ബഹ്‌റൈനിലെ ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രീയില്‍ വേഗ രാജകുമാരനായി വീണ്ടും വെറ്റല്‍
മനാമ: ബഹ്‌റൈനില്‍ നടന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ ഫെറാറി ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ചാമ്പ്യനായി. ഇവിടെ സാഖിറിലെ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന മത്സരത്തില്‍ 57 ലാപ്പില്‍ ഒരു മണിക്കൂര്‍ 33 മിനിറ്റ് 53 സെക്കന്റിലാണ് 25 പോയിന്റുമായി വെറ്റല്‍ വേഗത്തിന്റെ രാജകുമാരനായത്. ആദ്യ ദിനത്തിലെ യോഗ്യതാ റൌണ്ടിലും സെബാസ്റ്റ്യന്‍ വെറ്റലായിരുന്നു മുന്നിലെത്തിയിരുന്നത്.
ബഹ്‌റൈന്‍ ഗ്രാന്‍ പ്രീയിലെ വെറ്റലിന്റെ മൂന്നാമത്തെ വിജയമാണിത്. റെഡ്ബുള്ളിനു വേണ്ടി 2012ലും 2013ലും വെറ്റല്‍ വിജയിച്ചിരുന്നു. ഇതോടെ ഈ മാസം 30ന് റഷ്യയില്‍ നടക്കുന്ന റെയ്‌സില്‍ വെറ്റലിന് മുന്‍തൂക്കമായിരിക്കുകയാണ്.
മെര്‍സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണാണ് രണ്ടാം സ്ഥാനത്ത്. 18 പോയിന്റാണ് അദ്ദേഹത്തിനുള്ളത്. 15 പോയിന്റുമായി മെര്‍സിഡിസ് ടീം അംഗം വാള്‍ട്ടേരി ബോട്ടാസ് ആണ് മൂന്നാം സ്ഥാനത്ത്. ശനിയാഴ്ച നടന്ന രണ്ടാം യോഗ്യത റൌണ്ടില്‍ ബോട്ടാസായിരുന്നു ഒന്നാമത്. കഴിഞ്ഞ ദിവസം നടന്ന ഫൈനല്‍ റെയ്‌സില്‍ ബോട്ടാസ് പോള്‍ പൊസിഷ്യനിലായിരുന്നു. ബോട്ടാസിന്റെ ഫോര്‍മുല വണ്‍ കരിയറില്‍ ആദ്യമായാണ് റെയ്‌സില്‍ പോള്‍ പൊസിഷ്യന്‍ ലഭിച്ചത്.
ജര്‍മ്മന്‍ ഡൈവറായ വെറ്റലിന്റെ കാറോട്ടം അതിമനോഹരമായിരുന്നു. പോള്‍ പൊസിഷ്യനില്‍ തുടങ്ങി മുന്നിലായിരുന്ന ബോട്ടാസിനെ പത്താമെത്തെ ലാപ്പില്‍ മറികടന്നാണ് വെറ്റല്‍ മുന്നേറ്റം തുടങ്ങിയത്. ഹാമില്‍ട്ടണും ബോട്ടാസും ശക്തമായ വെല്ലുവിളി ഉയര്‍ത്തി. അഞ്ചര കിലോമീറ്ററില്‍ 57 ലാപ്പ് ആണ് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിനുള്ളത്. പിറ്റ് എന്‍ട്രിയില്‍ പതുക്കെ ഓടിച്ചതിന് ലൂയിസ് ഹാമില്‍ടണ് അഞ്ചു സെക്കന്‍ഡ് പിഴയും ചുമത്തി.
ലൂയിസ് അവസാനം വരെ വെല്ലുവിളി ഉയര്‍ത്തിയെന്ന് മത്സര ശേഷം വെറ്റല്‍ പ്രതികരിച്ചു. മത്സരം തീര്‍ന്നയുടന്‍ വെറ്റലിനെ, മെര്‍സിഡസ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ടണ്‍ ഹസ്തദാനം ചെയ്ത് അഭിനന്ദിച്ചു. പിറ്റ് ലൈനില്‍ സമയം നഷ്ടപ്പെടുത്തിയത് വീഴ്ചയാണെന്നും അതിന് ആരാധകരോട് ക്ഷമ ചോദിക്കുന്നതായും ഫെറാറി മികച്ച പ്രകടനം കാഴ്ചവെച്ചതായും മൂന്നു തവണ ഫോര്‍മുല വണ്‍ ചാമ്പ്യനായിരുന്ന ഹാമില്‍ടണ്‍ പറഞ്ഞു.
കിം റാല്‍ക്കോനെന്‍(ഫെറാറി), ഡാനിയല്‍ റിക്കോര്‍ഡോ(റെഡ്ബുള്‍), ഫെലിപ്പെ മാസ്സാ(വില്ല്യംസ്), സെര്‍ജിയോ പെരെസ്(ഫോഴ്‌സ് ഇന്‍ഡ്യ), റെമൊയ്ന്‍ ഗ്രോസ്‌റെയ്‌സ് (ഹാസ്), നികോ ഹള്‍കെന്‍ബെര്‍ഗ് (റിനോള്‍ട്ട്), ഈസ്െറ്റബെന്‍ ഒകോണ്‍ (ഫോഴ്‌സ് ഇന്‍ഡ്യ) എന്നിവരാണ് നാലു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍. പരേഡ് ലാപില്‍ ബ്രേക്ക് തകരാര്‍ മൂലം റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പന് 11ാം ലാപ്പില്‍ പൂര്‍ത്തിയാക്കാനായില്ല.
കഴിഞ്ഞ തവണ ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ ജര്‍മന്‍ ഡ്രൈവറായ മെഴ്‌സിഡിസിന്റെ റികോ റോസ്‌ബെര്‍ഗാണ് ചാമ്പ്യനായത്. 57 ലാപ്പില്‍ ഒരു മണിക്കൂര്‍ 33മിനിറ്റ് 34.696 സെക്കന്റിലാണ് അന്ന് റോസ്ര്ഗ് ഫിനിഷ് ചെയ്തത്. വൈകീട്ട് ആറിനാണ് കാറോട്ട മത്സരം തുടങ്ങിയത്. പിന്നീട് മത്സരം ഫ്‌ളഡ് ലിറ്റിലേക്ക് മാറി.
അവസാന ദിവസത്തെ മത്സരം വീക്ഷിക്കാന്‍ നിരവധി പേരാണ് എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാറോട്ട പ്രേമികള്‍ ഇവിടെയത്തിെയിരുന്നു. പലരും കുടുംബ സമേതമായിരുന്നു. മത്സരത്തോടനുബന്ധിച്ച് പ്രമുഖ ഡിജെമാര്‍ അണി നിരന്ന സംഗീതപരിപാടികളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."