രാഹുല്‍ മാത്രമാണ് മോദിക്കെതിരെ പ്രതികരിക്കുന്ന ഏക പ്രതിപക്ഷ നേതാവ്, എല്ലാവരുടേയും തലച്ചോറുകള്‍ സംഘ് ഭീകരരെ കുറിച്ചുള്ള ഭീതിയാല്‍ മരവിച്ചിരിക്കയാണ്- അരുന്ധതി റോയ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘ്ശക്തികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആക്ടിവിസ്റ്റും പ്രമുഖ എഴുത്തുകാരിയുമായ അരുന്ധതി റോയ്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മറക്കുന്നതിന് വേണ്ടി മോദി സര്‍ക്കാര്‍ വര്‍ഗ്ഗീയ പശ്ചാത്തലം ഉണ്ടാക്കുകയാണെന്ന് അരുന്ധതി റോയ്. സര്‍ക്കാരിന്റെ ഉദാസീനതയ്‌ക്കെതിരെ പ്രതികരിക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണെന്നും അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.
ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍, ചിന്തകന്‍ താരിഖ് അലി എന്നിവരുമായി നടത്തിയ വെര്‍ച്വല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി.
രാജ്യത്ത് സാമ്പത്തിക തകര്‍ച്ച അങ്ങേയറ്റത്താണ്. അതില്‍ നിന്ന് തിരിച്ചു വരുമെന്ന പ്രതീക്ഷയില്ല. ജനങ്ങളുടെ ശ്രദ്ധയെ വഴിതെറ്റിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വര്‍ഗ്ഗീയ അന്തരീക്ഷം രൂപപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
പലായനമാണ് നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ രണ്ട് കാര്യങ്ങളാണ് ചെയ്തത്. ദേശീയ വിഭവങ്ങളെ മുഴുവന്‍ സ്വകാര്യവത്കരിച്ചു. എല്ലാത്തിനെയും സ്വകാര്യവത്കരിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ വിദ്യാഭ്യാസത്തെയും സ്വകാര്യവത്കരിച്ചു. അതില്‍ നിന്ന് അരികുവത്കരിക്കപ്പെട്ടവരെ ഒഴിവാക്കി. ദലിതര്‍ അതിന് പുറത്താണ്. രാജ്യത്തെ നിരവധി യാളുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ല. ഇത് ഇരട്ടയടി കിട്ടുന്നത് പോലെയണ്'- അരുന്ധതി റോയ് തുറന്നടിച്ചു.
കഥ മുഴുവന്‍ മാറ്റി എഴുതുകയാണ് സര്‍ക്കാര്‍. രാജ്യത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും കൊവിഡ് പ്രതിസന്ധിയും ജനങ്ങള്‍ മറക്കാനായി ഹിന്ദു ദേശീയതയും മുസ്‌ലിം വിരുദ്ധത അഴിച്ചു വിടുന്നു.
ഈ വിദ്വേഷവും അവര്‍ വില്‍ക്കും. ശക്തരായ മധ്യവര്‍ഗവും മാധ്യമങ്ങളും മഹാനായി പ്രതിഷ്ഠിക്കുന്നതിനാല്‍ മോദിയ്ക്ക് എന്തും വില്‍ക്കാനാവും. കഷണ്ടിയുള്ള ഒരാള്‍ക്ക് ചീര്‍പ്പ് വരെ മോദി വില്‍ക്കും. വ്യവസായികള്‍ക്കിടയിലും മാധ്യമങ്ങള്‍ക്കിടയിലും ഒരു തരം ഭയം നിലനില്‍ക്കുന്നുവെന്നും അരുന്ധതി റോയ് പറഞ്ഞു.
രാജ്യത്ത് പ്രതിപക്ഷമില്ലേ എന്ന് താരിഖ് അലി അരുന്ധതി റോയോട് ചോദിച്ചു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന കേരളത്തെ പോലെ ചില സ്ഥലങ്ങളുണ്ട് ഇന്ത്യയിലെന്ന്ായിരുന്നു അവരുടെ പ്രതികരണം.
മോദിയെ നേരിടുന്ന ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ, അത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. എന്നാലും അദ്ദേഹം അത് ചെയ്യുന്നു. മറ്റുള്ളവരെല്ലാം സംസ്ഥാന പാര്‍ട്ടികളാണ്, അവര്‍ക്കെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ്. എന്താണതിന് കാരണമെന്ന് അറിയില്ല. എല്ലാവര്‍ക്കും പല തരത്തിലുള്ള കേസുകളുണ്ട്. അവരില്‍ ഓരോരുത്തരെയും പല തരത്തില്‍ നിശബ്ദരാക്കുകയോ അല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ട അവസ്ഥയോ ഉണ്ടാക്കിയിരിക്കുകയാണ്. എന്താണ് കാരണങ്ങളെന്ന് തനിക്കറിയില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.
രാഷ്ട്രീക്കാരനോ വ്യവസായിയോ ആരാകട്ടെ എല്ലാവരുടേയും തലച്ചേറുകള്‍ സംഘപരിവാര്‍ ഭീതിയില്‍ മരവിപ്പിച്ചിരിക്കുകയാണ്. അവര്‍ വായ തുറക്കുന്ന നിമിഷം അവര്‍ ക്രൂരമായി അക്രമിക്കപ്പെടുന്നു. ട്രോളിനിരയാവുന്നു. ഭീഷണിപ്പെടുത്തുന്നു. ഒട്ടും കാരുണ്യമില്ലാത്തതാണ് അക്രമങ്ങള്‍. അതിനാല്‍ അവിടെ ഭയങ്കര പേടിയാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ പെട്ടെന്ന് നടപ്പിലാക്കിയതിനേയും അവര്‍ വിമര്‍ശിച്ചു. മറ്റൊരു രാജ്യവും ഇത്തരത്തില്‍ ഒരു നടപടി കൈക്കൊണ്ടിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ജനുവരി 30ന് ആദ്യ കേസ്് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അന്ന് അവര്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെയും അതിന്റെ മറവില്‍ നവക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിം വംശീയ ഉന്മൂലനം നടത്തുന്നതിന്റെയും തിരക്കിലായിരുന്നു.
ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച സമയത്താണ് ഇത് (വൈറസ് റിപ്പോര്‍ട്ട് ചെയ്തത്) സംഭവിച്ചത്. വൈറസ് വ്യാപനം കണ്ട ഉടനെ വിമാനത്താവളങ്ങള്‍ അടക്കണമായിരുന്നു. നമസ്‌തെ ട്രംപില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് അമേരിക്കയില്‍ നിന്നെത്തിയത്. ലോക ആരോഗ്യ സംഘടന കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചിട്ടു പോലും ഇന്ത്യ ഒന്നും ചെയ്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."