കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം: ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കി
കണ്ണൂര്‍: മാള്‍ ഉടമയായ സി.പി ശിവരാജിനെയും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം. കിഷോര്‍ കുമാറിനെയും അപകീര്‍ത്തിപ്പെടുത്താനും കള്ളകേസുകളില്‍ കുടുക്കാനും ശ്രമം നടക്കുന്നതായി ജില്ലാ പൊലിസ് മേധാവിക്കു പരാതി. ശിവരാജന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താഴചൊവ്വ കീഴ്ത്തള്ളി പൊലിസ് നഗറിനു സമീപത്തെ കെ.എന്‍ ദിനൂപ്, താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപത്തെ കെ.ബീന, ഭര്‍ത്താവ് മുരളീധരന്‍, കണ്ണൂരിലെ ഗോപി സ്വാമി എന്നിവരാണു കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. പൊലിസ് മേധാവിയടെ നിര്‍ദേശത്തില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ദിനൂപും ബീനയും ചേര്‍ന്നു ബ്യൂട്ടിപാര്‍ലര്‍ നടത്താന്‍ മാസവാടകയ്ക്കു സ്ഥലം ഏറ്റെടുത്തു. എന്നാല്‍ വാടക ഡെപ്പോസിറ്റായി നല്‍കിയ തുകയുടെ ചെക്ക് മടങ്ങുകയും ശേഷം നിരവധി തവണ വാടക കുടിശ്ശിക വരുത്തുകയും ചെയ്തു. കുടിശ്ശിക കൃത്യമായി ലഭിക്കാത്തതിനാല്‍ സ്ഥലം ഒഴിഞ്ഞു കിട്ടുവാനായി ശിവരാജന്റെ അഭിഭാഷകന്‍ മുന്‍സിഫ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു.
വിശ്വാസ വഞ്ചന നടത്തിയ കക്ഷികള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതിനാല്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും വ്യക്തികള്‍ ശ്രമിക്കുന്നതായി പരാതിയില്‍ പറഞ്ഞു. ശിവരാജനില്‍ നിന്നു ഒന്നര കോടി രൂപവാങ്ങിത്തരണമെന്നും വാടക കുടിശിക ഒഴിവാക്കാന്‍ നിര്‍ബന്ധിക്കണമെന്നും ആവശ്യപ്പെട്ടു ഫോണിലൂടെയും അല്ലാതെയും തനിക്കു നിരവധി ഭീഷണിയുണ്ടെന്നു അഡ്വ. കിഷോര്‍ പറയുന്നു. അല്ലാത്തപക്ഷം കള്ളക്കേസില്‍ കുടുക്കി വാര്‍ത്ത പത്രങ്ങളില്‍ പ്രചരിപ്പിച്ച് അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 18നു പുലര്‍ച്ചെ കിഷോറിന്റെ വീടിന്റെ ഗേറ്റ് വാഹനം ഉപയോഗിച്ചു തകര്‍ത്ത സംഭവത്തിലും പ്രതികളുടെ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ പൊലിസ് പരാതിയും നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനു കണ്ണൂര്‍ മാളിലെ ഇലക്ട്രീഷ്യനായിരുന്ന എ. റിജേഷിനെ മര്‍ദിച്ചതിനു പിന്നിലും ഈ സംഘം നേതൃത്വം നല്‍കുന്ന ബ്ലേഡ് ക്വട്ടേഷന്‍ സംഘങ്ങളാണെന്നു പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."