24 മണിക്കൂറും കര്‍മനിരതരായി ഇലക്ഷന്‍ സെല്ലിലെ ജീവനക്കാര്‍
കോഴിക്കോട്: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സുഗമവും സുതാര്യവുമാവാന്‍ 24 മണിക്കൂറും മാതൃകാ പ്രവര്‍ത്തനം കാഴ്ചവച്ച് ഇലക്ഷന്‍ സെല്ലിലെ ജീവനക്കാര്‍. പ്രഖ്യാപനം വന്ന ദിവസം മുതല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍. സിവില്‍ സ്റ്റേഷനിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിലാണ് സെല്‍ സജ്ജീകരിച്ചിരിക്കുന്നത്.
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും സെല്ലിന്റെ ഭാഗമായുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് ശ്രദ്ധയില്‍ പെടുന്ന പരാതികളും 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം. കൃത്യമായ മറുപടികളും പരിഹാരങ്ങളും ഉറപ്പുവരുത്താന്‍ ഹെല്‍പ് ലൈന്‍ പൂര്‍ണ സജ്ജമാണ്. ഇ-പോസ്റ്റിങ്, വിവരശേഖരണം, ഡാറ്റാ എന്‍ട്രി, സിവിജില്‍ മോണിറ്ററിങ്, കമാന്റ് ആന്‍ഡ് കണ്‍ട്രോളിങ് സെല്‍, ഏകോപനം, ഓണ്‍ലൈനായി ലഭിക്കുന്ന പരാതികളുടെ പരിശോധന തുടങ്ങിയവയാണ് സെല്ലിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളുമായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ജയപ്രകാശനും ഒപ്പമുണ്ട്. പെരുമാറ്റച്ചട്ട ലംഘനവും തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണ ലംഘനങ്ങളും തെളിവു സഹിതം ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയുന്ന സിവിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാനും സെല്ലിന് സാധിക്കുന്നു.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കാന്‍ 140 ഓളം സ്‌ക്വാഡുകളെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുമുണ്ട്. പരാതിയില്‍ 100 മിനിട്ടുകള്‍ക്കകം നടപടി സ്വീകരിക്കുന്നതിനുള്ള സംവിധാനം സജ്ജമായിട്ടുണ്ട്. താമരശ്ശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലെ ഇലക്ഷന്‍ സെല്ലുകളും തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മുഴുവന്‍ സമയവും കര്‍മ്മനിരതമാണ്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."