യു.കെ- കേരള വിമാന സര്‍വിസ്: കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: യു.കെയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വിസ് ആരംഭിക്കുന്ന കാര്യത്തില്‍ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. നാട്ടിലേക്ക് മടങ്ങിയവരുടെയും വിദേശത്ത് എത്തിയവരുടെയും വിസാ കാലാവധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. നോര്‍ക്ക വഴിയുള്ള സഹായങ്ങളും ലഭ്യമാക്കും. ബ്രിട്ടനിലെ മലയാളി കൂട്ടായ്മകളുടെ പ്രതിനിധികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് നഴ്‌സുമാരെ നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലുമായി പതിനായിരക്കണക്കിന് നഴ്‌സുമാരുടെ ഒഴിവ് വരുന്നുണ്ട്. ഈ മേഖലയിലേക്കും നോര്‍ക്കയുടെ സഹായത്തോടെ റിക്രൂട്ട്‌മെന്റിന് നടപടി സ്വീകരിക്കും. നഴ്‌സ് റിക്രൂട്ട്‌മെന്റില്‍ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കും. കേരള വികസനത്തില്‍ പ്രവാസികളുടെ പങ്ക് അമൂല്യമാണ്. ആ സഹകരണം തുടര്‍ന്നും ഉണ്ടാകണം. വിദേശ സംരംഭകര്‍ക്കും പ്രവാസി മലയാളികള്‍ക്കും കേരളത്തില്‍ നിക്ഷേപത്തിന് ഏറ്റവും നല്ല അവസരമാണിതെന്നും മന്ത്രി പറഞ്ഞു.
ബ്രിട്ടനിലെ മലയാളികളുടെ പൂര്‍ണ പിന്തുണ കേരള സര്‍ക്കാരിന് ഉണ്ടാകുമെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പ്രവാസികള്‍ പറഞ്ഞു. തോമസ് ജോണ്‍ വാരിക്കാട്ട്, ടോം ജേക്കബ്, റെനി മാത്യു, സ്വപ്ന പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."