യു.പിയില്‍ ബിരുദധാരികള്‍ തൊഴിലുറപ്പിന്
ലക്നൗ: കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യത്ത് വലിയതോതില്‍ ആളുകള്‍ക്കു ജോലി നഷ്ടപ്പെട്ടതായി കണക്ക്. ഇതോടെ, ബിരുദധാരികളടക്കം തൊഴിലുറപ്പ് ജോലിക്ക് ഇറങ്ങുന്നതായാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള വിവരം.
നിലവില്‍ രാജ്യത്താകെ 14 കോടിയോളം പേര്‍ക്കു മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളാണ്. ഇവരില്‍ ഓരോരുത്തര്‍ക്കും ഒരു വര്‍ഷം നൂറ് തൊഴില്‍ ദിനങ്ങള്‍ നല്കുകയാണെങ്കില് പോലും കേന്ദ്രസര്‍ക്കാരിന് 2.8 ലക്ഷം കോടി രൂപ ചെലവുവരും. ഈ സാഹചര്യവും കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രയാസവും മുന്നില്‍നില്‍ക്കേയാണ് കൂടുതല്‍ പേര് തൊഴിലുറപ്പിനായി അപേക്ഷിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ മാത്രം രാജ്യത്ത് പുതിയതായി 35 ലക്ഷത്തോളം പേര് തൊഴിലുറപ്പ് പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയതായാണ് വിവരം. ഇതുകൂടി ആകുമ്പോള്‍ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ തുക നീക്കിവയ്ക്കേണ്ടിവരും. പദ്ധതിക്കായി കൂടുതല്‍ തുക നീക്കിവയ്ക്കുമെന്ന് ധനമന്ത്രി നിര്‍മലാ സാതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം പുതിയ പദ്ധതികളൊന്നും ഇല്ലെന്നും ചെലവുചുരുക്കലാണെന്നും ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്.
ഉത്തര്‍പ്രദേശില്‍ ബിരുദ, ബിരുദാന്തര ബിരുദധാരികളടക്കം പുതുതായി തൊഴിലുറപ്പ് പദ്ധതിയിലേക്ക് അപേക്ഷിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരത്തില്‍ അപേക്ഷിച്ച നിരവധി വിദ്യാസമ്പന്നരുടെ പേരും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാരണം, ഉള്ള ജോലിയും പോയെന്നാണ് ഇവരൊക്കെ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."