ജീവിതകാലത്തു ബിമല്‍ നിലപാടുതറയില്‍ ഉറച്ചുനിന്നു. എസ്.എഫ് ഐ പ്രസ്ഥാനത്തിന്റെ സംസ്ഥാന ദേശീയ നേതൃത്വം വഹിച്ച ബിമല്‍ രാഷ്ട്രീയ സമരങ്ങള്‍ നടത്തുമ്പോള്‍ തന്നെ കവിതയും നാടകങ്ങളും തന്റെ നെഞ്ചോട് ചേര്‍ത്തു. മര്‍ക്കടമുഷ്ടി രാഷ്ട്രീയത്തില്‍ നിന്നു താന്‍ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ പ്രസ്ഥാനത്തെ സാംസ്‌കാരിക മൂല്യങ്ങളിലേക്കെത്തിച്ച ബിമല്‍ സഹപ്രവര്‍ത്തകരെയും അത്തരമൊരു ചിന്താഗതിയിലേക്കു നയിച്ചു. രാഷ്ട്രീയവും സാംസ്‌കാരിക മേഖലയും സമന്വയിപ്പിച്ചുകൊണ്ട് പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള എടച്ചേരി മേഖലയില്‍ തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞു.
സാമൂഹിക പ്രതിബദ്ധ നിറഞ്ഞുനില്‍ക്കുന്നതായിരുന്നു ബിമലിന്റെ അധ്യാപന രംഗം. എടച്ചേരിയിലെ നരിക്കുന്ന് യു.പി സ്‌കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയമാക്കി മാറ്റുന്നതില്‍ ബിമലിന്റെ പങ്ക് വളരെ വലുതായിരുന്നു. അധ്യാപനത്തിനിടയില്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് നാടകവും കവിതയും ജീവിതസപര്യയാക്കിയ ബിമല്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അര്‍ബുദ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."