കൊവിഡ് ചിറകൊടിച്ചു ഏപ്രിലില്‍ വിമാനം കയറിയത് 62,151 യാത്രക്കാര്‍ മാത്രം
കൊണ്ടോട്ടി: കൊവിഡ് തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമയാന പാതയില്‍ ഈ ഏപ്രിലില്‍ പറന്നത് 62,151 പേര് മാത്രം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി 2,66,99,557 യാത്രക്കാര്‍ സഞ്ചരിച്ച പാതയിലാണ് ഇപ്പോള്‍ അരലക്ഷത്തിന് മേല്‍ മാത്രം യാത്രക്കാര്‍ പറന്നത്. എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ ഏപ്രില്‍ മാസത്തിലെ വ്യോമയാന മേഖലയിലെ എയര്‍ട്രാഫിക് റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാരുടെ എണ്ണം, കാര്‍ഗോ കയറ്റുമതി, വിമാന സര്‍വിസുകളുടെ എണ്ണം തുടങ്ങിയവ സംബന്ധിച്ച് കഴിഞ്ഞ ഏപ്രില്‍ മാസത്തെ 2019 ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്താണ് എയര്‍പോര്‍ട്ട് അഥോറിറ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കൊവിഡ് മൂലം വ്യോമയാന പാതയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇക്കഴിഞ്ഞ ഏപ്രിലില്‍ ആകെ 51,277 യാത്രക്കാരാണ് അന്താരാഷ്ട്ര മേഖലയിലേക്ക് സഞ്ചരിച്ചത്.
എന്നാല്‍ 2019 ഏപ്രില്‍ മാസത്തില്‍ മാത്രം ഇന്ത്യയില്‍ അന്താരാഷ്ട്ര മേഖലയില്‍ 55,47,278 യാത്രക്കാര്‍ വിമാന യാത്രികരായി ഉണ്ടായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ ആദ്യത്തില്‍ ഇന്ത്യയില്‍ നിന്ന് വിദേശികളെ കൊണ്ടുപോകാന്‍ സര്വിസുകളെത്തിയതാണ് അരലക്ഷം പേര്‍ക്ക് സഞ്ചരിക്കാനായത്. യാത്രക്കാരില്‍ 19,514 പേരും സഞ്ചരിച്ചത് ദില്ലി വിമാനത്താവളത്തില്‍ നിന്നാണ്. 2019 ഏപ്രിലില്‍ 2,58,940 പേര് യാത്ര ചെയ്ത കരിപ്പൂരില്‍ നിന്ന് ഈ ഏപ്രിലില്‍ മൂന്ന് പേര് മാത്രമാണ് അന്താരാഷ്ട്ര യാത്രക്കാരായി ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് നിന്ന് 320 യാത്രക്കാരുണ്ടായി. 2019 ല്‍ ഇത് 2,02,778 ആയിരുന്നു. കൊച്ചിയില്‍ നിന്ന് ഇത്തണ 675 മാത്രമാണ് അന്താരാഷ്ട്ര യാത്രക്കാരുണ്ടായത്. എന്നാല്‍ 2019-ല്‍ 4,37,995 യാത്രക്കാരുണ്ടായിരുന്നു.
60,336 യാത്രക്കാരുണ്ടായ കണ്ണൂരില്‍ നിന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു യാത്രക്കാരനുമുണ്ടായില്ല. 2.11 കോടി ആഭ്യന്തര യാത്രക്കാരുണ്ടായ ഇന്ത്യയില്‍ 10,874 പേര് മാത്രമായി കഴിഞ്ഞ ഏപ്രിലില്‍ ചുരുങ്ങി. 46,705 പേരുണ്ടായിരുന്ന കരിപ്പൂരില്‍ നിന്ന് വെറും 126 പേര് മാത്രമാണ് വിമാന സഞ്ചാരികള്‍. തിരുവനന്തപുരത്ത് നിന്ന് നാലു പേരാണുണ്ടായത്. 1,31,312 പേരായിരുന്നു 2019ലുണ്ടായത്. കൊച്ചിയില്‍ നിന്ന് 157 പേരുണ്ടായിരുന്നു. എന്നാല്‍ 2019 ഏപ്രിലില്‍ 4,41,879 പേരാണ് വിമാനം കയറിയത്. ചരക്ക് നീക്കത്തില്‍ 82.9 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."