റെയില്‍വേ സ്‌റ്റേഷനുകളില്‍ കര്‍ശന നിരീക്ഷണം; ചുമതല ഐ.ജിമാര്‍ക്ക്
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ട്രെയിന്‍ മാര്‍ഗം എത്തുന്നതിനാല്‍ കൊവിഡ് രോഗ വ്യാപനം തടയാന്‍ സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലെ പൊലിസ് സംവിധാനത്തിന്റെ ചുമതല ഐ.ജിമാര്‍ക്ക് നല്‍കി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷേയ്ക്ക് ദര്‍വേഷ് സാഹിബിനായിരിക്കും മേല്‍നോട്ടച്ചുമതല. ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളുടെ ചുമതല ക്രൈം ബ്രാഞ്ച് കോഴിക്കോട് ഐ.ജി ഇ.ജെ ജയരാജിനും ദക്ഷിണകേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളുടെ ചുമതല ട്രാഫിക് ഐ.ജി ജി. ലക്ഷ്മണനുമാണ്. കൂടാതെ പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളുടെ ചുമതല എസ്.പിമാരും എ.എസ്.പിമാരും നിര്‍വഹിക്കും.
കാസര്‍കോട്ട് (കാസര്‍ഗോഡ് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി), കണ്ണൂര്‍ (കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ എ.എസ്.പി), കാഞ്ഞങ്ങാട്ട് (എസ്.എം.എസ് വയനാട് എ.എസ്.പി), തിരൂര്‍ ജങ്ഷന്‍, ഷൊര്‍ണ്ണൂര്‍ (മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി), തൃശൂര്‍ (തൃശൂര്‍ ഡി.സി.ആര്‍.ബി എ.സി.പി), എറണാകുളം (എറണാകുളം ഡി.സി.ആര്‍.ബി എ.സി.പി), ആലപ്പുഴ (ആലപ്പുഴ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി), കോട്ടയം (കോട്ടയം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി), കൊല്ലം (കൊല്ലം ഡിവൈ.എസ്.പി), തിരുവനന്തപുരം (തിരുവനന്തപുരം ഡി.സി.ആര്‍.ബി എ.സി.പി).പ്രധാനപ്പെട്ട ട്രെയിനുകള്‍ എത്തുമ്പോള്‍ അതത് ജില്ലാ പൊലിസ് മേധാവിമാര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കും. റെയില്‍വേ സ്‌റ്റേഷനുകളുടെ പരിധിയിലുളള ലോക്കല്‍ പൊലിസ് സ്‌റ്റേഷനുകളും റെയില്‍വേ പൊലിസ് സ്‌റ്റേഷനുകളും ഈ സംവിധാനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."