ദുരഭിമാന വധശ്രമകേസിലെ പ്രതി അറസ്റ്റില്‍: വെട്ടിപ്പരുക്കേല്‍പ്പിച്ചത് പെണ്‍കുട്ടിയുടെ സഹോദരന്‍
കൊച്ചി: സഹോദരിയെ പ്രണയിച്ചതിന്റെ പേരില്‍ സുഹൃത്തിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച മൂവാറ്റുപുഴയിലെ ദുരഭിമാന വധശ്രമ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന്‍ അഖില്‍ ശിവനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ബേസില്‍ എല്‍ദോസാണ് (22) ആണ് അറസ്റ്റിലായത്. അഖില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
[caption id="attachment_859046" align="alignnone" width="275"] അഖില്‍[/caption]
എറണാകുളത്തു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് അഖില്‍.സംഭവം ദുരഭിമാന വധ ശ്രമമെന്നാണ് നിഗമനം. ദളിത് യുവാവും സുഹൃത്തുമായ അഖിലും സഹോദരിയും തമ്മിലുള്ള അടുപ്പത്തില്‍ സഹോദരനായ ബേസില്‍ എല്‍ദോസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് ഭാഷ്യം. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഒഴിഞ്ഞ കെട്ടിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ബേസില്‍. പ്രതിയെ മൂവാറ്റുപുഴ പൊലിസ് സ്റ്റേഷനിലെത്തിച്ചു.
ബേസില്‍ എല്‍ദോസിന്റെ സുഹൃത്തിനെ നേരത്തെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളാണ് ബൈക്ക് ഓടിച്ചത്. വധശ്രമവും പട്ടിക ജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തു.
ഇന്നലെ വൈകീട്ട് ആറിന് 130 കവലയ്ക്കു സമീപമാണു സംഭവം. സെമിത്തേരിക്കു സമീപത്തെ കടയില്‍ മുഖാവരണം വാങ്ങാനായി അരുണിനൊപ്പം ബൈക്കിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വിളിച്ചിറക്കി. മുന്‍ പരിചയമുള്ളതിനാല്‍ അടുത്തേക്ക് ചെന്നപ്പോള്‍ വടിവാളുകൊണ്ട് അഖിലിനെ ഇയാള്‍ വെട്ടുകയായിരുന്നു. പുതുപ്പാടിയിലെ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥികളായിരിക്കെ പ്രണയത്തിലായതാണ് അഖിലും പ്രതിയുടെ സഹോദരിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."