മികവ് തുടരാന്‍ കൊപ്പം ഗവ. ഹൈസ്‌കൂള്‍ ഒരുങ്ങുന്നു
കൊപ്പം: പരിമിതികള്‍ക്കിടയിലും മികവ് പുലര്‍ത്തി സ്‌കൂളിന്റെ സുവര്‍ണ ജൂബിലിവര്‍ഷം ആഘോഷിക്കുകയാണ് കൊപ്പം ഗവ. ഹൈസ്‌കൂള്‍. അക്കാദമിക, കായിക രംഗങ്ങളില്‍ വന്‍ വിജയമാണ് കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ സ്‌കൂള്‍ നേടിയത്. കായിക രംഗത്തെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഹരിദേവന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള അധ്യാപകരും പി.ടി.എ ഭാരവാഹികളുമാണ്.
ഈ സ്‌കൂളിന് സമീപത്തെ സ്‌കൂളുകളിലും ഹരിദേവന്‍ മാസ്റ്ററെന്ന കായികാധ്യാപകന്റെ പ്രവര്‍ത്തന മേഖലകളാണ്. പ്രദേശത്തെ എല്‍.പി, യു.പി, എച്ച്.എസ്, വി.എച്ച്. എസ്.ഇ, എച്ച്.എസ്.എസ് കുട്ടികള്‍ക്ക് രാവിലെ മുതല്‍ വൈകിട്ടുവരെ വിദ്യാലയത്തില്‍ കായിക പരിശീലനം നല്‍കി വരുന്നു. വര്‍ഷമുരളീധരന്‍, ജിഷ്ണു തുടങ്ങീ ദേശീയ താരങ്ങള്‍ ഇത്തരം പരിശീലനക്കളരിയില്‍നിന്നാണ് വളര്‍ന്നുവന്നത്. കൂടാതെ മേഘ, നികിതദാസ്, ഫുട്‌ബോള്‍ താരം അന്‍സില്‍ ഹംസ എന്നിവരും സംസ്ഥാന തലത്തില്‍ മികവു തെളിയിച്ചവരാണ്.
ഓരോരുത്തരുടേയും കഴിവുകള്‍ കണ്ടെത്തി അതില്‍ മതിയായ പരിശീലനം ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രമിക്കുന്നു. ഹൈജംപ് പരിശീലനം കാര്യക്ഷമമാക്കാന്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ മൂന്ന് ലക്ഷം രൂപ ബെഡിന് അനുവദിച്ചിട്ടുണ്ട്. പി.ടി.എ ഒരു ലോങ് ജംപ് പിറ്റ് നിര്‍മിച്ചിട്ടുണ്ട്. അക്കാമിക് രംഗത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി 3.38 കോടി ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി ഉടന്‍ തുടങ്ങും.
ജില്ലാ പഞ്ചായത്തിന്റെ മൂന്ന് നിലകളുള്ള ആറ് ക്ലാസ് മുറികളുടെ പണി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ദേശീയ താരങ്ങളെ വാര്‍ത്തെടുക്കുന്ന സംസ്ഥാനത്തെ മികച്ച കോച്ചുകളെ ആദരിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരത്തു വച്ച് ദ്രോണാചാര്യ തോമസ് മാഷില്‍ നിന്ന് ഹരിദേവന്‍ മാസ്റ്റര്‍ ഉപഹാരം ഏറ്റുവാങ്ങിയത് ഹരിദേവന്‍ മാസ്റ്റര്‍ക്കും പി.ടി.എ ഭാരവാഹികള്‍ക്കും വലിയ പ്രചോദനമാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."