വന്ദേഭാരത് മിഷൻ; ഇന്നു മുതൽ കൂടുതൽ പ്രവാസികൾ നാട്ടിലെത്തും
ജിദ്ദ: കൊവിഡ് 19 തിനെ തുട൪ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. സഊദിയിൽനിന്നുള്ള ആദ്യവിമാനം നാളെ രാവിലെ 11.20ന് റിയാദിൽനിന്ന് കോഴിക്കോട്ടേക്ക് യാത്രയാകും. ദമാമിൽനിന്ന് നാളെ കോഴിക്കോട്ടേക്കും ജിദ്ദയിൽനിന്ന് നാളെ കൊച്ചിയിലേക്കും വിമാനം പറക്കും.
ഈ മാസം 11ന് ദമാമിൽനിന്ന് കൊച്ചി, റിയാദിയിൽനിന്ന് കണ്ണൂർ, ജിദ്ദയിൽനിന്ന് കോഴിക്കോട് വിമാനതാവളങ്ങളിലേക്കും വിമാനമുണ്ടാകും. 13ന് റിയാദിൽനിന്ന് തിരുവനന്തപുരത്തേക്കും ദമാമിൽനിന്ന് കോഴിക്കേട്ടേക്കുമാണ് വിമാനം. 14ന് റിയാദിൽനിന്ന് കൊച്ചിയിലേക്ക് വിമാനം പറക്കും.
അതേ സമയം ജിദ്ദയിൽ ടിക്കറ്റ് വിതരണത്തിന് എയർ ഇന്ത്യ ഓഫീസിന് മുന്നിലെ ജനത്തിരക്ക് കുറക്കാൻ ജിദ്ദ കോൺസുലേറ്റ് നടത്തിയത് പ്രവർത്തപ്രവർത്തനം മാതൃകയായി. ഓരോ ഏരിയയിലെയും സാമൂഹിക പ്രവർത്തകരെ രംഗത്തിറക്കിയാണ് ടിക്കറ്റ് പ്രശ്‌നം കോൺസുലേറ്റ് പരിഹരിച്ചത്. നാട്ടിൽ പോകാൻ അവസരം ലഭിച്ചവരെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ച് അറിയിക്കുമ്പോൾ തന്നെ അവർക്ക് പ്രത്യേക കോഡ് നൽകും. ശേഷം അതത് ഏരിയയിലെ എംബസിയിൽ രജിസ്റ്റർ ചെയ്ത സാമൂഹിക പ്രവർത്തകന്റെ പേരുവിവരങ്ങളും നൽകും.
ഈ സാമൂഹിക പ്രവർത്തകനെ ബന്ധപ്പെട്ട് പാസ്‌പോർട്ട് കോപ്പിയും ടിക്കറ്റ് ചാർജും നൽകാൻ ആവശ്യപ്പെടും. ഓരോ യാത്രക്കാരന്റെയും കോഡ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ സാമൂഹിക പ്രവർത്തകർക്കും നൽകും. അവർ രേഖകൾ എയർ ഇന്ത്യ ഓഫീസിൽ സമർപ്പിച്ച് പണമടച്ച് അതത് യാത്രക്കാർക്ക് ടിക്കറ്റ് കൈമാറും. ഇതോടെ യാത്രക്കാർക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങേണ്ട ആവശ്യമില്ല. ടിക്കറ്റ് അവരുടെ വീടുകളിലെത്തും. ഇന്നലെ മുതലാണ് ജിദ്ദ കോൺസുലേറ്റ് ഈ പദ്ധതി നടപ്പാക്കിയത്. ഇതോടെ എയർ ഇന്ത്യ ഓഫീസിനു മുന്നിൽ ആളനക്കം തന്നെ കുറഞ്ഞ അവസ്ഥയായി. യാത്രക്കാരും കോൺസുലേറ്റ് ഉദ്യോഗസ്ഥരും എയർ ഇന്ത്യ ഉദ്യോഗസ്ഥരും സംതൃപ്തരാണ്.
അതിനിടെ വന്ദേ ഭാരത് മിഷൻ വിമാന സർവീസുകൾക്ക് നിരക്ക് ഇരട്ടിയാക്കിയതിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്. സഊദിയിൽ കുടുങ്ങിയ പ്രവാസികളെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ വിമാന നിരക്ക് ഇരട്ടിയോളം വർദ്ധിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിലായവരെ നാട്ടിലെത്തിക്കാനായി ഏർപ്പെടുത്തിയ വിമാന സർവീസാണ് പ്രവാസികൾക്കിപ്പോൾ തിരിച്ചടിയാകുന്നത്. ഒരുമാസം പിന്നിട്ടിട്ടും മിഷന്‍റെ ഭാഗമായി കൂടുതൽ വിമാനങ്ങൾ എത്തിയത് കേരളത്തിലേക്ക് ആണെങ്കിലും രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളിൽ പത്ത് ശതമാനത്തെ പോലും നാട്ടിലെത്തിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. അതിനിടെ, നിരക്ക് കൂട്ടിയും, ചാർട്ടർ വിമാനങ്ങൾ അനുവദിച്ചും സർക്കാർ ദൗത്യത്തിൽ നിന്ന് പിൻമാറുന്നത്.
മൂന്ന് ഘട്ടങ്ങളിലായി 133 വിമാനങ്ങളിൽ ഏകദേശം 22,483 പേരെ മാത്രമാണ് ഏറ്റവും കൂടുതൽ പ്രവാസികളുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരുമാസത്തിനിടെ കേരളത്തിലെത്തിച്ചത്. നോർക്കയിൽ രജിസ്റ്റർ ചെയ്ത നാല് ലക്ഷത്തോളം ഗൾഫ് പ്രവാസികളിൽ ആറ് ശതമാനം പോലും നാട്ടിലെത്തിയിട്ടില്ല.നിലവിലെ നിരക്ക് പോലും താങ്ങാൻ കഴിയാതെ ആയിരങ്ങൾ ലേബർക്യാമ്പുകളിലും മറ്റും നരകിക്കുമ്പോഴാണ് ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."