ഒടുവില്‍ ലോകാരോഗ്യസംഘടനയും പറയുന്നു, മാസ്‌കണിയൂ
ജനീവ: സാമൂഹിക അകലം പാലിക്കുന്നത് പ്രയാസകരമായ ഇടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് അണിയണമെന്നും ഭരണകൂടങ്ങള്‍ അതിന് നിര്‍ബന്ധിക്കണമെന്നും ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ്. അതേസമയം മുഖാവരണം അണിഞ്ഞതുകൊണ്ട് മാത്രം ഫലമില്ലെന്നും ജനങ്ങള്‍ അനിവാര്യ ഘട്ടങ്ങളിലല്ലാതെ പുറത്തേക്ക് പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് പുറത്തുവന്ന് ആറുമാസത്തിനു ശേഷമാണ് ലോകാരോഗ്യസംഘടന മാസ്‌ക് അണിയാന്‍ നിര്‍ദേശിക്കുന്നത്. നേരത്തെ ആരോഗ്യമുള്ളവര്‍ മാസ്‌ക് അണിയണമെന്ന് നിര്‍ബന്ധിക്കാന്‍ മതിയായ തെളിവുകളില്ലെന്നായിരുന്നു സംഘടന വാദിച്ചിരുന്നത്. ഇതുപോലെ കൊവിഡിനെതിരേ ഫലപ്രദമെന്ന് കരുതുന്ന മലേറിയ മരുന്ന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നത് വിലക്കിയ ഡബ്ലിയു.എച്ച്.ഒ കഴിഞ്ഞ ദിവസം അത് കഴിക്കാവുന്നതാണെന്ന് തിരുത്തിപ്പറഞ്ഞിരുന്നു.
ത്രീലെയര്‍ മാസ്‌കാണ് ധരിക്കേണ്ടത്. അതിന്റെ അകത്തെ പാളി പരുത്തികൊണ്ടും മധ്യപാളി പോളിപ്രൊപ്പലിന്‍ കൊണ്ടും പുറംപാളി പോളിസ്‌റ്റെര്‍ കൊണ്ടുള്ളതുമായിരിക്കണം. മാസ്‌ക് ധരിക്കുന്നയാള്‍ക്ക് രോഗമുണ്ടാകുന്നില്ല എന്നതിനേക്കാള്‍ പ്രധാനമാണ് അയാളിലെ വൈറസ് മറ്റൊരാളിലേക്ക് എത്തില്ല എന്നതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.ലോകത്ത് 67 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. നാലു ലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."