പ്രളയ ഫണ്ട് തട്ടിപ്പ്: വീഴ്ചയുണ്ടായിട്ടില്ലെന്ന് ഐ.ജി
കൊച്ചി: എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി എറണാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെ. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതിനാലാണ് കുറ്റപത്രം താമസിക്കുന്നത്. കേസിന്റെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. താമസിയാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ വ്യക്തമാക്കി. കേസില്‍ 90 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്ന് മൂന്നു പ്രതികള്‍ക്ക് മൂവാറ്റുപഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ഐ.ജി രംഗത്തെത്തിയത്.
കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ക്രൈം ബ്രാഞ്ചിന് വീഴ്ചയുണ്ടായെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഒന്നാം പ്രതിയും എറണാകുളം കലക്ടറേറ്റിലെ പരിഹാര സെല്ലിലെ ക്ലാര്‍ക്കുമായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതിയും മുഖ്യ ഇടനിലക്കാരനുമായ മഹേഷ്, ആറാം പ്രതിയും സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ നിതിന്‍ എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്. പ്രളയ ദുരിതാശ്വാസ നിധിയില്‍നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എ.ഡി.എമ്മിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം പുരോമിക്കുകയാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ അടുത്ത ദിവസങ്ങളില്‍ അറസ്റ്റിലാകുമെന്നും ഐ.ജി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."