ആനയായാലും ഉറുമ്പായാലും ഫാസിസ്റ്റ് അജന്‍ഡ മലപ്പുറം ജില്ല
പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് പഞ്ചായത്തില്‍ പടക്കം വായില്‍ പൊട്ടി ആന ചരിഞ്ഞതിനെത്തുടര്‍ന്ന് മലപ്പുറം ജില്ലയ്‌ക്കെതിരേ ഫാസിസ്റ്റുകള്‍ വിദ്വേഷ പ്രചാരണത്തിന് ശക്തി കൂട്ടിയിരിക്കുകയാണ്. സംഭവം നടന്നത് മലപ്പുറം ജില്ലയിലല്ലെന്നു വ്യക്തമായിട്ടും ജില്ലയിലെ ബി.ജെ.പി നേതാക്കളടക്കം തെറ്റുതിരുത്താന്‍ തയാറാകാത്തത് കേവലം ഒരു ആനയുടെ ദാരുണമായ അന്ത്യത്തില്‍ മനംനൊന്തല്ല.
ആന ചരിഞ്ഞത് മലപ്പുറം ജില്ലയിലല്ല തലസ്ഥാന നഗരിയിലാണെങ്കില്‍പോലും മലപ്പുറം ജില്ലയുമായി ചരിഞ്ഞ ആനക്കുണ്ടായിരുന്ന ബന്ധം ചികഞ്ഞ് പുറത്തിടും സംഘ്പരിവാര്‍. ആന ഒരു നിമിത്തമായെന്നു മാത്രം. ആനയ്ക്ക് പകരം ഉറുമ്പായാലും ഇതേ നിലപാട് തന്നെയായിരിക്കും മേനകാ ഗാന്ധിയും സംഘ്പരിവാര്‍ നേതൃത്വവും എടുക്കുക.
ഇന്ത്യന്‍ രാഷ്ട്രീയത്തിനും രാഷ്ട്രത്തിനും തന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ യാതൊരു സംഭാവനയും ചെയ്യാത്ത വ്യക്തിയാണ് മേനകാ ഗാന്ധി. ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനം തളികയില്‍ വച്ചു നീട്ടിയപ്പോള്‍ അത് സ്‌നേഹപുരസരം നിരാകരിച്ച സോണിയാ ഗാന്ധിയില്‍നിന്നായിരുന്നു ഇവര്‍ രാഷ്ട്രീയം പഠിക്കേണ്ടിയിരുന്നത്.
ആന ചരിഞ്ഞ സംഭവം കൊലപാതകമാണെന്നും മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നും രാജ്യത്തെ ഏറ്റവുമധികം അക്രമം നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും മേനകാ ഗാന്ധി പറയണമെങ്കില്‍ അത് വെറുമൊരു മൃഗ സ്‌നേഹത്തിന്റെ പേരിലായിരിക്കില്ല. സംഭവം നടന്നത് മലപ്പുറം ജില്ലയിലല്ലെന്ന് അവരെ ബോധ്യപ്പെടുത്തിയിട്ടും തെറ്റുതിരുത്താനോ, വാക്ക് പിഴയില്‍ ഖേദം പ്രകടിപ്പിക്കാനോ അവര്‍ തയാറായില്ല. അവര്‍ എം.പിയായ യു.പിയില്‍ നൂറുകണക്കിനു കുഞ്ഞുങ്ങള്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ കിട്ടാതെ, ശ്വാസംമുട്ടി മരിച്ചപ്പോള്‍ ഈ മൃഗ സ്‌നേഹിയുടെ ഉള്ളം പിടഞ്ഞില്ല. കുഞ്ഞുങ്ങളെ സഹായിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് കാശെടുത്ത് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച ഡോ. ഖഫില്‍ ഖാനെ, ആദിത്യനാഥ് കാരാഗൃഹത്തില്‍ അടച്ചിട്ടിരിക്കുന്നു.
ഗര്‍ഭിണിയായ ആനയെ സ്‌ഫോടകവസ്തു നിറച്ച തേങ്ങ നല്‍കി കൊല്ലാക്കൊല നടത്തിയ അക്രമികള്‍ ഒരിക്കലും കരുണയര്‍ഹിക്കുന്നില്ല. മനുഷ്യത്വം മരവിച്ചവര്‍ക്ക് മാത്രമേ ഇത്തരം നിഷ്ഠൂര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കരളുറപ്പുണ്ടാകൂ.
പക്ഷെ ഈ മേല്‍വിലാസത്തില്‍ മലപ്പുറം ജില്ലയ്ക്ക് നേരേയുള്ള പതിവ് അധിക്ഷേപം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ക്ക് വ്യക്തമായ അജന്‍ഡയുണ്ട്. മിണ്ടാപ്രാണിക്കുണ്ടായ ദുരന്തത്തില്‍ മനംനൊന്തല്ല ഈ കള്ളക്കണ്ണീര്‍. മിണ്ടുന്ന മനുഷ്യജീവികളെ 2002ല്‍ ഗുജറാത്തില്‍ പച്ചയ്ക്ക് വെട്ടിക്കൊന്നവര്‍, ഗര്‍ഭിണികളായ മുസ്‌ലിം സ്ത്രീകളെ ശൂലം കൊണ്ട് വയറ് കുത്തിക്കീറി, പ്രായം തികയാത്ത ഭ്രൂണങ്ങളെ കുന്തത്തില്‍ കോര്‍ത്തവര്‍, ആന ചരിഞ്ഞതിന്റെ പേരില്‍ ഒരു ജില്ലയെ അക്രമാസക്തിയുള്ളവരെന്നു വിശേഷിപ്പിക്കുമ്പോള്‍ സംഘ്പരിവാര്‍ അജന്‍ഡയാണ് പുറത്തു വരുന്നത്.
ആ അജന്‍ഡയെന്താണെന്ന് വ്യക്തമാണ്. മലപ്പുറം ജില്ലയില്‍ താമസമാക്കിയ അന്യജില്ലക്കാര്‍ ഇവിടത്തെ നാട്ടുകാരുടെ നിഷ്‌കളങ്ക സ്‌നേഹം കണ്ട് ഇവിടെ സ്ഥിരതാമസമാക്കിയതോ, ജില്ലയിലെ നാനാജാതി മതക്കാര്‍ നല്‍കിയ സ്‌നേഹവും കാരുണ്യവും എടുത്തു പറഞ്ഞ് ഇവിടെനിന്ന് വിടവാങ്ങുന്ന കലക്ടര്‍മാര്‍ വിശേഷിപ്പിച്ച സ്‌നേനിര്‍ഭരമായ വാക്കുകളോ ഫാസിസ്റ്റുകളെ അവരുടെ അജന്‍ഡയില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ല. അത്തരം സാംസ്‌കാരിക ചൈതന്യം അവര്‍ക്ക് തകര്‍ക്കേണ്ടതുണ്ട്.
മലപ്പുറം ജില്ലയില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമായിപ്പോയി എന്നതാണ് ഈ ജില്ല ഫാസിസ്റ്റുകളുടെ കണ്ണിലെ കരടാകാന്‍ കാരണം. അതു മാത്രമല്ല സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെട്ടിരുന്ന ഒരു ജനത പില്‍ക്കാലത്ത് രാജ്യത്തിന്റെ ദിശ വരെ നിര്‍ണയിക്കുന്ന ഉന്നത പദവികളിലെത്തിയത് ഫാസിസ്റ്റുകളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും പിന്നാക്ക പ്രദേശമായ മലബാറിലെ ജനങ്ങള്‍ക്ക് ഒരു കാലത്ത് ഭക്ഷണമോ തൊഴിലോ വീടോ ഉണ്ടായിരുന്നില്ല. വസൂരി രോഗങ്ങളും, ബ്രിട്ടിഷുകാര്‍ക്കെതിരേയുള്ള നിരന്തരമായ സമരങ്ങളും അവരെ തീര്‍ത്തും നിരാലംബരാക്കി. മുസ്‌ലിം രാഷ്ട്രീയ നേതൃത്വങ്ങളും സമസ്ത പോലുള്ള മത സംഘടനകളും നടത്തിയ അതികഠിനമായ പ്രയത്‌നത്തിന്റെ ഫലമായിട്ടാണ്, മലബാറിനേയും മലപ്പുറം ജില്ലയേയും ഇന്ന് പുരോഗതിയുടെ ഉന്നതിയില്‍ എത്തിച്ചത്. മലപ്പുറം ജില്ലയുടെ ഉള്‍ഗ്രാമങ്ങളില്‍ നിന്നുപോലും ഇന്നു ഐ.എ.എസുകാരും ഐ.പി.എസുകാരും ഉണ്ട്. രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും രാഷ്ട്രം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇന്ന് രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യുമ്പോള്‍, നീതിക്കുവേണ്ടി സമരം ചെയ്യുമ്പോള്‍ അത്തരം ചലനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിക്കുന്നവരില്‍ പലരും മലപ്പുറം ജില്ലയില്‍നിന്നുള്ള വിദ്യാസമ്പന്നരാണ്.
പാര്‍ലമെന്റില്‍ ഇന്ന് മുസ്‌ലിംകളുടെ ശബ്ദമായി ഉയരുന്ന ജനപ്രതിനിധികള്‍ മലപ്പുറം ജില്ലയില്‍നിന്നുള്ള മുസ്‌ലിം ലീഗ് നേതാക്കളാണ്. അന്യസംസ്ഥാനങ്ങളില്‍ കലാപത്തിനും പ്രകൃതിദുരന്തങ്ങള്‍ക്കും ഇരയാകുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്ക് സഹായഹസ്തങ്ങള്‍ നീളുന്നത് മലപ്പുറം ജില്ലയില്‍നിന്നാണ്. ഇതേക്കുറിച്ചെല്ലാം സംഘ്പരിവാറിന് നല്ല ബോധ്യമുണ്ട്. അതിനാല്‍തന്നെ മലപ്പുറം ജില്ലയുടെ ഉല്‍കര്‍ഷത്തേയും ജാഗരണത്തേയും ഇല്ലാതാക്കേണ്ടത് സംഘ്പരിവാറിന്റെ ആവശ്യമാണ്. അതിന്റെ ഭാഗമായി സംഘ്പരിവാര്‍ നടത്തുന്ന കുപ്രചാരണങ്ങളുടെ മെഗാ ഫോണുകളാണ് മേനകാ ഗാന്ധിയെപ്പോലുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."