ബി.ജെ.പിയുടെ എതിര്‍പ്പ് മാറിയില്ല; തുഷാറിന് കാര്യങ്ങള്‍ എളുപ്പമാവില്ല
തൃശൂര്‍: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചെങ്കിലും ബി.ജെ.പി ജില്ലാ നേതൃത്വത്തെ അനുനയിപ്പിക്കുക ബി.ഡി.ജെ.എസിന് എളുപ്പമാകില്ല. സീറ്റ് മറ്റൊരു ഘടകകക്ഷിക്ക് വിട്ടുനല്‍കുന്നതില്‍ തുടക്കം മുതല്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്ന ബി.ജെ.പി ജില്ലാ കമ്മിറ്റി മുന്നണിയുടെ സ്ഥാനാര്‍ഥി വൈകിയതില്‍ കടുത്ത അതൃപ്തിയിലാണ്.
രാജ്യസഭാ സീറ്റുള്‍പ്പെടെയുള്ള ഉപാധികള്‍ക്ക് വഴങ്ങി തുഷാറിനെ സ്ഥാനാര്‍ഥിയാക്കിയതിലും ജില്ലാ നേതൃത്വത്തിന് എതിര്‍പ്പുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നലെയുമുണ്ടായില്ലെങ്കില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാനായിരുന്നു ചില നേതാക്കളുടെ തീരുമാനം. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ച് മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകളും ഈ നീക്കത്തിന്റെ മുന്നോടിയായിരുന്നു.
ഇതിനിടയിലാണ് തുഷാര്‍ തന്നെ സ്വന്തം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഇതോടെ അനിശ്ചിതത്വം നീങ്ങിയെങ്കിലും തുഷാറിന് മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമാവില്ല. തുഷാറിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കായ ഈഴവ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ബി.ഡി.ജെ.എസിന് കഴിയുമെങ്കിലും മുന്നോക്ക സമുദായ വോട്ട് കാര്യമായി കുറയും.
കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിലധികം വോട്ടാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിക്കു ലഭിച്ചത്. മണ്ഡലത്തില്‍ എന്‍.എസ്.എസ് വോട്ട് നിര്‍ണായകമാണ്. ബി.ജെ.പിക്ക് ലഭിച്ചിരുന്ന വോട്ടില്‍ നല്ലൊരു പങ്ക് നായര്‍ സമുദായത്തില്‍ നിന്നായിരുന്നു. എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് തുഷാര്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ഈ വോട്ടില്‍ കാര്യമായ കുറവുണ്ടാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി ജില്ലാ നേതൃത്വം നേരത്തേതന്നെ സംസ്ഥാന കമ്മിറ്റിക്ക് കത്ത് അയച്ചിട്ടുണ്ട്. മാത്രമല്ല, ശബരിമല സമരമുള്‍പ്പെടെയുള്ള വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി ബി.ജെ.പിയെപ്പോലെ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ ബി.ഡി.ജെ.എസിനു കഴിയില്ല. നഗരത്തിന്റെ പല ഭാഗത്തും താമര ചിഹ്നത്തില്‍ വോട്ട് ചോദിച്ചുള്ള ചുമരെഴുത്തുകള്‍ തുഷാറിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷവും മാറ്റമില്ലാതെ തുടരുകയാണ്. കാലുവാരലുള്‍പ്പെടെയുള്ള എന്തൊക്കെ പ്രതിബന്ധങ്ങളാണ് തുഷാറിനായി മണ്ഡലം കരുതിവച്ചിരിക്കുന്നതെന്ന് കാത്തിരുന്നു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."