അഭിമന്യുവിന്റെ കൊലപാതകം: പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും
കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ എട്ടു പ്രതികള്‍ക്കുവേണ്ടി പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുക്കും. രണ്ടുപേര്‍ സംസ്ഥാനം വിട്ടുവെന്ന സൂചനയെത്തുടര്‍ന്നാണ് പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്.
15 പേര്‍ ഉള്‍പ്പെട്ട സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഇതില്‍ എട്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.
അതിനിടെ കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മഹാരാജാസ് കോളേജില്‍ പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ഫാറൂഖ്. ആലുവയിലെ സ്വകാര്യ കോളേജിലെ എം.ബി.എ വിദ്യാര്‍ഥിയാണ് ബിലാല്‍. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ 37കാരന്‍ റിയാസ് വിദ്യാര്‍ഥിയല്ല.
ഇവരെക്കൂടാതെ നാലുപേര്‍ പൊലിസിന്റെ കസ്റ്റഡിയിലുണ്ട്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ, ആസൂത്രണത്തില്‍ പങ്കാളിത്തമുള്ളവരാണോ തുടങ്ങിയകാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും രണ്ടാംവര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയുമായ മറയൂര്‍ വട്ടവട സ്വദേശി എം.അഭിമന്യു (20) കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശി അര്‍ജുന്‍ (19) അപകടനില തരണം ചെയ്തിട്ടില്ല. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇയാളെ ഇന്നലെ പുലര്‍ച്ചെ തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
കോളജ് മതിലിലെ ചുവരെഴുത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തിലെത്തിയത്. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന പോസ്റ്റര്‍ ഒട്ടിക്കാനും മറ്റുമായി ഇന്നലെ രാത്രി 12 ഓടെയാണ് അഭിമന്യുവിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിലെത്തിയത്. ഈ സമയം കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും പോസ്റ്റര്‍ പതിക്കാനെത്തി. ചുവരെഴുത്തുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."