തിക്കോടി പഞ്ചായത്തില്‍ യു.ഡി.എഫിന് തിരിച്ചടി: പിരിച്ചുവിട്ട ജീവനക്കാരി
പയ്യോളി: തിക്കോടി പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിട്ട കരാര്‍ ജീവനക്കാരി രണ്ടു ദിവസത്തിനകം കോടതി വിധിയിലൂടെ ഓഫിസില്‍ തിരിച്ചെത്തി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഡാറ്റാ എന്‍ട്രി ജീവനക്കാരിയായ എം.പി ഷീബയാണ് പിരിച്ചുവിടലിനു ശേഷം പെട്ടെന്ന് തന്നെ ജോലിയില്‍ തിരിച്ചെത്തിയത്. 11 വര്‍ഷമായി ജോലി ചെയ്തുവരുന്ന ഷീബയുടെ കരാര്‍ കാലാവധി പുതുക്കേണ്ടതില്ലെന്ന് മെയ് 30നു ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
കരാര്‍ പുതുക്കുന്നതിനെ യു.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തതോടെയാണ് ഷീബയെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിലെ അഞ്ച് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. സ്വതന്ത്ര അംഗം ടി. ഖാലിദ് പിരിച്ചുവിടുന്നതില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. നേരത്തെ ജെ.ഡി.യു.വിലുണ്ടായിരുന്ന ആറാം വാര്‍ഡ് അംഗം കെ.കെ ബിന്ദു യു.ഡി.എഫ് അംഗങ്ങളോടൊപ്പം നിന്നു. ദീര്‍ഘകാലമായി ജോലി ചെയ്തുവരുന്ന ജീവനക്കാരിയെ കാരണം കൂടാതെ പിരിച്ചുവിടുന്ന നീക്കത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാനുഷിക പരിഗണന നല്‍കി ജീവനക്കാരിയുടെ കരാര്‍ കാലാവധി പുതുക്കി നല്‍കണമെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ മാസ്റ്റര്‍ അടക്കമുള്ള മുസ്‌ലിം ലീഗ് അംഗങ്ങളുടെ നിലപാടെങ്കിലും നേതൃത്വം ശക്തമായി ഇടപെട്ട് നിര്‍ദേശം നല്‍കി.
അതേസമയം ഷീബയുടെ കരാര്‍ കാലാവധി പുതുക്കേണ്ടതില്ലെന്ന് ഭരണസമിതി തീരുമാനിച്ച് പിരിഞ്ഞ ഉടനെ സി. ഹനീഫ മാസ്റ്റര്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങിയിരുന്നു. തിക്കോടി പഞ്ചായത്തില്‍ ആദ്യമായാണ് ജീവനക്കാരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഇത്രയേറെ വിവാദങ്ങള്‍ ഉയര്‍ന്നത്. കരാര്‍ കാലാവധി പുതുക്കേണ്ടതില്ലെന്ന നിലപാടെടുത്ത യു.ഡി.എഫിന് ഷീബയുടെ കോടതിയിലൂടെയുള്ള തിരിച്ചുവരവ് വലിയ തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."